ഡല്‍ഹി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ഗൂഢാലോചന; അരവിന്ദ് കെജ്‌രിവാള്‍ പാര്‍ട്ടിഎംഎല്‍എമാരുടെ യോഗം വിളിച്ചു

Update: 2022-08-24 13:13 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള പോര് മുറുകുന്നു. ബിജെപിയും കേന്ദ്ര സര്‍ക്കാരും ഡല്‍ഹി സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുളള ശ്രമത്തിലാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എംഎല്‍എമാരുടെ യോഗം വിളിച്ചു. ഡല്‍ഹിയിലെ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി സിസോദിയയുടെ വസതിയിലും മറ്റ് സ്ഥാപനങ്ങളിലും പരിശോധന നടത്തിയ സാഹചര്യത്തിലാണ് കെജ്‌രിവാള്‍ ബിജെപിയുമായി ഇടഞ്ഞത്.

മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെ മന്ത്രിസഭയെ തകര്‍ത്തപോലെ ഡല്‍ഹിസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

2020 നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി 70ല്‍ 62സീറ്റും നേടിയിരുന്നു. 

ബിജെപി തന്നെ സമീപിച്ചിരുന്നതായും മുഖ്യമന്ത്രി പദം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതായും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അവകാശപ്പെട്ടിരുന്നു.

കൂടാതെ 5 എംഎല്‍എമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ 20-25 കോടി വച്ച് പലര്‍ക്കും വാഗ്ദാനം ചെയ്തതായും ആരോപിച്ചു.

മറ്റ് ചിലര്‍ക്കെതിരേ ഇഡി-സിബിഐ- അന്വേഷത്തിന്റെ പേരില്‍ ഭീഷണിയും മുഴക്കി.

അജയ് ദത്ത്, സഞ്ജീവ് ഝാ, സോമനാഥ് ഭാരതി, കുല്‍ദീപ് എന്നിവര്‍ക്ക് ബിജെപിയില്‍ ചേരുകയാണെങ്കില്‍ 20 കോടി രൂപ വീതവും മറ്റ് എംഎല്‍എമാരെ കൂടെ കൊണ്ടുവന്നാല്‍ 25 കോടി രൂപയും വാഗ്ദാനം ചെയ്തതായി എഎപിയുടെ ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് പറഞ്ഞു.