അപേക്ഷകർ 4,25,730, ആകെ സീറ്റ് 271136; അവതാളത്തിലാകുന്ന പ്ലസ് വൺ പ്രവേശനം
ഇതിന് പരിഹാരമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത് വിഎച്ച്എസ്‌സി, ഐടിഐ മേഖലയിലെ സീറ്റുകളുടെ എണ്ണമാണ്.
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം അവതാളത്തിലാകുമെന്ന സൂചന നൽകി നിയമസഭാ രേഖ. സംസ്ഥാനത്ത് അർഹരായ ഒരു ലക്ഷത്തിലധികം വിദ്യാർഥികൾക്ക് നിലവിലെ സാഹചര്യത്തിൽ പ്രവേശനം നേടാൻ കഴിയില്ലെന്ന ആക്ഷേപം ശ്രദ്ധയിൽ പെട്ടിട്ടുണ്ടോയെന്ന വടകര എംഎൽഎ കെ കെ രമ ഉന്നയിച്ച ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി നൽകിയ രേഖാപരമായ മറുപടിയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 2021-22 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന്റെ മുഖ്യ ഘട്ടത്തിലെ ഒന്നാം അലോട്ട്‌മെന്റിലെ പ്രവേശന നടപടികള്‍ അവസാനിച്ച് കഴിഞ്ഞപ്പോഴുള്ള സ്ഥിതിവിവര കണക്കുകളനുസരിച്ച് സംസ്ഥാനത്ത് ഏകജാലക രീതിയില്‍ പ്രവേശനം നടത്തുന്ന 271136 സീറ്റുകളിലേക്ക് 465219 വിദ്യാര്‍ഥികളാണ് അപേക്ഷിച്ചത്. ഇതില്‍ മാതൃ ജില്ലയ്ക്ക് പുറമേ മറ്റ് ജില്ലകളിലും അപേക്ഷിച്ച 39489 പേരുമുണ്ട്. അതിനാല്‍ പ്രവേശനം നല്‍കേണ്ട യഥാര്‍ത്ഥ അപേക്ഷകര്‍ 425730 മാത്രമാണെന്നും മറുപടിയിൽ പറയുന്നു.
ആദ്യ അലോട്ട്‌മെന്റില്‍ 201489 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം ലഭിച്ചത്. എന്നാല്‍ ഇതില്‍ 17065 പേര്‍ പ്രവേശനം തേടിയിട്ടില്ല. രണ്ടര ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഇപ്പോള്‍ തന്നെ പുറത്താണ്. സ്‌പോര്‍ട്‌സ് ക്വാട്ടയടക്കമുള്ള മാറ്റിവച്ച സീറ്റുകളിലേക്കും, അടുത്ത മൂന്ന് ഘട്ട അലോട്ട്‌മെന്റുകള്‍ നടന്നാലും രണ്ട് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസത്തിന് പുറത്തായിരിക്കുമെന്നാണ് സര്‍ക്കാരുകള്‍ പറഞ്ഞുവയ്ക്കുന്നത്.
ഇതിന് പരിഹാരമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത് വിഎച്ച്എസ്‌സി, ഐടിഐ മേഖലയിലെ സീറ്റുകളുടെ എണ്ണമാണ്. മലപ്പുറം ജില്ലയിലടക്കം ജനസംഖ്യാനുപാതികമായി ഹയര്‍സെക്കന്ററി സീറ്റുകള്‍ ഇല്ലെന്ന വിമര്‍ശനം കാംപസ് ഫ്രണ്ട്, ഫ്രറ്റേര്‍ണിറ്റി തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളില്‍ നിന്ന് നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ട്.
ഒക്ടോബര്‍ 18നാണ് അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാവുകയെന്നും അതിന് ശേഷം ആലോചിച്ച് തീരുമാനിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി നിയമസഭയെ അറിയിച്ചിരിക്കുന്നത്. എന്നാൽ ഈ വിവേചനത്തിനെതിരേ എസ്എഫ്ഐ ഒഴികെയുള്ള വ്യത്യസ്ത വിദ്യാർഥി സംഘടനകൾ ഇതിനകം തന്നെ പ്രക്ഷോഭ രംഗത്തുണ്ട്. വരുംദിവസങ്ങളിൽ ആ പ്രക്ഷോഭം ശക്തമാകാൻ സാധ്യതയേകുന്ന നിലപാടാണ് സർക്കാരിൽ നിന്നുണ്ടായിരിക്കുന്നതെന്ന് സാരം.
