മാധ്യമ വിലക്ക് ഉള്‍പേജില്‍ ഒതുക്കി മനോരമയും മാതൃഭൂമിയും; സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധം

മാധ്യമം, ദേശാഭിമാനി, ജനയുഗം, സുപ്രഭാതം എന്നിവ മാധ്യമവിലക്കിനെ ഒന്നാം പേജില്‍ പ്രാധാന്യത്തോടെയാണ് അവതരിപ്പിച്ചത്. കേരളത്തില്‍ ഇറങ്ങുന്ന ദേശീയ ദിനപത്രങ്ങളായ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്‌സ്പ്രസ് എന്നിവയും ഒന്നാം പേജില്‍ തന്നെ ചാനലുകളുടെ വിലക്കിനെക്കുറിച്ചുളള വാര്‍ത്ത നല്‍കിയിട്ടുണ്ട്.

Update: 2020-03-07 08:02 GMT

കോഴിക്കോട്: ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ രണ്ട് മലയാളം ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് പ്രധാനവാര്‍ത്തയാക്കാതെ മലയാള ചാനലുകളും പത്രങ്ങളും. മലയാള മനോരമയും മാതൃഭൂമിയും വാര്‍ത്ത ഉള്‍പ്പേജില്‍ ഒതുക്കി.


സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്ന ചാനലുകളുടെ വിലക്കിനെ ഒരു കോളത്തിലും രണ്ടുകോളത്തിലുമായി ഉള്‍പേജില്‍ ഒതുക്കിയത്. ചന്ദ്രിക ഒന്നാം പേജില്‍ വാര്‍ത്ത നല്‍കിയെങ്കിലും ഒരു കോളത്തില്‍ ഒതുക്കി. സിറാജും ഒരു കോളത്തിലാണ് വാര്‍ത്ത നല്‍കിയത്.

അതേസമയം മാധ്യമം, ദേശാഭിമാനി, ജനയുഗം, സുപ്രഭാതം എന്നിവ മാധ്യമവിലക്കിനെ ഒന്നാം പേജില്‍ പ്രാധാന്യത്തോടെയാണ് അവതരിപ്പിച്ചത്. കേരളത്തില്‍ ഇറങ്ങുന്ന ദേശീയ ദിനപത്രങ്ങളായ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്‌സ്പ്രസ് എന്നിവയും ഒന്നാം പേജില്‍ തന്നെ ചാനലുകളുടെ വിലക്കിനെക്കുറിച്ചുളള വാര്‍ത്ത നല്‍കിയിട്ടുണ്ട്.

മലയാള മനോരമ ആറാം പേജില്‍ രണ്ട് കോളം വാര്‍ത്തയാക്കിയും മാതൃഭൂമി ഏഴാം പേജില്‍ ഒരു കോളത്തിലുമാണ് ചാനല്‍ വിലക്കിനെക്കുറിച്ച് വായനക്കാരെ അറിയിക്കുന്നത്. ഇരുപത്രങ്ങളുടെയും ചാനലുകളായ മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ് എന്നിവയും വിലക്ക് സംബന്ധിച്ച് ഇന്നലെ രണ്ട് മണിക്കൂറോളം വൈകിയാണ് വാര്‍ത്തകള്‍ നല്‍കിയത്. മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടികള്‍ കൈക്കൊളളുമ്പോള്‍ മലയാള മനോരമ, മാതൃഭൂമി എന്നിവ ഇപ്പോള്‍ കൈക്കൊളളുന്ന നിലപാടിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഇന്നലെ വൈകുന്നേരം 7.30 മുതലാണ് മീഡിയ വണ്‍, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. വിലക്ക് ഏര്‍പ്പെടുത്തി ആറ് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പുലര്‍ച്ചെ 1.30 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ആരംഭിച്ചിരുന്നു. രാവിലെ 9.30ന് മീഡിയാ വണിന്റെ വിലക്കും നീക്കി. കേന്ദ്രവുമായി നടത്തിയ ചര്‍ച്ചകളേ തുടര്‍ന്നാണ് ഏഷ്യാനെറ്റിന്റെ വിലക്ക് നീക്കിയത്. എന്നാല്‍, മീഡിയാ വണിന്റെ വിലക്ക് സ്വമേധയാ നീക്കിയെന്ന് മീഡിയാ വണ്‍ മാനേജ്‌മെന്റ് അറിയിച്ചു.

Tags: