കുഴല്‍പ്പണ കവര്‍ച്ചാകേസിനെ ചൊല്ലി സംഘര്‍ഷം: യുവമോര്‍ച്ച നേതാവിനെ കുത്തിയത് പോലിസ് ചോദ്യം ചെയ്ത ബിജെപി നേതാവിന്റെ അനുയായികള്‍

പരസ്പരം ഏറ്റുമുട്ടിയതിനു പിന്നാലെ ഒരുസംഘം ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. വാരിയെല്ലിന് താഴെ കുത്തേറ്റ ഹിരണിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Update: 2021-05-30 13:39 GMT

തൃശൂര്‍: കുഴല്‍പ്പണം കവര്‍ച്ച ചെയ്ത സംഭവത്തെ കുറിച്ചുള്ള വാക്കുതര്‍ക്കത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവമോര്‍ച്ച നേതാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചത് കേസുമായി ബന്ധപ്പെട്ട് പോലിസ് ചോദ്യം ചെയ്ത ബിജെപി നേതാവിന്റെ അനുയായികളെന്ന് സൂചന. തൃശൂര്‍ വാടാനപ്പള്ളിയില്‍ തൃത്തല്ലൂര്‍ ആശുപത്രിയില്‍ വാക്‌സിന്‍ എടുക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് യുവമോര്‍ച്ച വാടാനപ്പള്ളി മേഖലാ പ്രസിഡന്റ് കെ എച്ച് ഹിരണിന് കുത്തേറ്റത്. കുഴല്‍പ്പണം കവര്‍ച്ച ചെയ്ത കേസില്‍ അന്വേഷണസംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത ബിജെപി തൃശൂര്‍ ജില്ലാ ഖജാഞ്ചി സുജയ് സേനന്റെ അനുയായികളാണ് ഹിരണിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വാടാനപ്പള്ളി സ്വദേശിയായ സുജയ് സേനന്‍ ഇപ്പോള്‍ അയ്യന്തോളിലാണ് താമസം.

കൊടകരയില്‍ കുഴല്‍പ്പണം കവര്‍ച്ച ചെയ്ത കേസില്‍ അന്വേഷണസംഘം ചോദ്യം ചെയ്ത ബിജെപി തൃശൂര്‍ ജില്ലാ ഖജാഞ്ചി സുജയ് സേനന്‍

ഏഴാംതല്ലിയിലുള്ള വീര സവര്‍ക്കര്‍ എന്ന ക്ലബ്ബ് അംഗങ്ങളായ ബിജെപി പ്രവര്‍ത്തകരും വാടാനപ്പള്ളി ബീച്ചിലെ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. കുറച്ചുകാലമായി ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായാണു വിവരം. ഇപ്പോള്‍ മറ്റൊരു ബിജെപി പ്രവര്‍ത്തകന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിലാണ് ഇന്ന് ഇരുവിഭാഗം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടത്. പരസ്പരം ഏറ്റുമുട്ടിയതിനു പിന്നാലെ ഒരുസംഘം ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. വാരിയെല്ലിന് താഴെ കുത്തേറ്റ ഹിരണിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.   

ബിജെപി പ്രവര്‍ത്തകരുടെ കുത്തേറ്റ് ചികില്‍സയില്‍ കഴിയുന്ന യുവമോര്‍ച്ച നേതാവ് കെ എച്ച് ഹിരണ്‍

സംഘര്‍ഷ സമയത്ത് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും വാര്‍ഡ് മെംബറുമായ ജിത്ത്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ധനീഷ് എന്നിവരുമുണ്ടായിരുന്നു. നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇരുവിഭാഗം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ആയുധങ്ങളുമായി പരസ്പരം പോരടിച്ചതെന്നാണു വിവരം.

    ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനിടെ ബിജെപിക്കു വേണ്ടി കൊണ്ടുവന്ന കുഴല്‍പ്പണം കൊടകരയില്‍ വച്ച് വാഹനം തടഞ്ഞ് ആക്രമിച്ച് കവര്‍ച്ച ചെയ്ത വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് സുജയ് സേനനു പുറമെ മേഖലാ സെക്രട്ടറി ജി കാശിനാഥന്‍, തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരി എന്നിവരെ അന്വേഷണസംഘത്തലവന്‍ തൃശൂര്‍ റേഞ്ച് ഡിഐജി എ അക്ബറാണ് ചോദ്യം ചെയ്തിരുന്നത്. ജില്ലാ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീഷ് സതീശിന് നാളെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് രാവിലെ 10നു തൃശൂര്‍ പോലിസ് ക്ലബില്‍ ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണവുമായെത്തിയ ധര്‍മ്മരാജന്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് തൃശൂരില്‍ ഹോട്ടല്‍ മുറി എടുത്തുനല്‍കിയത് സതീഷാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു.

    പണം കര്‍ണാടകയില്‍ നിന്നാണ് എത്തിയതെന്നും കവര്‍ച്ച ആസൂത്രണം ചെയ്തത് തൃശൂരിലാണെന്നുമാണ് പോലിസ് സംഘത്തിനു ലഭിച്ച വിവരം. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് പോലിസില്‍ പരാതി നല്‍കിയ കോഴിക്കോട് സ്വദേശി ധര്‍മ്മരാജനും സുനില്‍ നായിക്കും മൂന്നരക്കോടി രൂപ നഷ്ടപ്പെട്ടെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. അതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ കള്ളപ്പണം കടത്തിയെന്ന് സംശയമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ക്ക് ഓള്‍ കേരളാ ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസ് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.

BJP Kodakara Hawala case: Yuva Morcha leader stabbed by followers of BJP leader questioned by police

Tags:    

Similar News