അതീഖുര്‍ റഹ്മാനെ ഉടന്‍ മോചിപ്പിക്കണം: ആംനസ്റ്റി

Update: 2022-09-08 10:42 GMT

ന്യൂഡല്‍ഹി: ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംത്തിന് ഇരയായി കൊല്ലപ്പെട്ട യുപി ഹാഥ്‌റസിലേക്ക് പോകവെ യുപി പോലിസ് കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത കാംപസ് ഫ്രണ്ട് ദേശീയ നേതാവ് അതീഖുര്‍റഹ്മാനെ ഉടന്‍ മോചിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍. യുപി പോലിസ് യുഎപിഎ ചുമത്തി ജയിലില്‍ അടച്ചതിനാല്‍ ജാമ്യം പോലും ലഭിക്കാതെ രണ്ട് വര്‍ഷമായി അതീഖുര്‍ റഹ്മാന്‍ ജയിലില്‍ കഴിയുകയാണ്. അതീഖിനെതിരെ നടക്കുന്നത് പ്രതികാര നടപടിയാണെന്നും മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടി.

'മനുഷ്യാവകാശങ്ങള്‍ സമാധാനപരമായി വിനിയോഗിച്ചതിനാണ് കള്ളക്കേസുകള്‍ ചുമത്തി രണ്ട് വര്‍ഷത്തോളമായി അതീഖുര്‍ റഹ്മാനെ തടങ്കലിലാക്കിയിരിക്കുന്നത്. ഇത് ഇന്ത്യന്‍ അധികാരികളെ സംബന്ധിച്ചിടത്തോളം പരിഹാസ്യമാണ്. ചികിത്സ നിഷേധിച്ചും കാലതാമസം വരുത്തിയും അദ്ദേഹത്തിന്റെ ജീവിതം ദുസ്സഹമാക്കി കൂടുതല്‍ തകര്‍ക്കാനുള്ള പ്രതികാര നടപടികളിലാണ് അധികാരികള്‍. അദ്ദേഹത്തിന്റെ ഏകപക്ഷീയ തടങ്കല്‍ അവസാനിപ്പിക്കണം'' ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യ ബോര്‍ഡ് ചെയര്‍മാന്‍ ആകാര്‍ പട്ടേല്‍ പറഞ്ഞു.

''അദ്ദേഹത്തെ അടിയന്തരമായി മോചിപ്പിക്കുകയും രാഷ്ട്രീയ പ്രേരിതമായി ചുമത്തിയിട്ടുള്ള എല്ലാവിധ കുറ്റങ്ങളും പിന്‍വലിക്കുകയും വേണം. മോചിതനാകുന്നതുവരെ, അദ്ദേഹത്തിന്റെ തടങ്കല്‍ സാഹചര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി മെച്ചപ്പെടുത്തുന്നതും കുടുംബവുമായി സ്ഥിരമായി ബന്ധപ്പെടാനുള്ള സാഹചര്യവും ആവശ്യമായ ആരോഗ്യപരിരക്ഷയും അധികാരികള്‍ ഉറപ്പാക്കണം. റഹ്മാനെ മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിലേക്ക് തള്ളിയിടുന്നതും മതിയായ ചികിത്സ നല്‍കുന്നതില്‍ പരാജയപ്പെടുന്നതും മനുഷ്യാവകാശ ലംഘനമാണ്'' അദ്ദേഹം വ്യക്തമാക്കി.

അതീഖിന്റെ ജീവന്‍ രക്ഷിക്കണമെന്ന് ഭാര്യ സന്‍ജിദ റഹ്മാന്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഹൃദയവാല്‍വുകളില്‍ സുഷിരം അടയാത്ത അവസ്ഥയെ തുടര്‍ന്ന് 2007 മുതല്‍ ഡല്‍ഹി എയിംസില്‍ അതീഖ് ചികിത്സ തേടുന്നുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് അതീഖ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. എന്നാല്‍, ജയിലില്‍ തുടര്‍ചികിത്സയോ വേണ്ട പരിചരണമോ ലഭ്യമായില്ല. ഇതോടെയാണ് ആരോഗ്യനില മോശമായത്. അതീഖിന്റെ അവസ്ഥ ഗുരുതരമായി തുടരുമ്പോള്‍ തന്നെ അദ്ദേഹത്തെ ചികില്‍സ നിഷേധിച്ച് വീണ്ടും ജയിലേക്ക് മാറ്റി.

Tags:    

Similar News