പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ അറസ്റ്റ്: കൂടുതല്‍ കള്ളക്കഥകളുമായി യുപി പോലിസ്; യുഎപിഎ ചുമത്തി

മുസ്‌ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കുന്നത് യുപിയിലെ ബിജെപി സര്‍ക്കാര്‍ തുടരുകയാണ്

Update: 2021-02-18 05:10 GMT

ലക്‌നൌ: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കൂടുതല്‍ കള്ളക്കഥകളുമായി യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്. രണ്ടുപേരും കൂട്ടാളികള്‍ക്ക് സ്‌ഫോടകവസ്തുക്കള്‍ വിതരണം ചെയ്തതായ 'പുതിയ കണ്ടെത്ത'ലാണ് പോലീസ് നടത്തിയത്. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. പന്തളം സ്വദേശി അന്‍സാദ്, കോഴിക്കോട് സ്വദേശി ഫിറോസ് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്.


ഇന്നലെ കോടതിയില്‍ ഹാജരാക്കിയ രണ്ടുപേരെയും ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മലയാളികളായ ഈ രണ്ടു പ്രവര്‍ത്തകരും സംഘടനാ വ്യാപനത്തിന്റെ ഭാഗമായി പശ്ചിമ ബംഗാളും ബീഹാറും സന്ദര്‍ശിച്ചിരുന്നു. ഫെബ്രുവരി 11ന് പുലര്‍ച്ചെ 5.40 ന് ബീഹാറിലെ കത്തിഹാറില്‍ നിന്നും മുംബയിലേക്ക് പോകാനായി ട്രെയിനില്‍ കയറിയ ഇവരെ അന്ന് വൈകീട്ടാണ് കുടുംബങ്ങള്‍ അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത്. അതിന് ശേഷം അവരെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഫെബ്രുവരി 15ന് അന്‍ഷാദിന്റെയും 16ന് രാവിലെ ഫിറോസിന്റെയും കുടുംബം കേരള പോലിസിന് പ്രാദേശിക സ്‌റ്റേഷനുകളില്‍ പരാതി സമര്‍പ്പിച്ചു. ഈ പരാതി സമര്‍പ്പിച്ചതിന് ശേഷമാണ് യുപി എസ്ടിഎഫ് തിടുക്കത്തില്‍ ഒരു വാര്‍ത്താസമ്മേളനം വിളിച്ചതും അവരെ അറസ്റ്റ് ചെയതതിനു കാരണമായി ഭാവനയില്‍ വിരിഞ്ഞ ഭീകരാക്രമണമെന്ന കള്ളക്കഥ അവതരിപ്പിച്ചതും.


സ്‌ഫോടകവസ്തുക്കളും ആയുധങ്ങളുമായി ലക്‌നൗവിന് സമീപമുള്ള ക്രൂക്രിയില്‍ നിന്ന് ചൊവ്വാഴ്ച ഇവരെ അറസ്റ്റ് ചെയ്തതായിട്ടാണ് യുപി പോലിസ് മാധ്യമങ്ങളോട് പറഞ്ഞ കള്ളക്കഥ. ബോംബ് നിര്‍മ്മാണത്തിന് പരിശീലനം നല്‍കുന്നയാളാണ് ഫിറോസെന്നും അന്‍സാദ് ഹിറ്റ് സ്‌ക്വാഡ് തലവനാണെന്നും കണ്ടെത്തിയെന്നും എസ്എടി വ്യാജ ആരോപണം ഉന്നയിക്കുന്നുമുണ്ട്. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് ആര്‍എസ്എസ് തിരക്കഥയുടെ ഭാഗമാണെന്ന് ദേശീയ സെക്രട്ടറി നാസറുദ്ധീന്‍ എളമരം ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.


മുസ്‌ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കുന്നത് യുപിയിലെ ബിജെപി സര്‍ക്കാര്‍ തുടരുകയാണ്. പൗരത്വ നിയമത്തിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടുന്നത് ഉള്‍പ്പടെയുള്ള അത്യന്തം വിദ്വേഷപരമായ നടപടികളാണ് ആദിത്യനാഥിന്റെ ഹിന്ദുത്വ സര്‍ക്കാര്‍ നടത്തിയത്. ഹത്രാസിലെ ബലാല്‍സംഗ ഇരയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോവുന്നതിനിടെ യുപി പോലീസ് അന്യായമായി അറസ്റ്റു ചെയ്ത 3 വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനും യുപിയിലെ മഥുര ജയിലിലാണ്. കാംപസ് ഫ്രണ്ട് ദേശീയ ജനറള്‍ സെക്രട്ടറി റഊഫ് ഷരീഫിനെ കാക്കനാട് ജയിലില്‍ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനിടെ യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹവും ഇപ്പോള്‍ മഥുര ജയിലിലാണുള്ളത്.




Tags:    

Similar News