ബാബരി വിധിയില്‍ പുനപരിശോധന ഹരജി; മുസ് ലിം പേഴ്‌സനല്‍ ബോര്‍ഡ് യോഗം ഇന്ന്

സുപ്രിംകോടതി വിധി തൃപ്തികരമല്ലെന്നും അയോധ്യയില്‍ പള്ളി നിര്‍മാണത്തിന് ബദല്‍ ഭൂമി സ്വീകരിക്കേണ്ടതില്ലെന്നുമാണ് വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. വിധിപ്പകര്‍പ്പ് ഞാന്‍ വായിച്ചു. അതിനാലാണ് പുനപരിശോധനാ ഹരജി നല്‍കണമെന്നു പറയുന്നത്. പകരം സര്‍ക്കാര്‍ ഞങ്ങള്‍ക്ക് 500 ഏക്കര്‍ ഭൂമി നല്‍കിയാലും അത് സ്വീകരിക്കരുതെന്നാണ് എന്റെ അഭിപ്രായം. എന്നിരുന്നാലും ഇന്നത്തെ യോഗത്തിലാണ് അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ മസ്ജിദ് തിരിച്ചുതരണമെന്ന അസദുദ്ദീന്‍ ഉവൈസിയുടെ ആവശ്യത്തെയും സഫരിയാബ് ജീലാനി പിന്തുണച്ചു.

Update: 2019-11-17 04:05 GMT

ന്യൂഡല്‍ഹി: ബാബരി ഭൂമി രാമക്ഷേത്രത്തിനു വിട്ടുനല്‍കിക്കൊണ്ടുള്ള സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പുനപരിശോധന ഹര്‍ജി നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഓള്‍ ഇന്ത്യാ മുസ് ലിം പേഴ്‌സനല്‍ ബോര്‍ഡിന്റെ യോഗം ഇന്ന് ചേരും. ലഖ്‌നോയിലെ നദ്‌വ കോളജില്‍ നടക്കുന്ന യോഗത്തില്‍, സുപ്രിംകോടതി പള്ളി നിര്‍മിക്കാന്‍ അയോധ്യയില്‍ തന്നെ അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്ന കാര്യവും ചര്‍ച്ച ചെയ്യും. ഓള്‍ ഇന്ത്യ മുസ് ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് യോഗത്തില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കു പുറമെ നിയമ വിദഗ്ധരും കേസിലെ കക്ഷികളും യോഗത്തില്‍ പങ്കെടുക്കും. പുനപരിശോധനാ ഹരജി നല്‍കുന്നതിനെ കുറിച്ചും അഞ്ചേക്കര്‍ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ബാബരി മസ്ജിദ് ആക്്ഷന്‍ കമ്മിറ്റി കണ്‍വീനറും സുന്നി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡ് അഭിഭാഷകനുമായ സഫരിയാബ് ജീലാനി പറഞ്ഞതായി ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു.

    സുപ്രിംകോടതി വിധി തൃപ്തികരമല്ലെന്നും അയോധ്യയില്‍ പള്ളി നിര്‍മാണത്തിന് ബദല്‍ ഭൂമി സ്വീകരിക്കേണ്ടതില്ലെന്നുമാണ് വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. വിധിപ്പകര്‍പ്പ് ഞാന്‍ വായിച്ചു. അതിനാലാണ് പുനപരിശോധനാ ഹരജി നല്‍കണമെന്നു പറയുന്നത്. പകരം സര്‍ക്കാര്‍ ഞങ്ങള്‍ക്ക് 500 ഏക്കര്‍ ഭൂമി നല്‍കിയാലും അത് സ്വീകരിക്കരുതെന്നാണ് എന്റെ അഭിപ്രായം. എന്നിരുന്നാലും ഇന്നത്തെ യോഗത്തിലാണ് അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ മസ്ജിദ് തിരിച്ചുതരണമെന്ന അസദുദ്ദീന്‍ ഉവൈസിയുടെ ആവശ്യത്തെയും സഫരിയാബ് ജീലാനി പിന്തുണച്ചു.

    ബാബരി കേസില്‍ മുസ് ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് കക്ഷിയല്ലാത്തതിനാല്‍ കേസില്‍ കക്ഷികളായവര്‍ മുഖേന പുനപരിശോധന ഹര്‍ജി നല്‍കുന്നതിനെ കുറിച്ചാണ് ആലോചിക്കുക. എന്നാല്‍ പുനപരിശോധന ഹര്‍ജി നല്‍കില്ലെന്ന് യുപി സുന്നി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സുഫര്‍ ഫാറൂഖി വ്യക്തമാക്കിയിരുന്നു. സുപ്രിംകോടതി വിധി ചോദ്യം ചെയ്യാനില്ലെന്ന് കേസിലെ പ്രധാന കക്ഷികളിലൊരാളായ ഇഖ്ബാല്‍ അന്‍സാരിയും അറിയിച്ചിരുന്നു. എന്നാല്‍, യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മേധാവി സുഫര്‍ ഫാറൂഖി വിധിയെ സ്വാഗതം ചെയ്തതില്‍ കാര്യമില്ലെന്നും അദ്ദേഹത്തിന് അന്തിമ തീരുമാനമെടുക്കാനാവില്ലെന്നും ഇന്നത്തെ യോഗത്തില്‍ ഫാറൂഖിയെയും ക്ഷണിച്ചിട്ടുണ്ടെന്നും സഫരിയാബ് ജീലാനി പറഞ്ഞു. മുസ് ലിം സ്ത്രീകളുടെ പള്ളി പ്രവേശനം സംബന്ധിച്ച ഹരജി സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് വിശാല ബെഞ്ചിന് വിട്ട വിഷയവും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണു സൂചന.

Tags:    

Similar News