വാട്‌സ്ആപ്പ് സ്‌പൈവെയറിന്റെ ഇരകളില്‍ മാവോവാദി, ഭീമാ കൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരും
നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ അനുയായികളാണ് ഭീമകൊേറഗാവ് കേസില്‍ അറസ്റ്റിലായവരെന്നായിരുന്നു പോലിസ് ആരോപിച്ചത്. അതിന് തെളിവായി ഹാജരാക്കിയ കത്ത് വാട്‌സ്ആപ്പ് സ്‌പൈവെയര്‍ ഉപയോഗിച്ച് സ്ഥാപിച്ചതും
വാട്‌സ്ആപ്പ് സ്‌പൈവെയറിന്റെ ഇരകളായ പതിനാലോളം പേരെ തിരിച്ചറിഞ്ഞു. മനുഷ്യാവകാശപ്രവര്‍ത്തകര്‍, അക്കാദമിക്കുകള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയ ഇവരില്‍ ഭൂരിഭാഗവും ഏതെങ്കിലും രീതിയില്‍ ഭീമാ കൊറേഗാവ് കേസിലും മാവോവാദി കേസുകളിലും ഉള്‍പ്പെട്ടവരാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. അതില്‍ മൂന്നുപേര്‍ ഭീമാ കൊറേഗാവ് കേസില്‍ പ്രതികളുടെ അഭിഭാഷകരാണ്. മറ്റു ചിലര്‍ പ്രതി ചേര്‍ക്കപ്പെട്ടവരും. ബസ്തര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നരും മാധ്യമപ്രവര്‍ത്തകരും ദലിത് ആക്റ്റിവിസ്റ്റുകളുമാണ് ബാക്കിയുള്ളവര്‍.
ഇന്ത്യയിലെ മനുഷ്യാവകാശ-പൊതുപ്രവര്‍ത്തകരെ നിരീക്ഷിക്കാനായി സര്‍ക്കാര്‍ ഏജന്‍സികളുടെ ആവശ്യപ്രകാരം സ്‌പൈവെയറുകള്‍ സ്ഥാപിച്ചുവെന്ന് വാട്‌സ് ആപ്പിനെ അന്വേഷണത്തിന് സഹായിക്കുന്ന കാനഡയില്‍ നിന്നുള്ള സൈബര്‍ സെക്യൂരിറ്റി ഗ്രൂപ്പ് നേരിട്ടുതന്നെ ഇരകളെ അറിയിക്കുകയായിരുന്നു. ഇസ്രായേലി ചാരപ്രവര്‍ത്തന പ്രോഗ്രാമായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും മൊബൈല്‍ ഫോണ്‍ നിരീക്ഷിക്കുന്നുണ്ടെന്ന് വാട്ട്‌സാപ്പും സ്ഥിരീകരിച്ചു. 2019 മെയ് വരെ രണ്ടാഴ്ച്ച ഇവരുടെ ഫോണുകള്‍ നിരീക്ഷണത്തിലായിരുന്നുവെന്ന വിവരമാണ് വാട്ട്‌സാപ്പ് നല്‍കിയിട്ടുള്ളത്. ഇസ്രായേലിലെ എന്‍എസ്ഒ ഗ്രൂപ്പ് പെഗാസസ് ഉപയോഗിച്ച് 1,400 വാട്ട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതിനെതിരേ വാട്ട്‌സാപ്പ് അമേരിക്കന്‍ കോടതിയില്‍ ചൊവ്വാഴ്ച്ച കേസ് നല്‍കിയതായ റിപോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍.
സ്‌പൈവെയര്‍ ഉപയോഗിച്ച് നിരീക്ഷിക്കപ്പെട്ടവര്‍ ഇവര്‍:
ശാലിനി ഗേര
ജഗ്ദല്‍പൂരിലെ ലീഗല്‍ എയ്ഡ് ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്നു. ഭീമാ കൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സുധ ഭരദ്വാജിന്റെ അഭിഭാഷക.
നിഹാല്‍സിങ് റാത്തോഡ്
അഭിഭാഷക, നാഗ്പൂരിലെ ഹ്യൂമണ്‍ റൈറ്റ്‌സ് നെറ്റ്‌വര്‍ക്കിന്റെ പ്രവര്‍ത്തക. ഭീമാ കൊറേഗാവ് കേസിലെ സുരേന്ദ്ര ഗാഡ്‌ലിങിന്റെ അഭിഭാഷകന്‍. ബിജെപിയെയും പ്രധാനമന്ത്രിയെയും ഇല്ലാതാക്കാന്‍ ഉദ്ദേശിക്കുന്നതിനു തെളിവായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാക്കിയ കത്ത് സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെ കൈയില്‍ നിന്ന് കണ്ടെടുത്തുവെന്നാണ് പോലിസ് അവകാശപ്പെട്ടിരുന്നത്. ഈ കത്ത് വാട്‌സ്ആപ് സ്‌പൈവെയര്‍ ഉപയോഗിച്ച് കംപ്യൂട്ടറിലേക്ക് കടത്തിവിട്ടുവെന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്.
ബെല ഭാട്ടിയ
ചത്തിസ്ഗഢില്‍ നിന്നുള്ള മനുഷ്യാവകാശപ്രവര്‍ത്തക, അഭിഭാഷക. ബസ്തറില്‍ പ്രവര്‍ത്തിക്കുന്നു.
ഡെഗ്രി പ്രസാദ് ചൗഹാന്‍
ചത്തിസ്ഗഢില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകന്‍. കഴിഞ്ഞ 15 വര്‍ഷമായി ദലിത് വിഷയങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്നു.
ആനന്ദ് തെല്‍തുംബ്‌ദെ
അക്കാദമിഷ്യന്‍, അധ്യാപകന്‍, ഭീമാ കൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അധ്യാപകന്‍, എഴുത്തുകാരന്‍.
ആന്‍കിറ്റ് ഗ്രവാള്‍
ചത്തിസ്ഗഢിലെ അഭിഭാഷകന്‍. ഭീമാ കൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സുധ ഭരദ്വാജിന്റെ അഭിഭാഷകരിലൊരാള്‍.
ആഷിഷ ഗുപ്ത
പിയുഡിആര്‍ എന്ന പൗരാവകാശസംഘടനയുടെ പ്രവര്‍ത്തകന്‍, പ്രവര്‍ത്തനരംഗം ഡല്‍ഹി.
സീമ ആസാദ്
പിയുസിഎല്‍ പ്രവര്‍ത്തകന്‍, അലഹബാദ്. 2012 ചാര്‍ജ് ചെയ്ത ഒരു മാവോവാദി,രാജ്യദ്രോഹ കേസില്‍ ശിക്ഷിക്കപ്പെട്ടെങ്കിലും ഹൈക്കോടതി ജാമ്യം നല്‍കി.
റുപാലി ജാദവ്
പൊതുപ്രവര്‍ത്തകന്‍, മുംബൈയിലെ കബില്‍ കലാ മഞ്ചിന്റെ പ്രവര്‍ത്തകന്‍. ഈ ഗ്രൂപ്പിലെ ഏതാനും പേരെ ഭീമകൊേറഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു.
ഷുബ്രാന്‍ഷു ചൗദരി,
മുന്‍ ബിബിസി പത്രപ്രവര്‍ത്തകന്‍. ബസ്തറിലെ സമാധാനശ്രമങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.
വിവേക് സുന്ദര
സാമൂഹിക-പരിസ്ഥിതി പ്രവര്‍ത്തകന്‍.
സരോജ് ഗിരി
ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപകന്‍.
സിദ്ധാന്ത് സിബല്‍
മാധ്യമപ്രവര്‍ത്തകന്‍. നയതന്ത്ര, പ്രതിരോധ മേഖലയിലെ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നു.
രാജീവ് ശര്‍മ
സുരക്ഷാ വിദഗ്ധന്‍, എഴുത്തുകാരന്‍.
ഭീമാ കൊറേഗാവ് കേസിന് സ്‌പൈ വയറുമായുള്ള ബന്ധം?
1818 ല്‍ പേഷ്വയുടെ മറാത്ത സൈന്യത്തെ ഭീമാ കൊറേഗാവില്‍ ച്ച് ദലിതരും ബ്രിട്ടീഷുകാരും ചേര്‍ന്ന് തോല്‍പ്പിച്ചു. ഇതിന്റെ 200ാം വാര്‍ഷികം ആചരിക്കുന്നതിന്റെ ഭാഗമായി 2018 ജനുവരി 1 ന് ദലിതരും ആക്റ്റിവിസ്റ്റുകളും പൂനെയില്‍ ഒത്തുചേര്‍ന്നു. ഈ പരിപാടിയിലേക്ക് ചില ബ്രാഹ്മണര്‍ അക്രമം അഴിച്ചുവിട്ടു, ഒരാള്‍ കൊല്ലപ്പെട്ടു. അതില്‍ പ്രതിഷേധിച്ച് നിരവധി മുന്നേറ്റങ്ങള്‍ രാജ്യത്തുണ്ടായി. അതും അക്രമങ്ങളില്‍ കലാശിച്ചു. ഈ അക്രമസംഭവങ്ങളുടെ പേരിലാണ് ഏതാനും പേരെ അറസ്റ്റ് ചെയ്തത്. കേസ് മുന്നോട്ട് പോകുന്നതിനിടയില്‍ കേസിന്റെ ഊന്നലില്‍ മാറ്റമുണ്ടായി. കേസ് പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്നായി മാറി. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ അനുയായികളാണ് അറസ്റ്റിലായവരെന്നും പോലിസ് ആരോപിച്ചു. സുരേന്ദ്ര ഗാഡ്‌ലിങിന്റെ കംപ്യൂട്ടറില്‍ നിന്ന് ലഭിച്ച കത്താണ് തെളിവായി ഹാജരാക്കിയത്. ആ കത്ത് വാട്‌സ് ആപ്പ് സ്‌പൈവെയര്‍ ഉപയോഗിച്ച് സ്ഥാപിച്ചതാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പറത്തുവന്നിരിക്കുന്നത്.
പെഗാസസ് പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ
ഇരകള്‍ക്ക് പ്രത്യേക ലിങ്ക് അയച്ചുകൊടുക്കുകയാണ് പെഗാസസ് ആദ്യം ചെയ്യുന്നത്. ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഉപയോക്താവ് അറിയാതെ തന്നെ പെഗാസസ് പ്രോഗ്രാം മൊബൈലില്‍ ഇന്‍സ്റ്റാള്‍ ആവും. ഇതോട് കൂടി ഫോണ്‍ പൂര്‍ണമായും നിരീക്ഷകരുടെ നിയന്ത്രണത്തിലാവും. പാസ്‌വേര്‍ഡുകള്‍, കോണ്‍ടാക്ട് ലിസ്റ്റ്, കലണ്ടര്‍ ഇവന്റുകള്‍, ടെക്സ്റ്റ് മെസേജുകള്‍, മെസേജിങ് ആപ്പ് വഴിയുള്ള വോയിസ് കോളുകള്‍ എന്നിവ നിരീക്ഷകര്‍ക്ക് അയച്ചുകൊടുക്കും. ഫോണിന്റെ പരിസരത്ത് നടക്കുന്ന കാര്യങ്ങള്‍ പിടിച്ചെടുക്കുന്നതിന് കാമറയും മൈക്രോഫോണും വിദൂരത്ത് നിന്ന് ഓണ്‍ചെയ്യാനും പെഗാസസിന് സാധിക്കും. വാട്ട്‌സാപ്പിലേക്ക് ഒരു മിസ്ഡ് വീഡിയോ കോള്‍ വരുന്നതോട് കൂടി പെഗാസസ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നതാണ് ഏറ്റവും പുതിയ രീതി. ലിങ്ക് പോലും ക്ലിക്ക് ചെയ്യാതെ ഫോണിലേക്ക് നുഴഞ്ഞുകയറാനാവുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഈ രീതിയില്‍ ഫോണുകളിലെ വിവരങ്ങള്‍ ചോര്‍ത്തിയതിന് എതിരേയാണ് വാട്ട്‌സാപ്പ് ഇപ്പോള്‍ കേസ് കൊടുത്തിരിക്കുന്നത്. എന്‍സ്ഒ ഗ്രൂപ്പ്, ക്യു സൈബര്‍ ടെക്‌നോളജീസ് എന്നിവയ്‌ക്കെതിരേയാണ് വാട്ട്‌സാപ്പ് സാന്‍ ഫ്രാന്‍സിസ്‌കോ കോടതിയില്‍ കേസ് കൊടുത്തിരിക്കുന്നത്. യുഎസ്, കാലഫോണിയ നിയമങ്ങളും വാട്ട്‌സാപ്പ് സേവന നിബന്ധനകളും ലംഘിച്ചുവെന്നാരോപിച്ചാണ് കേസ്.
അതേ സമയം, പെഗാസസ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു മാത്രമേ തങ്ങള്‍ വില്‍പ്പന നടത്താറുള്ളുവെന്ന് എന്‍എസ്ഒ ഗ്രൂപ്പ് അവകാശപ്പെടുന്നു. ബഹ്‌റയ്ന്‍, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലുള്ള മനുഷ്യാവകാശപ്രവര്‍ത്തകരും ഇപ്പോള്‍ നിരീക്ഷപ്പെടുന്നവരുടെ പട്ടികയില്‍ ഉണ്ട്. ഇസ്രായേലില്‍ നിന്ന് ചാരപ്രോഗ്രാമുകള്‍ വാങ്ങി അതത് സര്‍ക്കാരുകളാണ് പൗരന്മാരെ നിരീക്ഷിക്കുന്നത് എന്നാണ് വ്യക്തമാവുന്നത്. ഇന്ത്യ ഉള്‍പ്പെടെ 45 രാജ്യങ്ങളില്‍ പെഗാസസിന്റെ സാന്നിധ്യം കണ്ടെത്തിയതായി കാനഡയിലെ സൈബര്‍ സെക്യൂരിറ്റി ഗ്രൂപ്പായ സിറ്റീസന്‍ ലാബ് 2018 സ്പ്തംബറില്‍ വെളിപ്പെടുത്തിയിരുന്നു.
തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന സംശയത്തില്‍ അറബ് മനുഷ്യാവകാശ പ്രവര്‍ത്തകരാണ് സിറ്റീസന്‍ ലാബിനെ സമീപിച്ചത്. ഇസ്താംബൂളിലെ കോണ്‍സുലേറ്റില്‍ വച്ച് സൗദി അറേബ്യന്‍ അധികൃതര്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശ്ഗ്ജിയെ നിരീക്ഷിക്കുന്നതിന് എന്‍എസ്ഒ ഗ്രൂപ്പിന്റെ ചാര പ്രോഗ്രാമാണ് ഉപയോഗിച്ചിരുന്നതെന്ന റിപോര്‍ട്ട് പുറത്തുവന്നിരുന്നു. വാട്ട്‌സാപ്പില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റഡ് ആണ്. എന്നാല്‍, സന്ദേശം അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഉപകരണം തന്നെ നിയന്ത്രണത്തിലാവുന്നതോട് കൂടി എന്‍ക്രിപ്ഷന്‍ കൊണ്ട് ഫലമില്ലാതാവുന്നു. ഇതാണ് പെഗാസസ് ചെയ്യുന്നത്.

