വിവാദ കാർഷിക ബില്ല് പിൻവലിക്കുക; ഭാരത് ബന്ദ് ആരംഭിച്ചു

രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കടകൾ, വ്യവസായങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, പൊതു പരിപാടികൾ, ചടങ്ങുകൾ ഇന്ന് ഉണ്ടാവില്ല.

Update: 2021-09-27 00:30 GMT

ന്യൂഡൽഹി: രാജ്യവ്യാപകമായി ആഘ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദ് ആരംഭിച്ചു. കേന്ദ്രത്തിൻറെ കാർഷിക നിയമങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയാണ് പണിമുടക്കിന് ആഘ്വാനം ചെയ്തിരിക്കുന്നത്. 40 ലക്ഷത്തിൽ അധികം യൂനിയനുകളടങ്ങുന്നതാണ് കിസാൻ മോർച്ച.

രാവിലെ ആറ് മുതൽ വൈകുന്നേരം നാല് വരെയാണ് ഭാരത് ബന്ദ് നടക്കുക. ഇതിൻറെ ഭാഗമായി രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കടകൾ, വ്യവസായങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, പൊതു പരിപാടികൾ, ചടങ്ങുകൾ ഇന്ന് ഉണ്ടാവില്ല.

എങ്കിലും ആശുപത്രി, മെഡിക്കൽ സ്റ്റോർ, ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ, അടിയന്തിര സാഹചര്യങ്ങളിൽ പങ്കെടുക്കുന്ന ആളുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ അടിയന്തര സ്ഥാപനങ്ങളെയും അവശ്യ സേവനങ്ങളെയും ഒഴിവാക്കും. പാൽ, പത്രം എന്നിവ പതിവ് പോലെ തന്നെ തടസ്സമുണ്ടാകില്ല.

അതേസമയം പ്രതിഷേധിക്കുന്ന കർഷകർക്കായി നിരവധി പ്രതിപക്ഷ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി ഭാരത് ബന്ദിനെ പിന്തുണച്ചിട്ടുണ്ട്. ബിഹാർ നിയമസഭ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും രാജ്യവ്യാപക പണിമുടക്കിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ എൽഡിഎഫും ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി സാധാരണ നടത്തുന്ന ബസ് സര്‍വീസുകള്‍ തിങ്കളാഴ്ച്ച ഉണ്ടാവില്ലെന്ന് മാനേജിങ് ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ ഞായറാഴ്ച്ച അറിയിച്ചിരുന്നു.

എന്നാൽ അവശ്യ സര്‍വിസുകള്‍ വേണ്ടിവന്നാല്‍ പോലിസിന്റെ നിര്‍ദേശ പ്രകാരവും ആവശ്യം പരിഗണിച്ചും മാത്രം നടത്തും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ അതാത് യൂനിറ്റിന്റെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, റയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടില്‍ പരിമിതമായ ലോക്കല്‍ സര്‍വ്വിസുകള്‍ പോലിസ് അകമ്പടിയോടെയും മാത്രം ഉണ്ടാകും.