ബാബരി മസ്ജിദ് കേസ് വിധി: മാധ്യമങ്ങള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി എന്‍ബിഎസ്എ

ബാബരി കേസുമായി ബന്ധപ്പെട്ട ഏതൊരു വാര്‍ത്തയും പ്രകോപനപരമാവാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കണം. സാമുദായിക ഐക്യവും രാജ്യത്തിന്റെ മതേതര ധാര്‍മികതയും പൊതുജനതാല്‍പര്യവും സംരക്ഷിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് നല്‍കുന്നതെന്ന് കര്‍ശനമായി ഉറപ്പുവരുത്തണം.

Update: 2019-11-06 09:55 GMT

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതി നിര്‍ണായകവിധി പുറപ്പെടുവിക്കാനിരിക്കെ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി (എന്‍ബിഎസ്എ). ബാബരി കേസ് അത്യന്തം വൈകാരികസ്വഭാവത്തിലുള്ള ഒരു കേസാണ്. പൊതുജനങ്ങളില്‍ അഭിപ്രായരൂപീകരണത്തിനും വ്യാപകമായി സ്വാധീനം ചെലുത്തുന്നതിനും ദൃശ്യമാധ്യമങ്ങള്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. അതിനാല്‍, വൈകാരിക വിഷയങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുകയും ജാഗ്രതപാലിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് എന്‍ബിഎസ്എ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ബാബരി കേസുമായി ബന്ധപ്പെട്ട ഏതൊരു വാര്‍ത്തയും പ്രകോപനപരമാവാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കണം. സാമുദായിക ഐക്യവും രാജ്യത്തിന്റെ മതേതര ധാര്‍മികതയും പൊതുജനതാല്‍പര്യവും സംരക്ഷിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് നല്‍കുന്നതെന്ന് കര്‍ശനമായി ഉറപ്പുവരുത്തണം. എല്ലാ വാര്‍ത്താ പ്രക്ഷേപകരും മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക മാത്രമല്ല, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാതെ വാര്‍ത്തകളുടെ ഉള്ളടക്കത്തില്‍ കൃത്യതയും നിഷ്പക്ഷതയും ഉറപ്പുവരുത്തണമെന്നും എന്‍ബിഎസ്എ നിര്‍ദേശിച്ചു.

എന്‍ബിഎസ്എ പുറപ്പെടുവിച്ച  കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍: 

1. സുപ്രിംകോടതി വിധി വരുന്നതിന് മുമ്പ് പ്രസ്തുത വിഷയത്തിലെ കോടതി നടപടികള്‍ മുന്‍നിര്‍ത്തി ഊഹോപോഹങ്ങള്‍ പ്രചരിപ്പിക്കരുത്.

2. സുപ്രിംകോടതി രേഖകള്‍ പരിശോധിച്ച ശേഷം വാര്‍ത്തയുടെ ആധികാരികതയും യാഥാര്‍ഥ്യവും കൃത്യതയും മനസ്സിലാക്കിയ ശേഷമോ അല്ലെങ്കില്‍ ചുരുങ്ങിയപക്ഷം നേരിട്ട് കോടതിയില്‍നിന്നും അറിഞ്ഞതിനുശേഷം മാത്രമേ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഈ വിഷയത്തില്‍ റിപോര്‍ട്ടര്‍മാരും എഡിറ്റര്‍മാരും വാര്‍ത്തകള്‍ നല്‍കാന്‍ പാടുള്ളൂ.

3. വ്യക്തതയും അവലംബവുമില്ലാതെ ബാബരി വിധിന്യായവുമായി ബന്ധപ്പെട്ടതോ അനന്തരഫലവുമായി ബന്ധപ്പെട്ടതോ ആയ ഊഹാപോഹങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പരിപാടികള്‍ സംപ്രേക്ഷണം ചെയ്യരുത്.

4. കേസിലെ വിധിയുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തകളിലും ബാബരി മസ്ജിദ് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യാന്‍ പാടില്ല.

5. ബാബരി വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന പ്രതിഷേധങ്ങളുടെയോ ആഘോഷങ്ങളുടെയോ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യരുത്.

6. സുപ്രധാന വിഷയമായതിനാല്‍തന്നെ ബാബരി വിധിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പ് കൂടുതല്‍ കൃത്യയും ജാഗ്രതയും പുലര്‍ത്തുന്നതോടൊപ്പം ഉന്നത എഡിറ്റോറിയല്‍ അധികാരികളുടെ അനുവാദവും വാങ്ങിയിരിക്കണം.

7. വാര്‍ത്തയും പരിപാടികളും ഏതെങ്കിലും സമുദായത്തിന് അനുകൂലമായോ പ്രതികൂലമായോ മുന്‍വിധിയോടുകൂടിയോ പക്ഷപാതപരമായോ സംപ്രേക്ഷണം ചെയ്യാന്‍ പാടില്ല.

8. കാഴ്ചക്കാരെ സ്വാധീനിക്കുന്ന തരത്തിലുള്ള ഏതെങ്കിലും തീവ്രമായ നിലപാടുകള്‍ പറയാന്‍ ചര്‍ച്ചകളില്‍ ആര്‍ക്കും അവസരം നല്‍കരുത്.

9. തീവ്രവികാരങ്ങള്‍ ഉണര്‍ത്തുന്നതും പൊതുജനങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതുമായ ചര്‍ച്ചകള്‍ ഒഴിവാക്കണം.

മേല്‍പ്പറഞ്ഞ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇത് ലംഘിക്കുന്ന ചാനലുകള്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും എന്‍ബിഎസ്എ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. വാര്‍ത്താമാധ്യമങ്ങളുടെ സ്വയം നിയന്ത്രണത്തിനുവേണ്ടി മാത്രം രൂപീകരിച്ച അതോറിറ്റിയാണ് എന്‍ബിഎസ്എ. നിയമപരമായ അധികാരങ്ങളുള്ള ഔദ്യോഗിക സംവിധാനമല്ല ഇത്.

 

Tags:    

Similar News