ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ആക്രമണം; കലാപ ശ്രമത്തിന് കേസെടുക്കാതെ പോലിസ്

ആർഎസ്എസ് ആക്രമണത്തിൽ പങ്കെടുത്തവരുടെ വിവരങ്ങളാരായാൻ പോലിസിനെ നേരത്തെ ബന്ധപ്പെട്ടപ്പോഴും അറസ്റ്റ് ചെയ്ത പ്രസൂൺ നാരായണന് രാഷ്ട്രീയ ബന്ധമില്ലെന്നാണ് പോലിസ് പറഞ്ഞിരുന്നത്. അതിന്റെ തനിയാവർത്തനമാണ് ഇപ്പോൾ പുറത്തുവന്ന എഫ്ഐആറിലും കാണുവാൻ സാധിക്കുന്നത്.

Update: 2022-05-09 06:05 GMT

അഭിലാഷ് പി

കോഴിക്കോട്: ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് പേരാമ്പ്രയിലെ സൂപ്പർമാർക്കറ്റിൽ ആർഎസ്എസ് നടത്തിയ കലാപ ശ്രമത്തെ വധശ്രമത്തിലൊതുക്കി പോലിസ് എഫ്ഐആർ. ഹലാൽ ബീഫിന്റെ പേരിലാണ് വിദ്വേഷം ജനിപ്പിക്കാൻ ശ്രമിച്ച് ആക്രമണം നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഒഴിവാക്കിയാണ് പോലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ആർഎസ്എസ് ആക്രമണത്തിൽ പങ്കെടുത്തവരുടെ വിവരങ്ങളാരായാൻ പോലിസിനെ നേരത്തെ ബന്ധപ്പെട്ടപ്പോഴും അറസ്റ്റ് ചെയ്ത പ്രസൂൺ നാരായണന് രാഷ്ട്രീയ ബന്ധമില്ലെന്നാണ് പോലിസ് പറഞ്ഞിരുന്നത്. അതിന്റെ തനിയാവർത്തനമാണ് ഇപ്പോൾ പുറത്തുവന്ന എഫ്ഐആറിലും കാണുവാൻ സാധിക്കുന്നത്. ആർഎസ്എസ് പ്രവർത്തകരാണ് കലാപത്തിന് ശ്രമിച്ചതെന്ന കാര്യം പോലിസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ല. കേസിലെ രണ്ടാം പ്രതിയായ ജിഷ്ണുവിനെ കുറിച്ച് യാതൊരു വിവരവും പോലിസിന് ലഭിച്ചിട്ടില്ലെന്ന് പേരാമ്പ്ര എസ്ഐ ഹബീബ് തേജസ് ന്യൂസിനോട് പറഞ്ഞു.

സിസിടിവി അടക്കമുള്ള പ്രദേശത്താണ് ആദ്യം രണ്ട് പേരും പിന്നീട് കൂടുതൽ പേർ ആയുധവുമായി എത്തി ആക്രമണം നടത്തിയത്. എന്നിട്ടും രണ്ടാം പ്രതിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്ന പോലിസ് ഭാഷ്യം സംശയാസ്പദമാണ്. ഇൻഡസ് മോട്ടോർസ് കുറ്റ്യാടി ബ്രാഞ്ച് മാനേജരാണ് അറസ്റ്റിലായ മേപ്പയ്യൂർ മഠത്തുംഭാ​ഗം സ്വദേശിയും സജീവ ആർഎസ്എസ് പ്രവർത്തകനായ പ്രസൂൺ നാരായണൻ. എങ്കിലും പോലിസിന് മാത്രം രാഷ്ട്രീയ ബന്ധം വെളിപ്പെട്ടിട്ടില്ലെന്നതിൽ ദുരൂഹത ഉയരുന്നുണ്ട്.

പേരാമ്പ്ര ടൗണിലെ ബാദുഷ സൂപ്പര്‍മാര്‍ക്കറ്റിലാണ് ഞായറാഴ്ച്ച ഉച്ചയ്ക്ക് ആർഎസ്എസ് സംഘം അക്രമം നടത്തിയത്. സൂപ്പര്‍മാര്‍ക്കറ്റില്‍ ബീഫ് സൂക്ഷിച്ചിരുന്ന ഫ്രീസറിനു മുകളില്‍ ഹലാല്‍ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടായിരുന്നു. കടയിലെത്തിയ രണ്ടുപേര്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് വേണമെന്നാവശ്യപ്പെട്ട് ജീവനക്കാരുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കൂടുതല്‍ പേരെത്തി ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു.

പോലിസെത്തിയതോടെ ആർഎസ്എസ് പ്രവർത്തകർ വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. മറ്റ് ആർഎസ്എസ് പ്രവർത്തകർക്കൊപ്പം രക്ഷപ്പെടുമ്പോൾ പ്രസൂൺ പോലിസ് പിടിയിലാവുകയായിരുന്നു. വാഹനത്തിലുള്ള ആർഎസ്എസ് പ്രവർത്തകരുടെ കൈയ്യിൽ ആയുധങ്ങളടക്കം ഉണ്ടായിരുന്നതായും വിവരമുണ്ട്. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് കലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം ആക്രമം നടത്തിയതെന്നാണ് പോലിസ് എഫ്ഐആർ പറയുന്നത്.