അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; നാല് ദിവസത്തിനുള്ളിൽ മൂന്നാമത്തേത്
ഒരു കോടി രൂപ നവംബർ 22 ന് പാസായിട്ടുണ്ട്, മറ്റു നടപടി ക്രമങ്ങൾ കഴിഞ്ഞാലുടൻ ഗുണഭോക്താക്കളിലേക്ക് എത്തിക്കുമെന്ന് ഐടിഡിപി പ്രൊജക്ട് ഓഫീസർ പറഞ്ഞു. ഇപ്പോൾ പാസായിട്ടുള്ള തുകയുടെ പകുതിയും കുടിശ്ശിക കൊടുത്തുതീർക്കാൻ മാത്രമേ സാധിക്കുവെന്നതാണ് യാഥാർത്ഥ്യം.
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. മൂന്നു ദിവസം പ്രായമായ ആൺകുഞ്ഞാണ് മരിച്ചത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ വച്ചായിരുന്നു കുഞ്ഞിന്റെ മരണം. വീട്ടിയൂർ ആദിവാസി ഊരിലെ ഗീതു - സുനീഷ് ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ അട്ടപ്പാടിയിൽ നിന്ന് റിപോർട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണ് ഇത്. ഈ വർഷം ഇത് വരെ 10 കുട്ടികൾ മരിച്ചുവെന്നാണ് കണക്ക്.
നിരന്തരം ആവർത്തിക്കുന്ന സംഭവങ്ങളായി അട്ടപാടിയിലെ ശിശുമരണം മാറുകയാണ്. അട്ടപാടിയിലെ ചികിൽസാ സംവിധാനങ്ങളുടെ അഭാവത്തിലേക്കാണ് സംഭവം വിരൽചൂണ്ടുന്നത്. രണ്ട് ദിവസം മുമ്പാണ് തൂവ ഊരിലെ വല്ലി, രാജേന്ദ്രൻ ദമ്പതികളുടെ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചത്. കുഞ്ഞിന് തൂക്കം കുറവായിരുന്നതിനാൽ തൃശൂർ മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെയാണ് മരണം.
അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ഗർഭിണികൾക്ക് വിദഗ്ദ്ധ ചികിൽസ കിട്ടുന്നില്ലെന്നാണ് മരിച്ച കുഞ്ഞിന്റെ ബന്ധുക്കളുടെ പരാതി. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തിയിട്ടും മതിയായ ചികിൽസ കിട്ടിയില്ലെന്നും ഇതാണ് കുഞ്ഞ് മരിക്കാൻ കാരണമായതെന്നും ബന്ധുക്കൾ ആരോപിച്ചു.
ആദിവാസി ഗർഭിണികൾക്ക് പോഷകാഹാരം ഉറപ്പ് വരുത്താനുള്ള ജനനി ജന്മരക്ഷ പദ്ധതി മാസങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. ഫണ്ട് കിട്ടാത്തതിന്‍റെ പ്രശ്നമായിരുന്നുവെന്നും ഇപ്പോൾ ഫണ്ട് വന്നിട്ടുണ്ടെന്നുമാണ് ഐടിഡിപി പ്രൊജക്ട് ഓഫീസർ സുരേഷ് പി ഒ പറയുന്നത്.
അട്ടപ്പാടിയിൽ ജനനി ജന്മരക്ഷ പദ്ധതി പ്രകാരം 540 നും 560 നും ഇടയ്ക്ക് ഗുണഭോക്താക്കളാണ് ഈ വർഷം ഉള്ളത്. ഒരു കോടി രൂപ നവംബർ 22 ന് പാസായിട്ടുണ്ട്, മറ്റു നടപടി ക്രമങ്ങൾ കഴിഞ്ഞാലുടൻ ഗുണഭോക്താക്കളിലേക്ക് എത്തിക്കുമെന്ന് ഐടിഡിപി പ്രൊജക്ട് ഓഫീസർ പറഞ്ഞു. ഇപ്പോൾ പാസായിട്ടുള്ള തുകയുടെ പകുതിയും കുടിശ്ശിക കൊടുത്തുതീർക്കാൻ മാത്രമേ സാധിക്കുവെന്നതാണ് യാഥാർത്ഥ്യം.
സംസ്ഥാനത്തുടനീളം ആദിവാസികൾക്കുള്ള ധനസഹായ പദ്ധതികളെല്ലാം നിലച്ചിരിക്കുന്നതായാണ് ഐടിഡിപി ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം. അതിൽ ഒന്നു മാത്രമാണ് ജനനി ജന്മരക്ഷാ പദ്ധതി. ആദിവാസി കുട്ടികൾക്ക് സ്കൂളുകളിൽ എത്തിച്ചേരാനുള്ള ഗോത്ര സാരഥി പദ്ധതി പൂർണമായും നിലച്ചിട്ടുണ്ട്. കുട്ടികളെ സ്കൂളിലയക്കാൻ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണ് പല ആദിവാസി ഊരുകളിലുമുള്ളത്.

