‍ജാതി സംവരണം ഇല്ലാതായേക്കുമെന്ന് സുപ്രിംകോടതി; പാര്‍ലമെന്റിന് തീരുമാനിക്കാം

ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, എസ് അബ്ദുൾ നസീർ, ഹേമന്ത് ഗുപ്ത, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്.

Update: 2021-03-26 09:02 GMT

ന്യൂഡൽഹി: രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്ന് സുപ്രിംകോടതി പരാമര്‍ശം. സാമ്പത്തിക സംവരണമായിരിക്കും നിലനിൽക്കുക എന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്‍റാണെന്നും സുപ്രിംകോടതി പരാമര്‍ശിച്ചു. മറാത്ത സംവരണ നിയമം ചോദ്യം ചെയ്തുള്ള ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ജാതി സംവരണ ഇല്ലാതായേക്കാമെന്ന സുപ്രിംകോടതി പരാമര്‍ശം.

സാമ്പത്തിക സംവരണമാകും നിലനിൽക്കുക. അത് അടിസ്ഥാനപരവും നയപരവുമായ കാര്യമായതിനാൽ പാര്‍ലമെന്‍റാണ് തീരുമാനം എടുക്കേണ്ടതെന്ന് കോടതി പറഞ്ഞു. പരിഷ്കൃത സമൂഹത്തിൽ ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തേക്കാൾ സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണം എന്ന വാദങ്ങൾ സ്വീകരിക്കാവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, എസ് അബ്ദുൾ നസീർ, ഹേമന്ത് ഗുപ്ത, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്. സംവരണത്തിന് പരിധിയില്ലെന്ന കാര്യം സമത്വം എന്ന ആശയത്തിന് എന്ത് സംഭവിക്കും എന്ന് അറിയേണ്ടതുണ്ട്. സംവരണം കാരണമുണ്ടാകുന്ന അസമത്വം നിങ്ങൾ എത്ര തലമുറകൾ തുടരുമെന്ന് കോടതി ചോദിച്ചു.

സംവരണ പരിധി മറികടന്നുള്ള മറാത്ത സംവരണം ചോദ്യം ചെയ്തുള്ള ഹരജിയിൽ 1992 ലെ മണ്ഡൽ കമ്മീഷൻ വിധി പുനപരിശോധിക്കണോ എന്നതിൽ സുപ്രിംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം പൂര്‍ത്തിയാക്കി. സംവരണ പരിധി 50 ശതമാനം കടക്കാൻ പാടില്ലെന്നാണ് ഇന്ദിരാ സാഹിനി കേസിലെ വിധി. ആ തീരുമാനം പുനപരിശോധിക്കണമെന്നായിരുന്നു കേരളമടക്കമുള്ള നിരവധി സംസ്ഥാനങ്ങളുടെ വാദം.

ഇന്ദിരാ സാഹിനി കേസിൽ സാമൂഹിക പിന്നാക്കാവസ്ഥ മാത്രമായിരുന്നു പരിഗണിച്ചിരുന്നത്. സാമ്പത്തിക പിന്നാക്കാവസ്ഥ കൂടി പരിഗണിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നു. സംവരണം തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരുകൾക്ക് ഭരണഘടനയുടെ പതിനഞ്ച്, പതിനാറ് അനുഛേദങ്ങൾ പ്രകാരം സംസ്ഥാനങ്ങൾക്കുള്ള അധികാരത്തിലുള്ള കടന്നുകയറ്റമാണ് 102-ാം ഭരണഘടന ഭേദഗതിയെന്ന് മഹാരാഷ്ട്ര സര്‍ക്കാരും വാദിച്ചു.