വിപ്ലവമണ്ണിനെ ഇളക്കിമറിച്ച് അജ്മല്‍ ഇസ്മാഈല്‍; സമരനായകനെ നെഞ്ചേറ്റി വാമനപുരത്തുകാര്‍

Update: 2021-03-26 13:41 GMT

തിരുവനന്തപുരം: വിപ്ലവത്തിന്റെ ചൂടും ചൂരുമറിഞ്ഞ ധീര ദേശാഭിമാനികളുടെ നാടാണ് കല്ലറ-പാങ്ങോട് ഉള്‍പ്പെടുന്ന വാമനപുരം നിയോജക മണ്ഡലം. ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിപ്ലവകാരികളായ കല്ലറ-പാങ്ങോട് ദേശക്കാര്‍, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില്‍പനകേന്ദ്രമായ കല്ലറ ചന്തയില്‍ ചുങ്കം കൊടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. അന്യായമായ തുകയായിരുന്നു അന്ന് സര്‍ സിപി ഭരണകൂടം ചന്തയില്‍ നിന്ന് ചുങ്കമായി പിരിച്ചിരുന്നത്. ദിവാനായിരുന്ന സര്‍ സിപി രാമസ്വാമി അയ്യരുടെ കിരാത വാഴ്ചക്കെതിരേ പ്രദേശത്തുകാര്‍ പ്രത്യക്ഷ സമരം പ്രഖ്യാപിച്ചായിരുന്നു ചുങ്കം കൊടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. കല്ലറ ചന്തയില്‍ നികുതി പിരിവിനെത്തിയ പിരിവുകാരെ വിപ്ലവകാരികള്‍ ആട്ടിയോടിച്ചു.

ഇത് അറിഞ്ഞ് കാരേറ്റ് നിന്ന് ഇന്‍സ്പക്ടര്‍ ഉസ്മാന്‍ ഖാനും സംഘവുമെത്തി വിപ്ലവകാരികള്‍ക്കെതിരെ ഭീകരമര്‍ദ്ദനമാരംഭിച്ചു. തച്ചോണത്തെ കൊച്ചാപ്പിള്ളയെ പാങ്ങോട് സ്‌റ്റേഷനില്‍ കൊണ്ട് പോയി ഭീകരമായി മര്‍ദ്ദിച്ചു. പോലിസുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയ പട്ടാളം കൃഷണന്‍, കൊച്ചാപ്പി പിള്ളയെ സ്‌റ്റേഷന് പുറത്തിറക്കി. എന്നാല്‍ പോലിസ് മര്‍ദ്ദിച്ച് മൃതപ്രായനാക്കിയ കൊച്ചാപ്പി പിള്ളയെ കണ്ടതോടെ ജനം ആക്രമാസക്തരായി. 1938 സെപ്റ്റര്‍ 30ന് ജനം പാങ്ങോട് പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ചു. പോലിസ് വെടിവെപ്പില്‍ പ്ലാങ്കീഴ് കൃഷ്ണപിള്ളയും കൊച്ചുനാരായണന്‍ ആശാരിയും വെടിയേറ്റു മരിച്ചു. കൊച്ചാപ്പി പിള്ളയെയും പട്ടാളം കൃഷ്ണനെയും ഭരണകൂടം തൂക്കിലേറ്റി. സിപി ഭരണകൂടം ജമാല്‍ ലബ്ബയെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. അന്നു മരിച്ച് വീണ പ്ലാങ്കീഴ് കൃഷ്ണപിള്ളയെയും കൊച്ചുനാരായണന്‍ പിള്ളയെയും സ്റ്റേഷന് മുന്‍പില്‍ തന്നെയാണ് മറവ് ചെയ്തത്.



 

ദേശസ്‌നേഹ പ്രചോദിതരായി വിപ്ലവത്തിലേക്ക് എടുത്തു ചാടിയ ധീര ദേശാഭമാനികളുടെ നാട്, ഇന്ന് തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. സര്‍ സിപിയുടെ രഹസ്യപോലിസും ബ്രിട്ടീഷ് ആധിപത്യവും സൃഷ്ടിച്ച കൊളോണിയല്‍ മനോഘടന ഇന്നും പേറുന്ന മുഖ്യധാര പാര്‍ട്ടികളുമായി ഏറ്റുമുട്ടാന്‍ അജ്മല്‍ ഇസ്മാഈല്‍ വാമനപുരം തിരഞ്ഞെടുക്കുമ്പോള്‍, ഉള്ളില്‍ കാത്തുവച്ച സാമ്രാജ്വത്വ വിരുദ്ധ മനസ്സ് കൂടുതല്‍ പ്രോജ്വലമായി. അന്യായമായി നികുതി ഈടാക്കിയിരുന്ന ഭരണകൂടത്തിനെതിരേ ശബ്ദിച്ച അതേ വിപ്ലവമണ്ണ്, നാടിനെ ഇളക്കിമറിച്ച പൗരത്വ സമരങ്ങള്‍ നയിച്ച അജ്മാഈലിനെ അതിവേഗത്തില്‍ വിപ്ലവ മനസ്സ് ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

എസ്ഡിപിഐ സ്ഥാനാര്‍ഥിയായി വാമനപുരം മണ്ഡലത്തിന്റെ മുക്കു മൂലകള്‍ കയറിയിറങ്ങിയ അജ്മല്‍, മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍, ഭാരം ചുമക്കുന്നവര്‍, ഓട്ടോ റിക്ഷാ തൊഴിലാളികള്‍, പണ്ഡിതന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങിയ സമൂഹത്തിന്റെ വ്യത്യസ്ഥ തുറകളിലുള്ളവരുടെ മനസ്സില്‍ ഇടം നേടി കഴിഞ്ഞു. രാജ്യം ഫാഷിസത്തിന്റെ നുകത്തിന് കീഴില്‍ അമരുമ്പോള്‍, അതിന് കുടപിടിച്ച് ഇടതു സര്‍ക്കാര്‍ ഡോ. ഹാദിയ എന്ന 23കാരിയെ ഇഷ്ടമുള്ള മതം സ്വീകരിച്ചതിന് വീട്ടുതടങ്കലിലാക്കിയതിനെതിരേ തീഷ്ണമായ പോരാട്ടമായിരുന്നു അജ്്മല്‍ ഇസ്മാഈലിന്റെ നേതൃത്വത്തില്‍ ഹൈക്കോടതിക്ക് മുന്‍പില്‍ നടന്നത്. സംഘപരിവാര്‍ അനുകൂലികള്‍ക്ക് ഹാദിയയെ കാണാനും ഭീഷണിപ്പെടുത്താനും നിറയെ അവസരം നല്‍കിയപ്പോള്‍, ആ പെണ്‍കുട്ടിയുടെ വ്യക്തി സ്വാതന്ത്ര്യം നാലുചൂവരുകള്‍ക്കുള്ളിലൊതുക്കിയ ഇടതു സര്‍ക്കാരിന്റെ നിഷ്്ഠൂര കൃത്യത്തിനെതിരേയായിരുന്നു അജ്മല്‍ ഇസ്മാഈല്‍ നേതൃത്വത്തില്‍ പ്രതിരോധം തീര്‍ത്തത്. ജനങ്ങളുടെ കൊള്ളടിക്കാനുള്ള എറണാകുളം പാലിയേക്കര ദേശീയപാത ടോള്‍ പിരിവിനെതിരേ, പൊതു ജനങ്ങളെ സംഘടിപ്പിച്ച് എസ്ഡിപിഐ നയിച്ച ഐതിഹാസിക സമരത്തിന് നേതൃപരമായ പങ്കുവഹിച്ചതും അജ്മല്‍ ഇസ്മാഈലായിരുന്നു.





ന്യൂനപക്ഷ വിഭാഗങ്ങളെ അരക്ഷിതത്വത്തിലാക്കി, രാജ്യമില്ലാ ജനതയാക്കി മുസ്‌ലിംകളെ മാറ്റാനുള്ള ആര്‍എസ്എസ് ഭരണൂകടത്തിനെതിരേ സിഎഎ-എന്‍ആര്‍സി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അജ്മലായിരുന്നു. പൗരത്വപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കച്ചവടക്കാര്‍ക്കെതിരേ കേസെടുത്ത ഇടതുസര്‍ക്കാര്‍ നടപടികള്‍ പൊതുമണ്ഡലത്തില്‍ ചര്‍ച്ചയാക്കിയതും എസ്ഡിപിഐ ആയിരുന്നു.

കര്‍ഷകതൊഴിലാളികളും പ്രവാസികളും അടങ്ങുന്ന വാമനപുരം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എംഎല്‍എ ഡികെ മുരളിയാണ് മല്‍സരിക്കുന്നു. മണ്ഡലത്തിന്റെ പൊതു ചിത്രം വിലയിരുത്തുമ്പോള്‍ ഇടതു ചായ്‌വാണ്് കാണുന്നത്. 1965ലും 70ലുമാണ് കോണ്‍ഗ്രസിന് മണ്ഡലം പിടിക്കാനായത്. പിന്നീട് ഇങ്ങോട്ട് ഈ മണ്ഡലം ചുവപ്പായിരുന്നു. വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് എല്‍ഡിഎഫ് വോട്ടു തേടുന്നത്. അതേ സമയം മണ്ഡലത്തിലെ ചില മുതിര്‍ന്ന സിപിഎം നേതാക്കളുമായി ഡികെ മുരളിക്ക് നീരസമുണ്ട്. ഇത് വോട്ടിങ്ങില്‍ പ്രതിഫലിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ട് പോവും.



 

കഴിഞ്ഞ ഏതാനും പ്രാവശ്യമായി മണ്ഡലത്തില്‍ തന്നെയുള്ള ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യമായിരുന്നു. ആ ആവശ്യത്തിന് ഇത്തവണ പരിഹാരമായിരിക്കുകയാണ്. ആനാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ ആനാട് ജയനാണ് ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥി. മണ്ഡലത്തില്‍ ശക്തമായ സൗഹൃദ വലയങ്ങളുളള ആനാട് ജയന്‍, എല്‍ഡിഎഫിന് കനത്ത് വെല്ലുവിളിയാണ് ഇത്തവണ ഉയര്‍ത്തുന്നത്. കെപിസിസി സെക്രട്ടറി രമണി പി നായര്‍, മല്‍സര രംഗത്തുണ്ടാവുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അവസാന നിമിഷം ആനാട് ജയന് നറുക്ക് വീഴുകയായിരുന്നു. രമണി പി നായരുമായുള്ള പ്രശ്‌നങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടി ഇടപെട്ട് പരിഹാരം കണ്ടു. ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി തഴവ സഹദേവനും മല്‍സരിക്കുന്നുണ്ട്. മണ്ഡലത്തിന് പുറത്തുള്ള സഹദേവന് സീറ്റു കൊടുത്തതില്‍ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അസ്വാരസ്യങ്ങളുണ്ട്. 2016ല്‍ യുഡിഎഫിലെ ശരത് ചന്ദ്രപ്രസാദിനെ 9697 വോട്ടിനാണ് ഡികെ മുരളി മലര്‍ത്തിയടിച്ചത്.

Tags:    

Similar News