ഇന്ദിരാ ജെയ്‌സിങിന്റെ വീട്ടിലും ഓഫിസിലും സിബിഐ റെയ്ഡ്

പുലര്‍ച്ചെ അഞ്ചുമുതലാണ് പരിശോധന തുടങ്ങിയത്

Update: 2019-07-11 05:25 GMT

ന്യൂഡല്‍ഹി: സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങിന്റെ വീട്ടിലും ഓഫിസിലും സിബിഐ റെയ്ഡ്. ഇന്ദിരാ ജെയ്‌സിങും ഭര്‍ത്താവും ലോയേഴ്‌സ് കലക്റ്റീവ് പ്രസിഡന്റുമായ അഡ്വ. ആനന്ദ് ഗ്രോവറും ഉള്‍പ്പെടെയുള്ളവര്‍ വിദേശ സംഭാവന ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫിസുകളില്‍ റെയ്ഡ് നടത്തിയത്. ഡല്‍ഹിയിലെ എ-54 നിസാമുദീന്‍ ഈസ്റ്റ്, സി-65 നിസാമുദീന്‍ ഈസ്റ്റ് എന്നിവടങ്ങളില്‍ സിബിഐ റെയ്ഡ് തുടരുകയാണ്. പുലര്‍ച്ചെ അഞ്ചുമുതലാണ് പരിശോധന തുടങ്ങിയത്. ഇന്ദിരാ ജെയ്‌സിങിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സന്നദ്ധ സംഘടനയായ ലോയേഴ്‌സ് കലക്റ്റീവിനെതിരേ സിബിഐ നേരത്തേ കേസെടുത്തിരുന്നു. അനധികൃതമായി വിദേശ സംഭാവന സ്വീകരിച്ചെന്നും ഇതുപയോഗിച്ച് ഇന്ദിരയും ഭര്‍ത്താവ് ആനന്ദ് ഗ്രോവറും വിമാന യാത്രകളും പ്രതിഷേധ പരിപാടികളും നടത്തുകയും എംപിമാര്‍ക്ക് വക്കാലത്ത് നടത്തുകയും ചെയ്‌തെന്നാണ് സിബിഐ ആരോപണം.

    നേരത്തേ, അമിത് ഷാ ഉള്‍പ്പെടെയുള്ള ബിജെപിയുടെ ഉന്നത നേതാക്കള്‍ക്കും നരേന്ദ്രമോദി സര്‍ക്കാരിനുമെതിരായ കേസുകളില്‍ ലോയേഴ്‌സ് കലക്റ്റീവ് നിയമസഹായം നല്‍കിയിരുന്നു. ഇതാണ് പ്രതികാര നടപടിക്കു കാരണമെന്നാണു ലോയേഴ്‌സ് കലക്റ്റീവ് ആരോപിച്ചു. 2016ല്‍ ലോയേഴ്‌സ് കലക്റ്റീവ് വിവിധ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ആഭ്യന്തര മന്ത്രാലയം പരിശോധന നടത്തുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. മറുപടി നല്‍കിയിരുന്നെങ്കിലും തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി സംഘടനയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയായിരുന്നു. ലോയേഴ്‌സ് കലക്റ്റീവിന് 2006 മുതല്‍ 2015 വരെ 32.39 കോടി രൂപ വിദേശ വരുമാനം ലഭിച്ചെന്നാണ് ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നത്.



Tags:    

Similar News