മോദി സര്‍ക്കാരിന് തിരിച്ചടി: അലോക് വര്‍മയെ സിബിഐ മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ നടപടി സുപ്രിം കോടതി റദ്ദാക്കി

Update: 2019-01-08 06:13 GMT

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മയെ നീക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി സുപ്രിംകോടതി റദ്ദാക്കി. അതേസമയം, കേസിലെ റിപോര്‍ട്ട് വരുന്നതുവരെ സിബിഐയെ സംബന്ധിച്ച നയപരമായ തീരുമാനങ്ങളെടുക്കുന്നതില്‍നിന്നും അലോക് വര്‍മയെ കോടതി വിലക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ നടപടിക്കെതിരേ അലോക് വര്‍മ നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ഇന്ന് ചീഫ് ജസ്റ്റിസ് ഗൊഗോയ് അവധിയിലായിരുന്നതിനാല്‍ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എസ് കെ കൗളാണ് വിധി പ്രസ്താവം നടത്തിയത്. കെ എം ജോസഫാണ് ബെഞ്ചിലുണ്ടായിരുന്ന മറ്റൊരു ജഡ്ജി.

സിബിഐ ഡയറക്ടറെ നിയമിക്കുന്നത് പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റിയാണ്. സിബിഐ ഡയറക്ടറെ മാറ്റാനും ഈ സെലക്ഷന്‍ കമ്മിറ്റിക്കേ കഴിയൂ എന്ന അലോക് വര്‍മയുടെ വാദം സുപ്രിംകോടതി ശരിവയ്ക്കുകയായിരുന്നു. അലോക് വര്‍മയെ സിബിഐ മേധാവി സ്ഥാനത്ത് നിലനിര്‍ത്തുന്നത് സംബന്ധിച്ച കാര്യത്തില്‍ ഉന്നതാധികാര സമിതി അന്തിമ തീരുമാനമെടുക്കണമെന്നാണ് സുപ്രിംകോടതിയുടെ നിര്‍ദേശം.

ഒരാഴ്ചയ്ക്കകം സമിതി യോഗം ചേര്‍ന്ന് അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ പരിശോധിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. അതേസമയം, അലോക് വര്‍മക്കെതിരെയുള്ള പരാതി സുപ്രിംകോടതി പരിഗണിച്ചിട്ടില്ല. ഒക്ടോബര്‍ 23ന് ആലോക് വര്‍മയെ മാറ്റിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം റദ്ദാക്കുക മാത്രമാണ് ഇപ്പോള്‍ കോടതി ചെയ്തിരിക്കുന്നത്. സിബിഐ മേധാവി സ്ഥാനത്ത് 2019 ജനുവരി 31 വരെയാണ് അലോക് വര്‍മയുടെ കാലാവധി. 2018 ഒക്ടോബര്‍ 24 ന് അര്‍ധരാത്രിയില്‍ അപ്രതീക്ഷിത ഉത്തരവിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ അലോക് വര്‍മയെ തല്‍സ്ഥാനത്തുനിന്നും മാറ്റിയത്.

സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മയും ഉപഡയറക്ടറായിരുന്ന രാകേഷ് അസ്താനയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരെയും ചുമതലകളില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ നീക്കിയത്. പകരം എം നാഗേശ്വര റാവുവിന് സിബിഐ ഡയറക്ടറുടെ ചുമതല നല്‍കുകയും ചെയ്തു. ഈ നടപടി സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അലോക് വര്‍മയുടെ ഹരജി.

അലോക് വര്‍മക്കെതിരേ രാകേഷ് അസ്താന നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ സിവിസി അതിന്റെ റിപോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നു. അലോക് വര്‍മക്ക് ക്ലീന്‍ ചിറ്റ് നല്‍കാതെയുളള റിപോര്‍ട്ടാണ് സിവിസി നല്‍കിയത്. സിബിഐ ഡയറക്ടറെ മാറ്റിയത് റഫാല്‍ ഇടപാടിലെ അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയതോടെ വിവാദം ദേശീയരാഷ്ട്രീയത്തെ ഇളക്കിമറിച്ചിരുന്നു. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സിബിഐയുടെ മേല്‍നോട്ടം വഹിക്കുന്ന പ്രധാനമന്ത്രിയുടെ ഓഫിസിനെ നേരിട്ട് കടന്നാക്രമിക്കാനുള്ള അവസരമാണ് രാഹുല്‍ ഗാന്ധിക്ക് ലഭിക്കുന്നത്.

Tags:    

Similar News