600 കോടിയുടെ തട്ടിപ്പ് നടത്തി ബിജെപി നേതാക്കളായ സഹോദരങ്ങള്‍ മുങ്ങി

കുട്ടിയുടെ പിറന്നാളിന് സ്വന്തം ഹെലികോപ്റ്ററില്‍നിന്ന് പുഷ്പവൃഷ്ടി നടത്തിയതിനാലാണ് ഇരുവരും ഹെലികോപ്റ്റര്‍ ബ്രദേഴ്‌സ് എന്ന് അറിയപ്പെടുന്നത്.

Update: 2021-07-24 13:19 GMT

ചെന്നൈ: പണം ഇരട്ടിപ്പിച്ച് നല്‍കാമെന്നു പറഞ്ഞ് നിരവധി പേരില്‍ നിന്നായി 600 കോടിയുടെ തട്ടിപ്പ് നടത്തി ബിജെപി നേതാക്കളായ സഹോദരങ്ങള്‍ മുങ്ങി. ഹെലികോപ്റ്റര്‍ ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശികളായ മരിയൂര്‍ രാമദോസ് ഗണേഷ്, മരിയൂര്‍ രാമദോസ് സ്വാമിനാഥന്‍ എന്നിവരും മറ്റു രണ്ടുപേരുമാണ് മുങ്ങിയത്. ബിജെപി വ്യാപാരി സംഘടന നേതാക്കളായ ഇരുവര്‍ക്കുമെതിരേ ഐപിസി 406, 420, 120 (ബി) വകുപ്പുകള്‍ പ്രകാരം തഞ്ചാവൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങി.   

    തിരുവാരൂര്‍ സ്വദേശികളായ ഇവര്‍ ആറു വര്‍ഷം മുമ്പ് കുഭകോണത്തേക്ക് താമസം മാറിയിരുന്നു. ക്ഷീരോല്‍പ്പന്ന കമ്പനി തുടങ്ങിയ ഇവര്‍ പിന്നീട് വിക്റ്ററി ഫിനാന്‍സ് എന്നപേരില്‍ ധനകാര്യ സ്ഥാപനവും 2019ല്‍ അര്‍ജുന്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ വ്യോമയാന കമ്പനിയും തുടങ്ങി. ഗണേഷിന്റെ കുട്ടിയുടെ പിറന്നാളിന് സ്വന്തം ഹെലികോപ്റ്ററില്‍നിന്ന് പുഷ്പവൃഷ്ടി നടത്തിയതിനാലാണ് ഇരുവരും ഹെലികോപ്റ്റര്‍ ബ്രദേഴ്‌സ് എന്ന് അറിയപ്പെടുന്നത്. ആഡംബര ജീവിതം നയിച്ച ഇരുവര്‍ക്കും ബിജെപിയുടെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു.

    നിക്ഷേപിക്കുന്ന തുകയ്ക്ക് ഒരു വര്‍ഷം കൊണ്ട് ഇരട്ടി പണം നല്‍കാമെന്നു പറഞ്ഞാണ് പലരില്‍ നിന്നുമായി കോടിക്കണക്കിനു രൂപ കൈപ്പറ്റിയത്. ആദ്യഘട്ടത്തില്‍ ഇരട്ടി തുക നല്‍കുകയും ചെയ്തതോടെ കൂടുതല്‍ പേര്‍ വന്‍ തുകകള്‍ നിക്ഷേപിക്കാന്‍ തുടങ്ങി. പിന്നീട് പണം തിരിച്ചു നല്‍കാതായതോടെ ഇടപാടുകാര്‍ അന്വേഷിച്ചപ്പോള്‍ കൊവിഡ് പ്രതിസന്ധി കാരണം വ്യാപാരം മന്ദഗതിയിലാണെന്നും ഉടന്‍ തന്നെ പണം നല്‍കുമെന്നും പറഞ്ഞു.

    എന്നാല്‍, ഇത് തട്ടിപ്പാണെന്നു മനസ്സിലായതോടെ 15 കോടി രൂപ നിക്ഷേപിച്ച ജാഫറുല്ല-ഫൈറാജ് ഭാനു ദമ്പതികള്‍ തഞ്ചാവൂര്‍ എസ്പി ദേശ്മുഖ് ശേഖര്‍ സഞ്ജയ്ക്ക് പരാതി നല്‍കിയത്. ഹെലികോപ്റ്റര്‍ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനത്തില്‍ തങ്ങള്‍ 15 കോടി രൂപ നിക്ഷേപിച്ചതായും പണം തിരിച്ചുചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുന്നതായുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. ഇതോടെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയതോടെ ഗണേഷും സ്വാമിനാഥനും മുങ്ങുകയായിരുന്നു.

    കുടുംബക്കാരോടും സുഹൃത്തുക്കളോടും കടം വാങ്ങിയാണ് 25 ലക്ഷം രൂപ നിക്ഷേപിച്ചതെന്ന് തട്ടിപ്പിനിരയായ ഗോവിന്ദരാജ് പറഞ്ഞു. ഒരു വര്‍ഷമായിട്ടും ലാഭം ലഭിക്കാതായതോടെ പണം തിരിച്ചുതരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഗുണ്ടകളെ അയച്ച് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. മകളുടെ സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച് ലഭിച്ച 10 ലക്ഷം രൂപയും സുഹൃത്തുക്കളില്‍ നിന്ന് വാങ്ങിയ 40 ലക്ഷം രൂപയുമടക്കം 50 ലക്ഷം രൂപയാണ് ഒരു വര്‍ഷത്തെ പദ്ധതിയില്‍ ഞാന്‍ നിക്ഷേപിച്ചതെന്നും എന്നാല്‍, എനിക്ക് പലിശയോ ലാഭവിഹിതമോാ ലഭിച്ചില്ലെന്നും മറ്റൊരു നിക്ഷേപകനായ എ സി എന്‍ രാജന്‍ ആവശ്യപ്പെട്ടു. തട്ടിപ്പ് പുറത്തായതോടെ 'ഹെലികോപ്റ്റര്‍ സഹോദരന്‍മാര്‍'ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയില്‍ വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഇരുവരും ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്. ഇവരുടെ ധനകാര്യ കമ്പനിയുടെ മാനേജര്‍ എന്ന് സംശയിക്കുന്ന ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. അതേസമയം, ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ബിജെപി നേതാക്കള്‍ അറിയിച്ചു. ഇരുവര്‍ക്കും ക്ഷീരോല്‍പന്ന കച്ചവടത്തിനുപുറമെ നിരവധി അന്താരാഷ്ട്ര ബിസിനസുകളുമുണ്ടെന്നും ഇരുവരുടെയും ഇടപാടുകള്‍ സംശയാസ്പദമാണെന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും ഹനുമാന്‍ സേന ജില്ലാ സെക്രട്ടറി ബാല പറഞ്ഞു.

BJP leaders 'Helicopter brothers' of fly off with Rs 600 crore

Tags:    

Similar News