തമിഴ്‌നാട്ടില്‍ എ.എം.എം.കെ-എസ്.ഡി.പി.ഐ സഖ്യം നിലവില്‍ വന്നു

ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാവുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നെല്ലൈ ടി എന്‍ മുബാറക്ക് തേജസ് ന്യൂസിനോട് പറഞ്ഞു. എസ്.ഡി.പി.ഐ ആകെ എത്ര സീറ്റില്‍ മല്‍സരിക്കുമെന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഒരാഴ്ചക്കകം തീരുമാനമുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.

Update: 2019-03-04 06:32 GMT

പി സി അബ്ദുല്ല

ചെന്നൈ: ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ടിടിവി ദിനകരന്റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകവും (എ.എം.എം.കെ) എസ്.ഡി.പി.ഐയും തമ്മിലുള്ള തിരഞ്ഞെടുപ്പ് സഖ്യം നിലവില്‍വന്നു. നിലവില്‍ ഒരു സീറ്റാണ് എസ്.ഡി.പി.ഐക്ക് അനുവദിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാവുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നെല്ലൈ ടി എന്‍ മുബാറക്ക് തേജസ് ന്യൂസിനോട് പറഞ്ഞു. എസ്.ഡി.പി.ഐ ആകെ എത്ര സീറ്റില്‍ മല്‍സരിക്കുമെന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഒരാഴ്ചക്കകം തീരുമാനമുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.

Full View

എസ്.ഡി.പി.ഐക്ക് അനുവദിച്ച മണ്ഡലവും സ്ഥാനാര്‍ഥിയേയും സംബന്ധിച്ച വിവരങ്ങള്‍ വെള്ളിയാഴ്ചയാണ് പ്രഖ്യാപിക്കുക. ദിനകരന്റെ പാര്‍ട്ടിയിലെ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ പശ്ചാത്തലത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ ഉപ തിരഞ്ഞെടുപ്പിനും സാധ്യതയുണ്ട്. അങ്ങിനെയെങ്കില്‍ നിയമസഭയിലേക്ക് എസ്.ഡി.പി.ഐക്ക് എത്ര സീറ്റു അനുവദിക്കുമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

എ.എം.എം.കെ-എസ്.ഡി.പി.ഐ സഖ്യത്തില്‍ നിലവില്‍ മറ്റു പാര്‍ട്ടികള്‍ ഒന്നുമില്ല. അതേസമയം, ഡി.എം.കെ, എ.ഐ.ഡി.എം.കെ മുന്നണികളില്‍നിന്നുള്ള ചില പ്രമുഖ കക്ഷികള്‍ എ.എം.എം.കെ-എസ്.ഡി.പി.ഐ സഖ്യവുമായി കൈകോര്‍ക്കാനുള്ള സാധ്യതയും നിലവിലുണ്ട്.

തമിഴ്‌നാട്ടില്‍ അഞ്ചു ലോക്‌സഭാ മണ്ഡലങ്ങളിലും 35 നിയമസഭാ മണ്ഡലങ്ങളിലും എസ്.ഡി.പി.ഐ നിര്‍ണായക കക്ഷിയാണ്. രാമനാഥപുരം, തിരുനെല്‍വേലി, വെല്ലൂര്‍, സെന്‍ട്രല്‍ ചെന്നൈ, നോര്‍ത്ത് ചെന്നൈ ലോക്‌സഭാ മണ്ഡലങ്ങളാണ് എസ്ഡിപിഐ ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിരുനെല്‍വേലി, നോര്‍ത്ത് ചെന്നൈ, രാമനാഥപുരം മണ്ഡലങ്ങളില്‍ എസ്.ഡി.പി.ഐ മല്‍സര രംഗത്തുണ്ടായിരുന്നു.

ഈ മണ്ഡലങ്ങളില്‍ ഇരു മുന്നണികളുടെയും ജയപരാജയങ്ങള്‍ നിര്‍ണയക്കുന്നതില്‍ എസ്.ഡി.പി.ഐ വോട്ടുകള്‍ നിര്‍ണായകമായി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 32 മണ്ഡലങ്ങളില്‍ എസ്.ഡി.പി.ഐ ജനവിധി തേടി. ഈ മണ്ഡലങ്ങളില്‍ എസ്.ഡി.പി.ഐ സമാഹരിച്ച വോട്ടുകളാണ് ഡി.എം.കെ.യ്ക്ക് സംസ്ഥാന ഭരണം നഷ്ടപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ എസ്.ഡി.പി.ഐയുമായി സഖ്യത്തിന് സന്നദ്ധമായ ഡി.എം.കെ ഒടുവില്‍ കാലുമാറുകയായിരുന്നു.

ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുകയെന്ന അടിസ്ഥാന നിലപാടില്‍ ഊന്നിയാണ് എസ്.ഡി.പി.ഐയുടെ തിരഞ്ഞെടുപ്പ് സമീപനമെന്ന് നെല്ലൈ മുബാറക്ക് പറഞ്ഞു.


Tags:    

Similar News