'ചരിത്രത്തെ വില്ലുവണ്ടിയിലേറ്റിയ വിപ്ലവകാരി'

അധസ്ഥിതര്‍ക്ക് വഴിനടക്കാനും തുണിയുടുക്കാനും അക്ഷരം പഠിക്കാനുമുള്ള അവകാശം നേടിയെടുക്കാന്‍ ഒട്ടേറെ രക്തരൂക്ഷിത സമരങ്ങള്‍ക്കാണ് നവോത്ഥാന നായകനായ അയ്യങ്കാളി നേതൃത്വം നല്‍കിയത്. 1863 ആഗസ്ത് 28 ന് തിരുവവനന്തപുരത്തെ വെങ്ങാനൂരിലാണ് അയ്യങ്കാളി ജനിച്ചത്. പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴിസഞ്ചാരസ്വാതന്ത്ര്യം പിടിച്ചെടുത്താണ് ശ്രദ്ധേയനായത്.

Update: 2019-08-28 04:48 GMT

കോഴിക്കോട്: അധസ്ഥിതര്‍ക്ക് കേരള സമൂഹത്തില്‍ നീതിയുടെ ഇരിപ്പിടമൊരുക്കിയ എക്കാലത്തെയും മികച്ച വിപ്ലവകാരിയായ അയ്യങ്കാളിയുടെ ജന്‍മദിനം ഇന്ന്. അധസ്ഥിതര്‍ക്ക് വഴിനടക്കാനും തുണിയുടുക്കാനും അക്ഷരം പഠിക്കാനുമുള്ള അവകാശം നേടിയെടുക്കാന്‍ ഒട്ടേറെ രക്തരൂക്ഷിത സമരങ്ങള്‍ക്കാണ് നവോത്ഥാന നായകനായ അയ്യങ്കാളി നേതൃത്വം നല്‍കിയത്. 1863 ആഗസ്ത് 28 ന് തിരുവവനന്തപുരത്തെ വെങ്ങാനൂരിലാണ് അയ്യങ്കാളി ജനിച്ചത്. പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴിസഞ്ചാരസ്വാതന്ത്ര്യം പിടിച്ചെടുത്താണ് ശ്രദ്ധേയനായത്.

1893ല്‍ വെങ്ങാനൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് അയ്യങ്കാളി നടത്തിയ വില്ലുവണ്ടി യാത്ര ചരിത്രത്തിന്റെ ഭാഗമായി. താന്‍ വിലയ്ക്കു വാങ്ങിയ വില്ലുവണ്ടിയില്‍ കൊഴുത്ത രണ്ടു വെള്ളക്കാളയെ ബന്ധിച്ചും അവയുടെ കഴുത്തിലും കൊമ്പിലും മണികള്‍കെട്ടി ഉയര്‍ന്നതരം മേല്‍മുണ്ടും തലപ്പാവും ധരിച്ച് രാജകീയപ്രൗഢിയോടെ ചാലിയത്തെരുവുവഴി ആറാലുംമൂട് ചന്തയിലേക്ക് അയ്യങ്കാളി നടത്തിയ ജൈത്രയാത്ര അധസ്ഥിത വര്‍ഗത്തിന്റെ വിമോചനത്തിനുളള സമരകാഹളമായിരുന്നു. ആവേശഭരിതരായ അനുയായികള്‍ അദ്ദേഹത്തിന് അകമ്പടി സേവിച്ചു.

                        തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സ്വന്തം സമുദായത്തിലുള്ളവര്‍ ആദരപൂര്‍വം അദ്ദേഹത്തെ അയ്യങ്കാളി യജമാനന്‍ എന്നുവിളിക്കാന്‍ തുടങ്ങി. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ഒരുപറ്റം ആളുകള്‍ക്ക് വഴി നടക്കാനും അക്ഷരവിദ്യ അഭ്യസിക്കാനുമുള്ള അനുവാദത്തിനുവേണ്ടി അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിന് അടിത്തറ പാകി. തിരുവിതാംകൂറില്‍ കര്‍ഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കുസമരം നയിച്ചത് അയ്യങ്കാളിയാണ്.

അധസ്ഥിതവര്‍ഗത്തിന് നിഷിദ്ധമായിരുന്ന വിദ്യാഭ്യാസത്തിന്റെ പാതകള്‍ തുറന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി 'സാധുജനപരിപാലന സംഘം' എന്ന സംഘടന അയ്യങ്കാളിയുടെ നേതൃത്വത്തില്‍ 1907ല്‍ സ്ഥാപിതമായി. വിദ്യാവിഹീനനായിരുന്ന അയ്യങ്കാളി വളരെ പണിപ്പെട്ടാണ് തന്റെ പേര് മലയാളത്തില്‍ എഴുതാന്‍ പഠിച്ചത്. ഈ ദുരവസ്ഥ തന്റെ സമൂഹത്തിനുണ്ടാവരുതെന്ന ചിന്തയില്‍ വെങ്ങാനൂരില്‍ ഒരു കുട്ടിപ്പളളിക്കൂടം തുറന്നു. എന്നാല്‍, സവര്‍ണ വര്‍ഗത്തിന്റെ എതിര്‍പ്പുമൂലം അത് തുടരാന്‍ കഴിഞ്ഞില്ല.

പൊതുവിദ്യാലയങ്ങളില്‍ ദലിത് വിദ്യാര്‍ഥികള്‍ക്ക് പ്രവേശം വേണമെന്ന് അദ്ദേഹം വാദിച്ചു. 1910 ല്‍ ശ്രീമൂലം രാജ്യസഭയിലേയ്ക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു. 25 വര്‍ഷം അംഗത്വം തുടര്‍ന്നു. ദലിത് ബാലകര്‍ക്ക് വിദ്യാലയപ്രവേശനം, സൗജന്യ ഉച്ചഭക്ഷണം, സൗജന്യനിയമസഹായം എന്നിവയ്ക്കുവേണ്ടി സഭയില്‍ ഫലപ്രദമായി വാദിച്ചു. അയ്യങ്കാളിയുടെയും കൂട്ടരുടെയും നിരന്തരമായ അപേക്ഷ മാനിച്ചുകൊണ്ട് 1914ല്‍ ദലിത് ശിശുക്കള്‍ക്ക് വിദ്യാലയപ്രവേശം അനുവദിച്ചുകൊണ്ട് തിരുവിതാംകൂര്‍ മഹാരാജാവ് ഉത്തരവിറക്കി. കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ട് അയ്യങ്കാളി ഒരു പുലയക്കുട്ടിയെ സ്‌കൂളില്‍ ചേര്‍ത്തു.

എക്കാലത്തെയും വലിയ വാര്‍ത്തകളിലൊന്നായിരുന്നു അത്. 1926 ഫെബ്രുവരി 27ലെ പ്രജാസഭാപ്രസംഗം സുപ്രധാനമാണ്. അയ്യങ്കാളിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട അധസ്ഥിതരായ സ്ത്രീകള്‍ കല്ലുമാല പൊട്ടിച്ചെറിയാനും മാറുമറയ്ക്കാനും വേണ്ടി നടത്തിയ പ്രക്ഷോഭം കേരള ചരിത്രത്തിന്റെ ഭാഗമാണ്. പുലയരാജാവ് എന്നാണ് ഗാന്ധിജി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ക്ഷേത്രപ്രവേശന വിളംബരത്തെ തുടര്‍ന്ന് കേരളത്തിലെത്തിയ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തി അയ്യങ്കാളിയെ സന്ദര്‍ശിച്ചതും ചരിത്രത്തിലെ നാഴികക്കല്ലായി. അയ്യങ്കാളിയോടുള്ള ആദരസൂചകമായി ജന്‍മദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.  

Tags: