മധ്യപ്രദേശില്‍ ബസ് നര്‍മദ നദിയിലേക്ക് മറിഞ്ഞ് 13 മരണം

Update: 2022-07-18 08:44 GMT

ഭോപാല്‍: മധ്യപ്രദേശ് ധാര്‍ ജില്ലയിലെ ഖല്‍ഘട്ട് സഞ്ജയ് സേതുവില്‍ പാലത്തില്‍ നിന്ന് ബസ് നദിയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു. 12 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 15 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 40 ഓളം ആളുകളുണ്ടായിരുന്ന ബസ്സിലെ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഇന്‍ഡോറില്‍ നിന്ന് പൂനെയിലേക്ക് വരികയായിരുന്ന മഹാരാഷ്ട ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ റോഡ്‌വേയ്‌സ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

നിയന്ത്രണം വിട്ട ബസ് ഖല്‍ഗാട്ടിലുള്ള പാലത്തിന്റെ കൈവരി തകര്‍ത്ത് നര്‍മദ നദിയില്‍ പതിക്കുകയായിരുന്നു. 100 അടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. സംസ്ഥാന ദുരന്തനിവാരണ സേനയും നാട്ടുകാരും ചേര്‍ന്നാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അപകടത്തില്‍പ്പെട്ട ബസ് നദിയില്‍ നിന്ന് പുറത്തെടുത്തു. ബസ്സില്‍ 40 ഓളം പേരുണ്ടായിരുന്നുവെന്നും ഇതുവരെ 13 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര സ്ഥിരീകരിച്ചു.

സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അനുശോചിച്ചു. പരിക്കേറ്റവര്‍ക്ക് അടിയന്തര സഹായം നല്‍കണമെന്ന് മുഖ്യമന്ത്രി ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാഭരണകൂടത്തിന്റെ ഒരുസംഘം അപകടസ്ഥലത്തുണ്ട്. ബസ് നീക്കം ചെയ്തിട്ടുണ്ട്. ധാര്‍ ജില്ലാ ഭരണകൂടവും ഖാര്‍ഗോണുമായി താന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. പരിക്കേറ്റവര്‍ക്ക് കൃത്യമായ ചികില്‍സ നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്- ശിവരാജ് സിങ് ട്വീറ്റ് ചെയ്തു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ ഫോണില്‍ വിളിച്ച് അപകടസ്ഥലത്തെ നിലവിലെ സ്ഥിതിഗതികള്‍ അറിയിച്ചു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി. മധ്യപ്രദേശിലെ ധാറിലുണ്ടായ ബസ് ദുരന്തം ദു:ഖകരമാണ്. എന്റെ ചിന്തകള്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്, പ്രാദേശിക അധികാരികള്‍ ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ട്- അദ്ദേഹം ട്വീറ്റ് ചെയ്തു.

Tags:    

Similar News