ബാബരി കേസിലെ പിന്‍മാറ്റ അപേക്ഷ വ്യക്തിപരമെന്ന് സൂചന
വഖ്ഫ് സ്വത്തുക്കളുടെ വില്‍പ്പനയിലും കൈമാറ്റത്തിലും തിരിമറി നടത്തിയെന്ന് ആരോപിച്ച് ഒക്ടോബര്‍ 12നു യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനു ശുപാര്‍ശ ചെയ്തിരുന്നു. വഖ്ഫ് ഭൂമി ഇടപാട് സംബന്ധിച്ച പരാതിയില്‍ അലഹബാദിലും ലക്‌നോയിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാലുദിവസം മുമ്പ് യുപി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. ബാബരി ഭൂമി തര്‍ക്കക്കേസില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് സിബിഐ അന്വേഷണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന സംശയങ്ങള്‍ക്കു പിന്നാലെയാണ് വഖ്ഫ് ബോര്‍ഡ്് ചെയര്‍മാന്റെ പിന്‍മാറ്റം.
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസില്‍ സുപ്രിംകോടതിയില്‍ വാദം അവസാനിച്ച അവസാന ദിനമായ ഇന്ന് കേസില്‍ നിന്ന് പിന്‍മാറുകയാണെന്നു കാണിച്ച് സുന്നി വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ നല്‍കിയ അപേക്ഷ വ്യക്തിപരമെന്നു സൂചന. കേസില്‍നിന്ന് പിന്‍മാറുന്നുവെന്ന് കാണിച്ചാണ് സുന്നി വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ അഹമ്മദ് ഫാറൂഖി വ്യക്തിപരമായി അപേക്ഷ നല്‍കിയത്. എന്നാല്‍ ചെയര്‍മാന്റെ നീക്കത്തില്‍ ബോര്‍ഡിലെ മറ്റംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നാണു വിവരം. വഖ്ഫ് സ്വത്തുക്കളുടെ വില്‍പ്പനയിലും കൈമാറ്റത്തിലും തിരിമറി നടത്തിയെന്ന് ആരോപിച്ച് ഒക്ടോബര്‍ 12നു യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനു ശുപാര്‍ശ ചെയ്തിരുന്നു. വഖ്ഫ് ഭൂമി ഇടപാട് സംബന്ധിച്ച പരാതിയില്‍ അലഹബാദിലും ലക്‌നോയിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാലുദിവസം മുമ്പ് യുപി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. ബാബരി ഭൂമി തര്‍ക്കക്കേസില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് സിബിഐ അന്വേഷണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന സംശയങ്ങള്‍ക്കു പിന്നാലെയാണ് വഖ്ഫ് ബോര്‍ഡ്് ചെയര്‍മാന്റെ പിന്‍മാറ്റം. ബാബരി ഭൂമി ഹിന്ദുക്കള്‍ക്ക് ഉപാധികളോടെ വിട്ടുകൊടുക്കാമെന്ന ഒത്തുതീര്‍പ്പ് മുന്നാട്ടുവച്ചാണ് യുപി സുന്നി വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ കേസില്‍നിന്നു പിന്‍മാറുകയാണെന്നു കാണിച്ച് അപേക്ഷ നല്‍കിയത്.
ബാബരി മസ്ജിദ് ഭൂമി വിട്ടുകൊടുക്കുന്നതിനു പകരം മറ്റൊരു സ്ഥലത്ത് പള്ളി പണിയാന്‍ അനുവദിക്കുക, അയോധ്യയിലെ 22 മുസ് ലിം പള്ളികള്‍ പുതുക്കിപ്പണിയുക, മറ്റു പള്ളികളിന്‍മേലുള്ള അവകാശവാദം ഉപേക്ഷിക്കുക, പുരാവസ്തു വകുപ്പിനു കീഴിലുള്ള ചരിത്രപ്രസിദ്ധമായ പള്ളികളില്‍ പ്രാര്‍ഥന അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചാണ് ഒത്തുതീര്‍പ്പിനു തയ്യാറായതെന്നാണു റിപോര്‍ട്ടുകള്‍.
നേരത്തേ സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതിക്കു നല്‍കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥ ഇന്ന് രാവിലെയാണ് അഡ്വ. ശ്രീരാം പഞ്ചു മുഖേന കോടതിക്കു കൈമാറിയത്. അതേസമയം, ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ചില ഹിന്ദുസംഘടനകളും ഒപ്പുവച്ചിട്ടുണ്ടെങ്കിലും വിഎച്ച്പി നിയന്ത്രണത്തിലുള്ള രാമജന്‍മഭൂമി ന്യാസ് ഒപ്പിട്ടിട്ടില്ല. അതേസമയം, ഇത്തരമൊരു മധ്യസ്ഥ ശുപാര്‍ശ കോടതിക്കു മുന്നിലെത്തിയിട്ടില്ലെന്നും ഓള്‍ ഇന്ത്യാ മുസ് ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് വക്താവ് എസ് ക്യു ആര്‍ ഇല്യാസ് ബുധനാഴ്ച രാവിലെ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ വൈകീട്ട് അറിയിക്കാമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
നിലവിലെ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് നവംബര്‍ 17നു വിരമിക്കുന്നതിനു മുമ്പ് കേസില്‍ വിധി പറയുമെന്നാണ് സൂചന. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരാണ് അഞ്ചംഗ ഭരണഘടന ബെഞ്ചിലുള്ളത്. തര്‍ക്ക ഭൂമി മൂന്നായി ഭാഗിച്ചുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയായ അപ്പീലുകളിലാണ് സുപ്രിം കോടതി അന്തിമവാദം കേട്ടത്.
