ജനനനിയന്ത്രണ നിയമം: മുസ്‌ലിംകളല്ല, യഥാര്‍ത്ഥ ലക്ഷ്യം ദലിത്, പിന്നാക്ക ജനത

Update: 2021-07-14 06:32 GMT

ലൗ ജിഹാദിനു ശേഷം ബിജെപിയുടെ അടുത്ത ലക്ഷ്യം ജനനനിയന്ത്രണ നിയമമാണ്. ബിജെപി ഭരിക്കുന്ന യുപിയിലെ നിയമകമ്മീഷന്‍ നിയമത്തിന്റെ കരട് അവതരിപ്പിച്ചുകഴിഞ്ഞു. ബീഹാറില്‍ ഈ നയം കൊണ്ടുവരുന്നതില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് താല്‍പ്പര്യമില്ലെങ്കിലും അവിടത്തെ ബിജെപി മേധാവി നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകഴിഞ്ഞു.

മുസ് ലിംകളെ നിലക്കുനിര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ബിജെപിക്കാരും ബിജെപി അനുകൂല മാധ്യമങ്ങളും സംഘപരിവാരക്കാരും പ്രചരിപ്പിക്കുന്നു. യാഥര്‍ത്ഥ്യത്തില്‍ സവര്‍ണ ഹിന്ദുക്കളുടെ ആധിപത്യം നിലനിര്‍ത്താനുളള പദ്ധതി മാത്രമാണ് ഇതെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.

യുപി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഈ നിയമം അടിയന്തരമായി കൊണ്ടുവരുന്നത്. ഈ നിയമത്തിലൂടെ ഹിന്ദുക്കളുടെ ഐക്യം നിലനിര്‍ത്താമെന്നും മുസ് ലിം വിരുദ്ധ നിലപാടുള്ള വിഭാഗങ്ങളുടെ വോട്ട് കൂടി നേടി അടുത്ത തിരഞ്ഞെടുപ്പില്‍ ജയിച്ചുവരാമെന്നാണ് യോഗിയുടെ കണക്കുകൂട്ടല്‍. ഈ ലക്ഷ്യത്തിന്റെ ഒപ്പം നില്‍ക്കാന്‍ സവര്‍ണര്‍ മാത്രമല്ല, ഹിന്ദുത്വവല്‍ക്കരിക്കപ്പെട്ട കീഴാള, പിന്നാക്ക ജാതി വിഭാഗങ്ങളുമുണ്ട്. എന്നാല്‍ സവര്‍ണജാതിക്കാരുടെ അധികാരവും മേധാവിത്തവും നിലനിര്‍ത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നിയമം എന്നതാണ് യാഥാര്‍ത്ഥ്യം. സവര്‍ണരെ സംബന്ധിച്ചിടത്തോളം മുസ്‌ലിംകളുടെ മാത്രമല്ല, ദലിതരുടെയും ജനസംഖ്യാവര്‍ധന പ്രശ്‌നമാണ്. ഈ നിയനം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന യുപിയിലെ ജനസംഖ്യയുടെ കണക്കെടുത്താല്‍ ഇത് വ്യക്തമാകും.

2011ലെ സെന്‍സസ് കണക്കനുസരിച്ച് രാജ്യത്തെ ദലിത് ജനസംഖ്യയുടെ പകുതിയും നാല് സംസ്ഥാനങ്ങളിലാണ്. ദലിത് ജനസംഖ്യയില്‍ ഏറ്റവും മുന്നില്‍ ഉത്തര്‍പ്രദേശാണ്്, 20.5 ശതമാനം. പശ്ചിമ ബംഗാളില്‍ 10.7 ശതമാനം, ബീഹാറില്‍ 8.2 ശതമാനം, തമിഴ്‌നാട്ടില്‍ 7.2 ശതമാനം.

2011 സെന്‍സസ് പ്രകാരം രാജ്യത്തെ ദലിത് ജനസംഖ്യ 20.14 കോടി വരും. 2001ലെ സെന്‍സസില്‍ ഇത് 16.66 കോടിയായിരുന്നു. അതായത് പത്ത് വര്‍ഷം കൊണ്ട് 20.8 ശതമാനം വര്‍ധന. ഇതേ കാലത്ത് ഇന്ത്യയുടെ ജനസംഖ്യാ വര്‍ധന 17.7 ശതമാനമാണ്.

അതായത് ജാതി, മത സമവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഈ നിയമം അവസാനം ദലിത്, പിന്നാക്ക ജനതയെയായിരിക്കും കൂടുതല്‍ ബാധിക്കുക. തീര്‍ച്ചയായും മുസ് ലിംകളെയും ബാധിക്കും. എന്നാല്‍ സംഘപരിവാര്‍ ഇക്കാര്യ തന്ത്രപൂര്‍വം ഒളിച്ചുവച്ചിരിക്കുന്നു.

ഹിന്ദുത്വരെ സംബന്ധിടത്തോളം മുസ് ലിംകളുടെ വികാസം തടസ്സപ്പെടുത്തണമെന്ന് ആഗ്രഹം. ഒപ്പം ദലിത്, പിന്നാക്ക ജനതക്കു മുകളില്‍ സവര്‍ണരുടെ ആധിപത്യം നിലനിര്‍ത്തണമെന്നും ആഗ്രഹിക്കുന്നു. അതില്‍ തന്നെ ബനിയതാല്‍പ്പര്യങ്ങള്‍ക്കാണ് അവര്‍ കൂടുതല്‍ ശ്രദ്ധകൊടുക്കുന്നത്. യുപിയിലെ ബില്ല് രണ്ട് തരത്തിലും അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുനല്‍കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സവര്‍ണര്‍ക്കും മറ്റ് മുന്നോക്കക്കാര്‍ക്കും കൂടുതല്‍ സീറ്റുകള്‍ സംവരണം നല്‍കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. സ്വകാര്യല്‍ക്കരണത്തിലൂടെ സംവരണത്തെത്തന്നെ അവര്‍ അട്ടിമറിച്ചിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന ഫീസ് നല്‍കി ഇത്തരം സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ കഴിയുന്നത് സവര്‍ണരുടെ കുട്ടികള്‍ക്കു മാത്രമാണ്. ജനസംഖ്യാവര്‍ധന നേരിടുന്ന ദലിത്, പിന്നാക്ക ജനത വി്ദ്യാഭ്യാസത്തില്‍ നിന്നും സര്‍ക്കാര്‍ ജോലികളില്‍നിന്നും അധികാരത്തില്‍ നിന്നും പുറത്താകും. ഈ യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കാന്‍ ഹിന്ദുത്വത്തിന് കഴിയുന്നുവെന്നതാണ് അവരുടെ വിജയം. ഇത് മനസ്സിലാക്കാന്‍ ദലിത്, പിന്നാക്കക്കാര്‍ തയ്യാറാവുന്നില്ല.

ആരോഗ്യരംഗത്തും ഈ നയം പ്രശ്‌നങ്ങളുണ്ടാക്കും. രാജ്യത്തെ ഗര്‍ഭച്ഛിദ്രനിരക്ക് വര്‍ധിക്കുമെന്നതാണ് ആദ്യ ഫലം. അതില്‍ തന്നെ പെണ്‍കുട്ടികളെ ഗര്‍ഭത്തില്‍ തന്നെ ഇല്ലാതാക്കും. ഇത് സ്ത്രീകളെ ദോഷകരമായി ബാധിക്കും. നമ്മുടെ കുടുംബസംവിധാനത്തില്‍ ഇത് അപകടകരമായ ഫലങ്ങളുണ്ടാക്കും.

ഈ നയം നേരത്തെ നടപ്പാക്കിയ ചൈനയില്‍ വലിയ തിരിച്ചടിയാണ് നേരിട്ടത്. അവിടെ ആദ്യം നടപ്പാക്കിയത് ഒരു കുട്ടി നയമായിരുന്നു. ഇപ്പോഴത് മൂന്ന് കുട്ടിയെന്നാക്കി. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ജനസംഖ്യാവര്‍ധന ഇപ്പോള്‍ തന്നെ നെഗറ്റീവാണ്. അവര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തെയാണ് ആശ്രയിക്കുന്നത്. ഇത് ഇനിയും വര്‍ധിക്കും. ഇപ്പോള്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ നിന്നുളളവരാണ് പല പാശ്ചാത്യ രാജ്യങ്ങളിലേയും കുടിയേറ്റക്കാരായി മാറുന്നത്. യുഎസ്സിലും കാനഡയിലും ഇന്ന് ഇന്ത്യക്കാരുടെ സാന്നിധ്യം ചെറുതല്ല. പല മേഖലയിലും അവര്‍ നേട്ടങ്ങളുണ്ടാക്കിക്കഴിഞ്ഞു. രണ്ട് കുട്ടിയെന്ന നയം ഈ നേട്ടങ്ങള്‍ ഇല്ലാതാക്കും.

ഹിന്ദുത്വം ഹിന്ദുക്കളുടെ പേരില്‍ സംസാരിക്കുമെങ്കിലും ബനിയതാല്‍പര്യമാണ് ലക്ഷ്യം. വൈശ്യരുടെ മേധാവിത്തമെന്ന് ജാതീയമായി പറയാം. ഈ നയം ബനിയതാല്‍പ്പര്യങ്ങളെയാണ് സേവിക്കുക. വിദ്യാഭ്യാസത്തില്‍ നിന്ന്, അധികാരത്തില്‍ നിന്ന്, സാമ്പത്തികമേഖലയില്‍നിന്ന്, വ്യവസായത്തില്‍ നിന്നൊക്കെ ദിലിത്, പിന്നാക്ക ജനത പുറത്തുപോവും. അവസാനം ഈ നയം ഹിന്ദുക്കളെ ബാധിക്കും. പക്ഷേ, ആ ഹിന്ദു ഹിന്ദുത്വത്തിന്റെ അജണ്ടയിലില്ല. കാരണം അവര്‍ക്ക് ഹിന്ദു എന്നാല്‍ സവര്‍ണഹിന്ദുതാല്‍പര്യമാണ്. 

Similar News