മകന്റെ മൃതദേഹം വിട്ടുനല്‍കാന്‍ ആശുപത്രിയില്‍ 50,000 രൂപ കൈക്കൂലി ചോദിച്ചു; പണത്തിനായി യാചിച്ച് മാതാപിതാക്കള്‍
സമസ്തിപൂര്‍: മകന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ആശുപത്രിയില്‍ കൈക്കൂലികൊടുക്കാന്‍ പണത്തിനായി യാചിക്കാനിറങ്ങി വൃദ്ധരായ മാതാപിതാക്കള്‍. ബിഹാറിലെ സമസ്തിപൂരിലാണ് സംഭവം. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മകന്റെ മൃതദേഹം വിട്ടു നല്‍കാന്‍ ജീവനക്കാര്‍ രക്ഷിതാക്കളോട് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുക നല്‍കാനില്ലാത്തതിനാല്‍ മൃതദേഹം വിട്ടു നല്‍കാതായതോടെയാണ് മാതാപിതാക്കള്‍ സമസ്തിപൂര്‍ തെരുവില്‍ യാചിക്കാന്‍ ഇറങ്ങിയത്. ദമ്പതികള്‍ യാചിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മകനെ കുറച്ച് ദിവസമായി കാണാതായെന്ന് പിതാവ് മഹേഷ് താക്കൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സമസ്തിപൂരിലെ സദര്‍ ആശുപത്രിയില്‍ മൃതദേഹം ഉണ്ടെന്ന് പറഞ്ഞ് ഫോണ്‍ കോള്‍ വന്നു. ആശുപത്രിയില്‍ എത്തി അന്വേഷിച്ചപ്പോള്‍ മൃതദേഹം വിട്ടു കിട്ടണമെങ്കില്‍ 50000 രൂപ നല്‍കണമെന്ന് ജീവനക്കാരന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ പാവപ്പെട്ടവരാണ്. എങ്ങനെയാണ് ഇത്രയും തുക നല്‍കുകയെന്ന് പിതാവ് എ.എന്‍.ഐയോട് ചോദിച്ചു.
ആശുപത്രി ജീവനക്കാരില്‍ ഭൂരിഭാഗവും കരാര്‍ തൊഴിലാളികളാണ്. അവര്‍ക്ക് പലപ്പോഴും ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നില്ലെന്നും പലരും രോഗികളുടെ ബന്ധുക്കളില്‍ നിന്ന് പണം കൈപ്പറ്റുന്നുണ്ടെന്നുമുള്ള വാര്‍ത്തകള്‍ നേരത്തെയും പുറത്തു വന്നിരുന്നു.