കരാർ പ്രാബല്യത്തിൽ വരും മുമ്പ് സ്പ്രിങ്ഗ്ലർ കമ്പനി സർക്കാരിന്റെ പേരിൽ പ്രമോഷൻ വീഡിയോ പ്രചരിപ്പിച്ചു

സ്പ്രിങ്ഗ്ലറുമായി സംസ്ഥാന സർക്കാർ ഉണ്ടാക്കിയ കരാറിന്റെ രേഖ കൃത്രിമമാണോയെന്ന സംശയം ബലപ്പെടുന്നതിനിടയിലാണ് പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്

Update: 2020-04-17 23:30 GMT

തിരുവനന്തപുരം: അമേരിക്കൻ കമ്പനിയായ സ്പ്രിങ്ഗ്ലറുമായി സംസ്ഥാന സർക്കാർ കൊവിഡ് പ്രതിരോധ വിവരശേഖരണവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കരാർ പ്രാബല്യത്തിൽ വരും മുമ്പ് സർക്കാരിന്റെ പേരിൽ പ്രമോഷൻ വീഡിയോ പ്രചരിപ്പിച്ചു. ഏപ്രിൽ 14നാണ് കരാർ നിലവിൽ വന്നതെങ്കിലും ഏപ്രിൽ 3 നു തന്നെ കമ്പനി വീഡിയോ പ്രചരിപ്പിച്ചു. വിമിയോ എന്ന സാമൂഹിക മാധ്യമം വഴിയാണ് വീഡിയോ പ്രചരിപ്പിച്ചത്. കരാറിനെതിരേ ആരോപണം ഉയർന്നതിന് പിന്നാലെ കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് വീഡിയോ പിൻവലിച്ചു.


സ്പ്രിങ്ഗ്ലറുമായി സംസ്ഥാന സർക്കാർ ഉണ്ടാക്കിയ കരാറിന്റെ രേഖ കൃത്രിമമാണോയെന്ന സംശയം ബലപ്പെടുന്നതിനിടയിലാണ് പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. കമ്പനിയുടെ വിമിയോ അക്കൗണ്ടിൽ നിന്ന് ഏപ്രിൽ 3ന് സർക്കാരിന്റെ പേരിലുള്ള പ്രമോഷൻ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കരാറിനെതിരേ ആരോപണം ഉയർന്നതിന് പിന്നാലെ വീഡിയോ പാസ് വേർഡ് സംരക്ഷിതമാക്കിയിരിക്കുകയാണ്.


കമ്പനിയുടെ സിഇഒയും അമേരിക്കൻ മലയാളിയുമായ രാ​ഗി തോമസിന്റെ ഭാര്യ നീലു പോളിന്റെ ഫേസ്ബുക്ക് വഴി വീഡിയോ ലിങ്ക് ഏപ്രിൽ 3 ന് ഷെയർ ചെയ്തിട്ടുണ്ട്. എന്നാൽ വീഡിയോ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിമിയോ അക്കൗണ്ടിൽ പാസ് വേർഡ് സംരക്ഷിതമാക്കിയതായാണ് കാണുന്നത്. കമ്പനിയുടെ ടിറ്റ്വർ അക്കൗണ്ടിൽ നിന്നും വീഡിയോ പിൻവലിച്ചിട്ടുണ്ട്.


ഒരു സംസ്‌ഥാന സർക്കാർ ഉദ്യോഗസ്‌ഥന്‌ ഒരു അമേരിക്കൻ കമ്പനിയുടെ പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ നിയമപരമായി സാധിക്കില്ല. സ്പ്രിങ്ഗ്ലർ കമ്പനിയെ വാഴ്ത്തുന്ന പരസ്യ ചിത്രത്തിൽ ഐടി സെക്രട്ടറി അഭിനയിച്ചിട്ടുണ്ട്. സേവനം ലഭിച്ചു തുടങ്ങും മുമ്പേ ഇതൊരു മികച്ച കമ്പനിയാണെന്ന് ഐടി സെക്രട്ടറിക്ക് പരസ്യ ചിത്രത്തിലൂടെ എങ്ങിനെ പറയാൻ കഴിഞ്ഞുവെന്നതും സംശയാസ്പദമാണ്. ഈ പരസ്യ ചിത്രം വഴിയാണ് ലോകത്തെ മറ്റു സ്‌ഥലങ്ങളിൽ സ്പ്രിങ്ഗ്ലർ അവരുടെ കമ്പനിയെ മാർക്കറ്റ് ചെയ്തത് എന്ന് മാത്രമല്ല ലോകം മുഴുവൻ ഒരേ സ്വരത്തിൽ പ്രശംസിക്കുന്ന കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുഴുവൻ ക്രെഡിറ്റും ഈ പരസ്യത്തിലൂടെ സ്പ്രിങ്ഗ്ലർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.


സ്പ്രിങ്ഗ്ലർ എന്ന അമേരിക്കൻ കമ്പനിക്ക് സ്പ്രിംഗ്ലർ ഇന്ത്യ എന്ന പേരിൽ 2018 മുതൽ ഇന്ത്യയിൽ കമ്പനിയുണ്ടെന്നിരിക്കെ ന്യൂയോർക്ക് നിയമം മാത്രമാണ് ബാധകമാണെന്ന നിബന്ധന വച്ചതും ദുരൂഹമാണ്. ഡാറ്റാ തട്ടിപ്പ് നടത്തിയതിന് സ്പ്രിംഗ്ളറിനെതിരേ അമ്പത് ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഒപാല്‍ ലാബ്സ് എന്ന കമ്പനി അമേരിക്കന്‍ കോടതിയില്‍ നല്‍കിയ കേസ് നിലവിലുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ സ്പ്രിങ്ഗ്ലറുമായി ഉണ്ടാക്കിയ കരാർ കൂടുതൽ ദുരൂഹതയേറുന്നതാണ്.

Tags:    

Similar News