മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് പ്രസിഡന്റ് മൗലാനാ റാബിഅ് ഹസനി നദ്‌വി അന്തരിച്ചു

Update: 2023-04-13 12:37 GMT

ലഖ്‌നോ: പ്രമുഖ മുസ് ലിം പണ്ഡിതനും ഗ്രന്ഥകര്‍ത്താവും ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്(എഐഎംപിഎല്‍ബി) പ്രസിഡന്റുമായിരുന്ന മൗലാനാ സയ്യിദ് റാബിഅ് ഹസനി നദ്‌വി അന്തരിച്ചു. 94 വയസ്സായിരുന്നു. ഏറെക്കാലമായി അസുഖബാധിതനായ ഇദ്ദേഹത്തെ തികില്‍സാ ആവശ്യാര്‍ഥം റായ്ബറേലിയില്‍ നിന്ന് ലഖ്‌നൗവിലേക്ക് കൊണ്ടുപോവുന്നതിനിടെ ദാലിഗഞ്ചിലെ നദ്‌വ മദ്‌റസയില്‍ വച്ചാണ് മരണപ്പെട്ടത്. 1929ല്‍ ജനിച്ച മൗലാനാ റാബി ഹസനി നദ്‌വി അറിയപ്പെടുന്ന ഇസ് ലാമിക പണ്ഡിതനും 2018 മുതല്‍ ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് തലവുമായിരുന്നു. ഇസ് ലാമിക വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും പുരോഗതിക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. മുസ് ലിം വേള്‍ഡ് ലീഗിന്റെ സ്ഥാപകാംഗം, റിയാദ് ആസ്ഥാനമായുള്ള അലാമി റാബിത അദബെ ഇസ്‌ലാമിയുടെ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ലോകത്തെ ഏറ്റവും സ്വാധീനമുള്ള 500 മുസ് ലിംങ്ങളില്‍ ഒരാളായി അദ്ദേഹം നിരവധി തവണ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നദ്‌വത്തുല്‍ ഉലമ കോളജിന്റെ തലവനായ അദ്ദേഹം നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

Tags: