പ്രവാചകനിന്ദ: ഭക്ഷ്യസുരക്ഷ ഉറപ്പുനല്‍കുന്ന ഇന്ത്യയുടെ ഉല്‍പ്പന്നങ്ങള്‍ ഖത്തര്‍ ബഹിഷ്‌കരിക്കുന്നത് നന്ദികേടോ? ഓര്‍ഗനൈസറിന്റെ അവകാശവാദം തള്ളി കണക്കുകള്‍

Update: 2022-06-07 10:30 GMT

ന്യൂഡല്‍ഹി: പ്രവാചകനിന്ദയുടെ പേരില്‍ ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളുടെ ബഹിഷ്‌കരണഭീഷണി നേരിടുമ്പോള്‍ ഖത്തറിന്റേത് നന്ദികേടാണെന്ന വാദവുമായി ഓര്‍ഗനൈസര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമ്പോള്‍ ഖത്തര്‍ തങ്ങളുടെ ഭക്ഷ്യഉല്‍പ്പാദനത്തിലും ഇറക്കുമതിയിലും ഇന്ത്യയെ ആശ്രയിക്കുന്നുണ്ടെന്നും ഇന്ത്യയില്ലെങ്കില്‍ ഖത്തറിലെ ഭക്ഷ്യസുരക്ഷ തകരാറിലാവുമെന്നുമാണ് പ്രചരിപ്പിക്കപ്പെടുന്നത്. വെങ്കയ്യനായിഡുവിന്റെ ഖത്തര്‍ സന്ദര്‍ശനത്തില്‍ ഇന്ത്യയുമായി ഒപ്പുവച്ച ഭക്ഷ്യസുരക്ഷാ കരാറുമായി ബന്ധപ്പെട്ടാണ് ഈ വാദം ഓര്‍ഗനൈസര്‍ ഉയര്‍ത്തിയിട്ടുള്ളത്. ഓര്‍ഗനൈസറിന്റെ വാദം എത്ര ശരിയാണെന്നാണ് പരിശോധിക്കുന്നത്.

ഓര്‍ഗനൈസര്‍ പറയുന്ന ഒരു കാര്യം ശരിയാണ് ഇന്ത്യ കഴിഞ്ഞ ദിവസം ഖത്തറുമായി ഭക്ഷ്യസുരക്ഷാ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്.

ഭക്ഷ്യപ്രശ്‌നം ഖത്തറിനെ സംബന്ധിച്ചിടത്തോളം വലിയ വിഷയമാണ്. കാരണം 90 ശതമാനം കാര്‍ഷിക-ഭക്ഷ്യ ഉല്‍പ്പന്നങ്ങളും ഖത്തര്‍ വിദേശരാജ്യങ്ങളില്‍നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. വെള്ളത്തിന്റെ അഭാവവും കൃഷിഭൂമിയില്ലാത്തതും മറ്റും വലിയ പ്രതിസന്ധിയാണ്.

അതിനര്‍ത്ഥം ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തിയതുകൊണ്ട് അവര്‍ പൂര്‍ണമായും ഇന്ത്യയെ ആശ്രയിച്ചാണ് ജീവിച്ചുപോകുന്നതെന്നല്ല. മാത്രമല്ല, ഇന്ത്യയില്ലെങ്കില്‍ ഖത്തറിന് കഴിഞ്ഞുപോകാന്‍ കഴിയുകയില്ലെന്നുമല്ല. വസ്തുതകള്‍ തികച്ചും വ്യത്യസ്തമാണ്.

ഭക്ഷ്യവസ്തുക്കള്‍ക്കുവേണ്ടി ഖത്തര്‍ വ്യത്യസ്ത രാജ്യങ്ങളെ ആശ്രയിക്കുന്നു. തുര്‍ക്കി, യുകെ, യുഎസ്, നെതര്‍ലാന്‍ഡ് തുടങ്ങി ഇന്ത്യവരെയുള്ള രാജ്യങ്ങളെ അവര്‍ ആശ്രയിക്കുന്നുണ്ട്. ഏക രാജ്യമല്ല ഇന്ത്യ എന്നതാണ് പ്രധാനം.

ഭക്ഷ്യ മേഖലയില്‍ അവര്‍ ഇന്ത്യയില്‍നിന്ന് 3.82 ശതമാനം ഇറക്കുമതി ചെയ്യുന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുവേണ്ടി അവര്‍ കൂടുതല്‍ ആശ്രയിക്കുന്നത് നെതര്‍ലന്‍ഡിനെയാണ്, 16.91 ശതമാനം.

തുര്‍ക്കി 7.21, യുഎസ് 1.41 ശതമാനം, യുകെ 3.67 ശതമാനം, കുവൈത്ത് 11.84 ശതമാനം, ഒമാന്‍ 5.36 ശതമാനം, ഫ്രാന്‍സ് 5.78 ശതമാനം, ലെബനോന്‍ 19.84 ശതമാനം തായ്‌ലന്‍ഡ് 7.73 ശതമാനം, ബെല്‍ജിയം 11.64 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.

അതിനര്‍ത്ഥം അവര്‍ ഇന്ത്യയെ ആശ്രയിക്കുന്നില്ലെന്നല്ല. ആശ്രയിക്കുന്നുണ്ട്. പക്ഷേ, ഇന്ത്യ അവരുടെ ഏക ആശ്രയമല്ല. ലോകത്ത് വില്‍ക്കാന്‍ കൂടുതലുണ്ടാവുകയും വാങ്ങാന്‍ ആളില്ലാത്തതുമായ വസ്തുവാണ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍. ഇന്ത്യയും ഖത്തറും തമ്മില്‍ ബന്ധം വഷളായാല്‍ നഷ്ടം ഇന്ത്യക്കാണ്. കാരണം നല്ല വിപണി നഷ്ടപ്പെടും. മറിച്ച് അവര്‍ക്ക് മറ്റ് വിപണികളില്‍നിന്ന് സാധനം വാങ്ങാനും കഴിയും. ഈ കണക്കുകളെല്ലാം ഖത്തര്‍ ഉപരോധം നേരിട്ട 2017നുശേഷമുളളതാണ്, അതായത് 2019ലേതാണ്.

(source worldbank report)