ഗസയില്‍ വെടിനിര്‍ത്തല്‍

അവസാന നിമിഷം വരെ ഇസ്രായേല്‍ വ്യോമാക്രമണങ്ങളും ഫലസ്തീന്റെ പ്രത്യാക്രമണങ്ങളും ഉണ്ടായിട്ടും ഞായറാഴ്ച പ്രാദേശിക സമയം രാത്രി 11:30ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നു.

Update: 2022-08-08 06:39 GMT

ഗസാ സിറ്റി: 15 കുരുന്നുകള്‍ ഉള്‍പ്പെടെ 44 ഫലസ്തീനികളുടെ മരണത്തിനിടയാക്കിയ ഗസയിലെ മൂന്ന് ദിവസം നീണ്ട ഇസ്രായേല്‍ വ്യോമാക്രമണം അവസാനിപ്പിക്കുമെന്ന പ്രതീക്ഷ ഉയര്‍ത്തി ഇസ്രായേലും ഫലസ്തീന്‍ പോരാട്ട സംഘടനയായ ഇസ് ലാമിക് ജിഹാദും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.

അവസാന നിമിഷം വരെ ഇസ്രായേല്‍ വ്യോമാക്രമണങ്ങളും ഫലസ്തീന്റെ പ്രത്യാക്രമണങ്ങളും ഉണ്ടായിട്ടും ഞായറാഴ്ച പ്രാദേശിക സമയം രാത്രി 11:30ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. പോരാട്ടം അവസാനിപ്പിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചെങ്കിലും, ഏത് അക്രമത്തിനും ശക്തമായി തിരിച്ചടി നല്‍കുമെന്ന് പരസ്പരം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വെടിനിര്‍ത്തല്‍ തുടരുകയാണെന്ന് ഗാസ സിറ്റിയില്‍ നിന്ന് അല്‍ ജസീറയുടെ സഫ്‌വത് അല്‍കഹ്‌ലൂത്ത് റിപോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക സര്‍ക്കാര്‍ ഓഫിസുകള്‍ പൊതുജനങ്ങള്‍ക്കായി വീണ്ടും തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വകലാശാലകളും പ്രവര്‍ത്തനമാരംഭിക്കുന്നതായി അറിയിച്ചിട്ടുണ്ട്. ഗസ മുനിസിപ്പാലിറ്റിയും മറ്റ് മുനിസിപ്പാലിറ്റികളും തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും നാശത്തിന്റെ വ്യാപ്തി വിലയിരുത്തുന്നതിനുമായി തങ്ങളുടെ ഉപകരണങ്ങള്‍ അയയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച മുതല്‍, ഇസ്രായേല്‍ ഗസയിലുടനീളം കനത്ത ബോംബാക്രമണമാണ് നടത്തിയത്. കെട്ടിടങ്ങള്‍ തകര്‍ക്കുകയും അഭയാര്‍ത്ഥി ക്യാമ്പുകള്‍ ആക്രമിക്കുകയും ചെയ്തു. ഇസ്ലാമിക് ജിഹാദിലെ മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്റെ ഭാഷ്യം. എന്നാല്‍ പലസ്തീന്‍ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍, മരിച്ച 44 പേരില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്.350 പലസ്തീന്‍ പൗരന്മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.ഇസ്രയേലിലേക്ക് നൂറുകണക്കിന് റോക്കറ്റുകള്‍ തൊടുത്തുവിട്ടുകൊണ്ട് ഇസ്ലാമിക് ജിഹാദ് ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും മിക്കതും ഇസ്രായേല്‍ മിസൈല്‍ പ്രതിരോധസംവിധാനം ഉപയോഗിച്ച് തടയുകയോ തകര്‍ക്കുകയോ ചെയ്തു.

ഇസ്രായേലിലെ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും 31 പേര്‍ക്ക് നിസാര പരിക്കേറ്റതായും ഇസ്രായേല്‍ എമര്‍ജന്‍സി സര്‍വീസസ് അറിയിച്ചു.കഴിഞ്ഞ വര്‍ഷം 11 ദിവസത്തെ യുദ്ധത്തിന് ശേഷം ഗാസയിലെ ഏറ്റവും മോശമായ പോരാട്ടമായിരുന്നു ഇത്.

തടവുകാരുടെ മോചനം

യുഎന്നിന്റേയും ഖത്തറിന്റെയും സഹായത്തോടെ ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് ഞായറാഴ്ചത്തെ വെടിനിര്‍ത്തല്‍. ഇസ്രയേലിന്റെ കസ്റ്റഡിയിലെടുത്ത ഗ്രൂപ്പിന്റെ രണ്ടു നേതാക്കളെ മോചിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്ന ഈജിപ്ഷ്യന്‍ ഉറപ്പാണ് പ്രധാന കരാറുകളിലൊന്നെന്ന് ഇസ്ലാമിക് ജിഹാദിന്റെ സെക്രട്ടറി ജനറല്‍ സിയാദ് അല്‍നഖല പറഞ്ഞു.

എല്ലാ ഫലസ്തീനികളെ ഒന്നിപ്പിക്കുക. രണ്ടാമതായി, നിരാഹാര സമരം നടത്തുന്ന ഞങ്ങളുടെ സഹോദരന്‍ ഖലീല്‍ അവൗദയെയും മൂന്നാമത്തേത് ഷെയ്ഖ് ബാസെം അല്‍ സാദിയെയും മോചിപ്പിക്കണമെന്നും തങ്ങള്‍ ശത്രുക്കളോട് ആവശ്യപ്പെടുന്നു-'അല്‍നഖല ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അവൗദയെ മോചിപ്പിക്കാനും ചികിത്സയ്ക്കായി മാറ്റാനും ശ്രമിക്കുന്നുണ്ടെന്നും അല്‍സാദിയുടെ മോചനത്തിനായി 'എത്രയും വേഗം' പ്രവര്‍ത്തിക്കുകയാണെന്നും ഈജിപ്ത് പ്രസ്താവനയിറക്കി.

Tags:    

Similar News