നിയമസഭാ സമ്മേളനത്തിന് നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം; കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും വായിച്ച് ഗവര്‍ണര്‍

Update: 2023-01-23 05:45 GMT

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ 15ാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തുടക്കമായി. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒഴിവാക്കിയില്ല. കേന്ദ്രം സംസ്ഥാനത്തിന് കടപരിധി നിശ്ചയിക്കുന്നതിനെതിരേ വിമര്‍ശനമുന്നയിച്ച ഭാഗങ്ങള്‍ ഉള്‍പ്പെടെ ഗവര്‍ണര്‍ വായിച്ചു. കടപരിധി നിശ്ചയിക്കാനുള്ള ശ്രമം വികസനത്തിന് തടയിടുന്നതാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ പ്രതിഫലിക്കുന്ന നിയമസഭകള്‍ സംരക്ഷിക്കപ്പെടണം.

സംസ്ഥാനങ്ങളുടെ നിയമനിര്‍മാണ അധികാരം സംരക്ഷിക്കപ്പെടണം. ഭരണഘടനാ മൂല്യങ്ങള്‍ വെല്ലുവിളി നേരിടുന്നെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ടാണ് നയപ്രഖ്യാപനം ആരംഭിച്ചത്. സുസ്ഥിര വികസനത്തില്‍ കേരളം മുന്നിലാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. അഭിമാനകരമായ സാമ്പത്തിക വളര്‍ച്ചയാണ് സംസ്ഥാനം നേടിയത്. അടിസ്ഥാന വിഭാഗങ്ങളുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നീതി ആയോഗ് കണക്കുകളില്‍ കേരളം മുന്നിലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. സഭയിലെത്തിയ ഗവര്‍ണറെ സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്നാണ് സ്വീകരിച്ചത്.

പ്രധാനമായും 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസാക്കുന്നതിനായി ചേരുന്ന ഈ സമ്മേളനം ഇന്ന് മുതല്‍ മാര്‍ച്ച് 30 വരെ 33 ദിവസം ചേരും. 25, ഫെബ്രുവരി ഒന്ന്, രണ്ട് തിയ്യതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിനു നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയും ഫെബ്രുവരി മൂന്നിനു ബജറ്റ് അവതരണവുമാണ് നിശ്ചയിച്ചിട്ടിട്ടുള്ളത്. ഫെബ്രുവരി ആറ് മുതല്‍ എട്ടുവരെയുള്ള തിയ്യതികളില്‍ ബജറ്റിന്‍മേലുള്ള പൊതുചര്‍ച്ച നടക്കും. എല്ലാ നടപടികളും പൂര്‍ത്തീകരിച്ച് മാര്‍ച്ച് 30ന് സഭാ സമ്മേളനം അവസാനിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളതെന്നും സ്പീക്കര്‍ അറിയിച്ചു.

Tags:    

Similar News