ബ്രാഹ്മണര്‍ ജന്മംകൊണ്ട് തന്നെ ആദരവ് നേടുന്നവര്‍; ജാതി പരാമര്‍ശവുമായി സ്പീക്കര്‍ ഓം ബിര്‍ള

ഓം ബിര്‍ള സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കണമെന്ന് ഗുജറാത്ത് എംഎല്‍എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനി ആവശ്യപ്പെട്ടു

Update: 2019-09-11 06:24 GMT

ന്യൂഡല്‍ഹി: ജന്മം കൊണ്ടുതന്നെ ആദരവ് നേടുന്നവരാണ് ബ്രാഹ്മണരെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. രാജസ്ഥാനിലെ കോട്ടയില്‍ നടന്ന അഖില ബ്രാഹ്മണ മഹാസഭയുടെ യോഗത്തില്‍ പങ്കെടുത്ത ചിത്രങ്ങള്‍ക്കൊപ്പം ട്വിറ്ററില്‍ ചേര്‍ത്ത അടിക്കുറിപ്പിലാണ് സവര്‍ണസ്തുതിയടങ്ങുന്ന ജാതിപരാമര്‍ശവുമായി ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ള രംഗത്തെത്തിയത്. സമര്‍പ്പണബോധത്തിനും ത്യാഗസന്നദ്ധതയ്ക്കും ഒപ്പം മറ്റ് സമുദായങ്ങള്‍ക്ക് വഴികാട്ടികളുമാണ് ബ്രാഹ്മണരെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കുന്നു. ബ്രാഹ്മണ സമുദായം എന്നും

   


    സമൂഹത്തെ മുന്നില്‍ നിന്ന് നയിക്കുന്നവരാണ്. അവര്‍ക്ക് സമൂഹത്തില്‍ എല്ലായ്‌പ്പോഴും ഉയര്‍ന്ന പദവിയുണ്ട്. അവരുടെ ത്യാഗത്തിനും അര്‍പ്പണബോധത്തിനും ലഭിക്കുന്ന ഫലമാണിതെന്നും ഓം ബിര്‍ള വ്യക്തമാക്കുന്നു.ലോക്‌സഭാ സ്പീക്കറെ പോലുള്ള സ്ഥാനത്തിരുന്ന് ഒരു പ്രത്യേക സമുദായത്തെ പുകഴ്ത്തുന്ന പ്രസ്താവന പുറപ്പെടുവിച്ച ഓം ബിര്‍ളയുടെ നടപടിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഓം ബിര്‍ള സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കണമെന്ന് ഗുജറാത്ത് എംഎല്‍എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനി ആവശ്യപ്പെട്ടു. ജാതിവ്യവസ്ഥയുടെ ആഘോഷം അപലപിക്കപ്പെടേണ്ടതാണെന്നും അതിലേറെ ഭയാനകമാണ്. ഒരു ലോക്‌സഭാ സ്പീക്കറില്‍ നിന്ന് ഇത്തരത്തിലുള്ള പരാമര്‍ശങ്ങളൊന്നും ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതാണ്. അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്നും ജിഗ്‌നേഷ് മേവാനി ആവശ്യപ്പെട്ടു. ഓം ബിര്‍ളയ്‌ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പല പ്രമുഖരും പ്രതിഷേധവുമായെത്തിയിട്ടുണ്ട്.






Tags: