'ബ്രിട്ടീഷ് കൊളോണിയലിസത്തെ പുകഴ്ത്തി അമേരിക്കന്‍ അവതാരകന്‍'; രൂക്ഷമായി പ്രതികരിച്ച് ശശി തരൂരും മാര്‍ട്ടിന നവരത്തിലോവയും
കോഴിക്കോട്: ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ഗുണങ്ങളെ പുകഴ്ത്തുകയും ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യ അഭിവൃദ്ധിപ്പെട്ടുവെന്ന് അവകാശപ്പെടുകയും ചെയ്ത യുഎസ് അവതാരകനെതിരേ വന്‍പ്രതിഷേധം. ഫോക്‌സ് ന്യൂസ് അവതാരകന്‍ ടക്കര്‍ കാള്‍സണെതിരേയാണ് ട്വിറ്ററില്‍ പ്രതിഷേധം പടര്‍ന്നുപിടിച്ചിരിക്കുന്നത്. കാള്‍സന്റെ അഭിപ്രയാങ്ങളെ വിമര്‍ശിച്ച് ശശി തരൂരും മാര്‍ട്ടിന നവരത്തിലോവയും മറുപടി ട്വീറ്റുമായി രംഗത്തുവന്നു.
ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടം ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യ വാസ്തുവിദ്യാ വിസ്മയങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ലെന്നും ബ്രിട്ടന്‍ ഇന്ത്യയെ അഭിവൃദ്ധിപ്പെടുത്തിയെന്നുമാണ് അവതാകരന്‍ ടക്കര്‍ കാള്‍സണ്‍ ടുനൈറ്റ് എന്ന ഷോയില്‍ അഭിപ്രായപ്പെട്ടത്. കാള്‍സന്റെ നിലപാട് പരമമായ വിവരക്കേടാണെന്നാണ് ട്വിറ്ററില്‍ ഉയര്‍ന്നുവന്ന പൊതുവികാരം. ബ്രിട്ടന്‍ പോയത് ഇന്ത്യയെ പരിഷ്‌കരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ഷോയില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ഗുണങ്ങളെയും ടക്കര്‍ കാള്‍സണ്‍ പ്രശംസിച്ചു.
'ശക്തമായ രാജ്യങ്ങള്‍ ദുര്‍ബല രാജ്യങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്നു. ഈ പ്രവണത മാറിയിട്ടില്ല. കുറഞ്ഞത് ഇംഗ്ലീഷുകാര്‍ അവരുടെ കൊളോണിയല്‍ ഉത്തരവാദിത്തം ഗൗരവമായി എടുത്തു. അവര്‍ എടുക്കുകമാത്രമല്ല, കൊടുക്കുകയും ചെയ്തു. ഞങ്ങള്‍ (അമേരിക്ക) അഫ്ഗാനിസ്ഥാനില്‍ നിന്ന് പോന്നത്, എയര്‍സ്ട്രിപ്പുകളും ആയുധങ്ങളും ഉപേക്ഷിച്ചാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങിയപ്പോള്‍, ഒരു മുഴുവന്‍ നാഗരികതയും ഒരു ഭാഷയും നിയമവ്യവസ്ഥയും സ്‌കൂളുകളും പള്ളികളും പൊതു കെട്ടിടങ്ങളും അവശേഷിപ്പിച്ചു. അവയെല്ലാം ഇന്നും ഉപയോഗത്തിലുണ്ട്,' കാള്‍സണ്‍ ഒരു ക്ലിപ്പില്‍ പറയുന്നുണ്ട്. ആ വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വൈറലായി.
'ബ്രിട്ടീഷ് കൊളോണിയലിസം നിര്‍മ്മിച്ച ബോംബെ റെയില്‍വേസ്‌റ്റേഷന്‍ പോലെ മനോഹരമായ ഒരു കെട്ടിടം ആ രാജ്യം സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിനുശേഷം നിര്‍മ്മിച്ചിട്ടുണ്ടോ?'യെന്നായിരുന്നു അവതാരകന്റെ മറ്റൊരു ചോദ്യം.
'ശാന്തത നഷ്ടപ്പെടാതെ പ്രതികരിക്കാന്‍ കഴിയാത്തപ്പോള്‍ എന്തെങ്കിലും അമര്‍ത്താന്‍ ട്വിറ്ററിന് ഒരു ഓപ്ഷന്‍ ഉണ്ടായിരിക്കണമെന്ന് ഞാന്‍ കരുതുന്നു. തല്‍ക്കാലം ഞാന്‍ അതില്‍ തൃപ്തനാകും,' തരൂര്‍ മറുപടിയായി രണ്ട് കോപം നിറഞ്ഞ ഇമോജികള്‍ ചേര്‍ത്തുകൊണ്ട് ട്വീറ്റ് ചെയ്തു.
'ഹേ @ടക്കര്‍കാള്‍സണ്‍ ചരിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ അജ്ഞത തികച്ചും അമ്പരപ്പിക്കുന്നതാണ്. ശശി തരൂരിന്റെ 'ഇംഗ്ലോറിയസ് എംപയര്‍' എന്ന പുസ്തകം വായിച്ചുനോക്കുക. ഈ പ്രത്യേക വിഷയത്തില്‍ നിങ്ങളുടെ മണ്ടത്തരം ഒളിമ്പിക് അനുപാതത്തിലാണ്!!!'- മാര്‍ട്ടിന നവരത്തിലോവ ട്വീറ്റ് ചെയ്തു.
ഈ വിമര്‍ശനങ്ങളോട് ഫോക്‌സ് ന്യൂസ് അവതാരക ഇതുവരെ പ്രതികരിച്ചിട്ടില്ല.

