ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ നിയന്ത്രണവിധേയം; പുക ആലപ്പുഴ ജില്ലയിലേക്ക് വ്യാപിക്കുന്നു

Update: 2023-03-06 05:12 GMT

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ നിയന്ത്രണവിധേയമായി. തീ പൂര്‍ണമായി അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്ത് ഇന്ന് ജനകീയ സമിതിയുടെ സമരം നടക്കുന്നുണ്ട്. നഗരമാലിന്യം താല്‍ക്കാലികമായി എവിടെ നിക്ഷേപിക്കണമെന്നതിലും ഇന്ന് തീരുമാനമുണ്ടാവും. ബ്രഹ്മപുരത്തെ തീ അണയാതെ തുടരുന്നതോടെ കൊച്ചിയിലെ മാലിന്യസംസ്‌കരണം നിലച്ച മട്ടാണ്. റോഡരികിലും സംഭരണകേന്ദ്രങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. അടുക്കള മാലിന്യവും റോഡിലേക്കെത്തുന്നുണ്ട്.

അന്തരീക്ഷത്തില്‍ മലിനമായ പുക ഇപ്പോഴും തങ്ങിനില്‍ക്കുന്ന സാഹചര്യത്തില്‍ നഗരത്തിലേയും പരിസരപ്രദേശങ്ങളിലേയും സ്‌കൂളുകള്‍ക്ക് കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് വരെയുള്ള ക്ലാസുകള്‍ക്കാണ് അവധി. ഏഴിന് മുകളിലുള്ള ക്ലാസുകള്‍ക്ക് അവധി നല്‍കാത്തതില്‍ എറണാകുളം ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പരാതിപ്രവാഹമാണ്. അതേസമയം, ഇന്ന് കൊച്ചി നഗരത്തില്‍ പുക കുറഞ്ഞെങ്കിലും കാറ്റിന്റെ ദിശ മാറിയതോടെ ആലപ്പുഴ ജില്ലയിലെ അരൂര്‍, കുമ്പളം അടക്കമുള്ള ഭാഗങ്ങളിലേക്ക് പുക ശക്തിപ്പെടുന്ന അവസ്ഥയാണുള്ളത്. പ്ലാന്റിലെ തീ അണയാത്തതിനാല്‍ കൊച്ചിയിലെ മാലിന്യസംസ്‌കരണം നിലച്ച മട്ടാണ്. റോഡരികിലും മറ്റും മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്.

Tags: