ബിജെപി സര്‍ക്കാര്‍ രാജ്യത്തെ തകര്‍ക്കുന്നു: എം കെ ഫൈസി

നോട്ട് നിരോധനം, ജിഎസ്ടി ഉള്‍പ്പെടെയുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് തകര്‍ത്തു. തൊഴിലില്ലായ്മ അനുദിനം വര്‍ധിക്കുകയാണ്.

Update: 2021-11-30 10:05 GMT

കോഴിക്കോട്: വികലമായ സാമ്പത്തിക നയങ്ങളും സംഘര്‍ഷഭരിതമായ സാമൂഹിക സാഹചര്യം സൃഷ്ടിച്ചും ബിജെപി സര്‍ക്കാര്‍ രാജ്യത്തെ തകര്‍ക്കുകയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് രാജ്യത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് നിരോധനം, ജിഎസ്ടി ഉള്‍പ്പെടെയുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് തകര്‍ത്തു. തൊഴിലില്ലായ്മ അനുദിനം വര്‍ധിക്കുകയാണ്. ലോക ദാരിദ്ര്യ പട്ടികയില്‍ 117 രാജ്യങ്ങളില്‍ 101ാം സ്ഥാനത്താണ് ഇന്ത്യ. കാര്‍ഷിക നിയമങ്ങളും തൊഴില്‍ നിയമഭേദഗതിയുമെല്ലാം കോര്‍പ്പറേറ്റ് ദാസ്യത്തിന്റെ ഭാഗമാണ്. മോദിക്ക് പ്രതിബന്ധത കോര്‍പ്പറേറ്റുകളോട് മാത്രമായിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓരോന്നായി വിറ്റു തുലയ്ക്കുകയാണ്.

മോദി ഭരണത്തില്‍ രാജ്യ സുരക്ഷ പോലും അപകടത്തിലായിരിക്കുന്നു. രാജ്യാതിര്‍ത്തിക്കുള്ളില്‍ കടന്നുകയറിയ ചൈന വില്ലകളും പാലങ്ങളും നിര്‍മിക്കുകയാണ്. അസഹിഷ്ണുത വളര്‍ത്തി സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയും സംഘര്‍ഷങ്ങളും സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ആസൂത്രിതമായി നടപ്പാക്കുകയാണ്. രാജ്യത്ത് കലാപം സൃഷ്ടിക്കാനുള്ള ഏറ്റവു പുതിയ ശ്രമത്തിന്റെ ഭാഗമാണ് മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിനെതിരായ നീക്കം. രാജ്യം നേരിടുന്ന ഇത്തരം ഗുരുതര പ്രശ്‌നങ്ങള്‍ക്ക് ജനകീയമായ പരിഹാരം കാണുന്നതിനുള്ള മുന്നേറ്റമാണ് എസ്ഡിപിഐ എന്നും എം കെ ഫൈസി പറഞ്ഞു.

ദേശീയ ജനറൽ സെക്രട്ടറി പി അബ്ദുൽ മജീദ് ഫൈസി, സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്റഫ് മൗലവി എന്നിവരും പ്രസ് മീറ്റിൽ പങ്കെടുത്തു.

Similar News