മാർച്ച് 14നകം എതിർ സത്യവാങ്മൂലം നൽകണം; കാപ്പന്റെ ജാമ്യാപേക്ഷയിൽ അലഹബാദ് ഹൈക്കോടതി
മാർച്ച് 14 ന് കേസ് അടുത്ത വാദം കേൾക്കുന്നതിനായി ജസ്റ്റിസ് രാജേഷ് സിങ് ചൗഹാന്റെ ബെഞ്ച് പട്ടികപ്പെടുത്തി. യുപി സർക്കാർ എതിർ സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ, ജാമ്യാപേക്ഷ പരിഗണിച്ച് അന്തിമമായി തീർപ്പാക്കുമെന്ന് കോടതി വ്യക്തമാക്കി.
ലഖ്നോ: ലഖ്‌നോവിലെ എൻഐഎ കോടതിയുടെ പരിഗണനയിലുള്ള യുഎപിഎ കേസിൽ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ സമർപ്പിച്ച ജാമ്യാപേക്ഷയിൽ അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശ് സർക്കാരിന്റെ പ്രതികരണം തേടി. എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യത്തിലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മാർച്ച് 14 ന് കേസ് അടുത്ത വാദം കേൾക്കുന്നതിനായി ജസ്റ്റിസ് രാജേഷ് സിങ് ചൗഹാന്റെ ബെഞ്ച് പട്ടികപ്പെടുത്തി. യുപി സർക്കാർ എതിർ സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ, ജാമ്യാപേക്ഷ പരിഗണിച്ച് അന്തിമമായി തീർപ്പാക്കുമെന്ന് കോടതി വ്യക്തമാക്കി. ലഭ്യമായ രേഖകളുടേയും തെളിവുകളുടേയം അടിസ്ഥാനത്തിൽ ഹരജി തീർപ്പാക്കുമെന്ന് കോടതി പറഞ്ഞു.
അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ചിൽ ജാമ്യാപേക്ഷ നിലനിർത്തുന്നത് സംബന്ധിച്ച് പ്രാഥമിക എതിർപ്പ് ഉന്നയിച്ച് എജിഎ ഉയർത്തിയ വാദവും കോടതി തള്ളി. മഥുരയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്, അന്വേഷണവും മഥുര പോലിസ് ആണ് നടത്തിയത്. അതിനാൽ ജാമ്യപേക്ഷ അലഹബാദ് ബെഞ്ചാണ് കേൾക്കേണ്ടതെന്നായിരുന്നു എജിഎ വാദം.
കാപ്പനെതിരെയുള്ള കേസിന്റെ വിചാരണ ലഖ്‌നോവിൽ നടക്കുന്നതിനാൽ തൽക്ഷണ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കാപ്പന്റെ അഭിഭാഷകൻ ഇഷാൻ ബാഗേൽ വാദിച്ചു. ലഖ്‌നോവിലെ എൻഐഎ കോടതിയിലാണ് കാപ്പനെതിരായ വിചാരണ നടക്കുന്നത്.
2021 ഡിസംബറിലാണ്, മഥുരയിലെ ഒരു പ്രാദേശിക കോടതി, ഹാഥ്റസ് ഗൂഢാലോചന കേസിൽ കാപ്പനും മറ്റ് ഏഴ് പേർക്കുമെതിരേ രജിസ്റ്റർ ചെയ്ത യുഎപിഎ കേസ് ലഖ്‌നോവിലെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. യുഎപിഎ പ്രകാരമുള്ള കേസുകൾക്കായി ഉത്തർപ്രദേശിന് പ്രത്യേക കോടതി ഇല്ലായിരുന്നു, എന്നാൽ യുപി സർക്കാർ 2021 ഏപ്രിൽ 20 നാണ് ലഖ്‌നോ കോടതിയെ പ്രത്യേക എൻഐഎ കോടതിയാക്കി മാറ്റിയത്.
