ബിജെപി കുഴൽപ്പണ കവർച്ച: സംസ്ഥാന നേതൃത്വത്തിന് നോട്ടിസ്; അന്വേഷണം കൂടുതൽ പേരിലേക്ക്

ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയടക്കം മൂന്നു പേരോടും കേസുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് ഹാജരാകണമെന്ന് അന്വേഷണ സംഘം ശനിയാഴ്ച ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു.

Update: 2021-05-25 05:11 GMT

തൃശൂർ: കൊടകര കുഴൽപ്പണക്കവർച്ച കേസിൽ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി മൂന്ന് ബിജെപി നേതാക്കൾക്ക് നോട്ടിസ് അയച്ചു. രണ്ടു ദിവസത്തിനുള്ളിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ്, ആലപ്പുഴ ജില്ലാ ട്രഷറർ കെജി കർത്ത എന്നിവർക്ക് പ്രത്യേക അന്വേഷണ സംഘം നോട്ടിസ് അയച്ചത്.

ബിജെപി മാവേലിക്കര നിയോജക മണ്ഡലം പ്രഭാരിയും ജില്ലാ ട്രഷറുമായ കെജി കർത്തയ്ക്ക് (കെ ഗോപാലകൃഷ്‌ണ കർത്ത) പണം കൈമാറാൻ നിർദേശിച്ചിരുന്നതായി ധർമരാജന്റെ മൊഴിയുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് അന്വേഷണ സംഘത്തിന്റെ നോട്ടിസ്‌. അന്വേഷണ സംഘം ആലപ്പുഴയിലെത്തി കർത്തയുടെ നീക്കം നിരീക്ഷിച്ചിരുന്നു. ധർമരാജിന്‌ കർണാടക കേന്ദ്രീകരിച്ച്‌ വൻ ഹവാല ഇടപാടുള്ളതായും സൂചന ലഭിച്ചു. ബിജെപി ഉന്നത നേതാക്കളുടെ കള്ളപ്പണമാണ്‌ ധർമരാജ്‌ ഇടപാടിനായി ഉപയോഗിക്കുന്നതെന്നാണ്‌ സൂചന.

ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയടക്കം മൂന്നു പേരോടും കേസുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് ഹാജരാകണമെന്ന് അന്വേഷണ സംഘം ശനിയാഴ്ച ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രേഖാമൂലമുള്ള അറിയിപ്പ് കിട്ടാത്തതിനാൽ ഇവർ ഹാജരാകുന്നതിന് സാവകാശം തേടി. തുടർന്നാണ് നോട്ടിസ് അയച്ചത്.

ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറിയും ക്രിമിനൽ അഭിഭാഷകനുമായ കെആർ ഹരി, ട്രഷറർ സുജയ് സേനൻ, ബിജെപി മധ്യമേഖലാ സെക്രട്ടറി കാശിനാഥൻ എന്നിവരെ ശനിയാഴ്‌ച ചോദ്യംചെയ്‌ത്‌ വിട്ടയച്ചിരുന്നു. പരാതി നൽകിയ ആർഎസ്‌എസ്‌ പ്രവർത്തകൻ ധർമരാജൻ, ധർമരാജിന്‌ പണം കൈമാറിയ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്‌ എന്നിവരെയും ചോദ്യം ചെയ്‌തിരുന്നു.

കവർച്ചയിൽ നേരിട്ട് പങ്കെടുത്ത 19 പ്രതികളിൽ പ്രധാനികളേയും കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തിരുന്നു. ഇതിൽ നിന്നെല്ലാം നിർണായക വിവരം ലഭിച്ചിട്ടുണ്ട്‌. തിരഞ്ഞെടുപ്പ് ഫണ്ട്‌ കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തെ ഉന്നത ബിജെപി നേതാക്കളിലേക്കാണ്‌ അന്വേഷണം നീങ്ങുന്നത്‌. തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് ബിജെപി കർണാടകത്തിൽ നിന്നെത്തിച്ച മൂന്നരക്കോടിയാണ്‌ എപ്രിൽ മൂന്നിന്‌ പുലർച്ചെ 4.30ന്‌ കൊടകരയിൽവച്ച്‌ കാറപകടം സൃഷ്ടിച്ച്‌ കവർന്നത്‌.

സംഭവത്തിൽ പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് തൃശൂർ വരന്തരപ്പിള്ളി സ്വദേശി ടിഎൻ മുകുന്ദൻ പരാതി നൽകി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ സഞ്ജയ് കുമാർ മിശ്ര, കൊച്ചി സോണൽ ജോയിന്റ് ഡയറക്ടർ മനീഷ് ഗോധ്‌റ എന്നിവർക്കാണ് പരാതി നൽകിയത്. തിരഞ്ഞെടുപ്പിന് ചെലവഴിക്കാൻ പണം കടത്തിയത് ഗുരുതരമായ കുറ്റമായി കാണണമെന്നും കള്ളപ്പണം കടത്തൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്നും പരാതിയിലുണ്ട്. എൽജെഡി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് സലിം മടവൂർ ഇതേ ആവശ്യമുന്നയിച്ച് ഇഡിക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയെടുത്തില്ല.