എഡിജിപി ആര്‍എസ്എസ് ഉന്നതനേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് വി ഡി സതീശന്‍

2023 മെയ് 20 മുതല്‍ 22 വരെ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ സ്‌കൂളില്‍ ആര്‍എസ്എസിന്റെ ക്യാംപ് നടന്നിരുന്നു. ആ ക്യാംപില്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേ പങ്കെടുത്തിരുന്നു.

Update: 2024-09-04 08:46 GMT

തിരുവനന്തപുരം: ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി 2023ല്‍ എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയാണ് കൂടിക്കാഴ്ചയ്ക്ക് നിയോഗിച്ചതെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍പൂരം അജിത്ത് കുമാറിനെ വച്ച് കലക്കിയതിന് പിന്നിലും മുഖ്യമന്ത്രിയാണ്. 2023 മെയ് 20 മുതല്‍ 22 വരെ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ സ്‌കൂളില്‍ ആര്‍എസ്എസിന്റെ ക്യാംപ് നടന്നിരുന്നു. ആ ക്യാംപില്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേ പങ്കെടുത്തിരുന്നു. അയാളെ കാണാന്‍ എഡിജിപി അജിത്ത് കുമാറിനെ മുഖ്യമന്ത്രി പറഞ്ഞയച്ചിരുന്നോയെന്നും സതീശന്‍ ചോദിച്ചു.

    ഹോട്ടല്‍ ഹയാത്തില്‍ സ്വന്തം കാര്‍ പാര്‍ക്ക് ചെയ്തശേഷം മറ്റൊരു സ്വകാര്യ കാറിലാണ് എഡിജിപി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ സന്ദര്‍ശിച്ചത്. ഒരു മണിക്കൂറോളം ഇരുവരും കൂടിക്കാഴ്ച നടത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വഴി മുഖ്യമന്ത്രി എന്ത് കാര്യമാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയോട് സംവദിച്ചതെന്ന് പറയണം. ഏത് വിഷയം തീര്‍ക്കാനാണ് ഇവര്‍ ചര്‍ച്ച നടത്തിയതെന്ന് വ്യക്തമാക്കണം. തിരുവനന്തപുരത്തുള്ള ഒരു ആര്‍എസ്എസ് നേതാവാണ് ഇതിന് ഇടനിലക്കാരനായി നിന്നത്. ആ ബന്ധമാണ് തൃശൂരില്‍ പിന്നീട് തുടര്‍ന്നത്. തൃശൂര്‍ പൂരം പോലിസ് കലക്കിയെന്നുള്ള ഗുരുതര ആരോപണം ഇപ്പോള്‍ ഭരണപക്ഷത്തുനിന്നുതന്നെ സമ്മതിച്ചതായും വി ഡി സതീശന്‍ പറഞ്ഞു.

    തൃശൂര്‍ പൂരനാളില്‍ രാവിലെ 11 മുതല്‍ പിറ്റേദിവസം ഏഴ് വരെ പോലിസ് കമ്മിഷണര്‍ അഴിഞ്ഞാടുകയായിരുന്നു. ഈ സമയം അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനായ എഡിജിപി അജിത്ത് കുമാര്‍ തൃശ്ശൂരിലുണ്ടായിരുന്നു. എന്നിട്ടും ഇടപെട്ടില്ല. സംസ്ഥാനത്ത് അത്രയും വലിയ ആള്‍ക്കൂട്ടം എത്തുന്ന പരിപാടി സ്വാഭാവികമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി നിരീക്ഷിച്ചുകൊണ്ടിരിക്കണമല്ലോ. എന്നിട്ട് എന്തുകൊണ്ടാണ് ഇടപെടാതിരുന്നത്. പൂരം കലക്കി ബിജെപിക്ക് ജയിക്കാന്‍ അവസരമൊരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് അതിന് നേതൃത്വം നല്‍കിയത് എഡിജിപിയാണ്. കൊലപാതകം, സ്വര്‍ണക്കടത്ത്, സ്വര്‍ണംപൊട്ടിക്കല്‍, ലഹരിമരുന്ന്, കൈക്കൂലി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളുയര്‍ന്നിട്ടും എഡിജിപി അജിത്ത് കുമാറിനെയും സകല പിന്തുണയും നല്‍കുന്ന പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ഇതിനു പിന്നില്‍ മുഖ്യമന്ത്രിയുടം ആര്‍എസ്എസ് ബന്ധമാണ്. മുഖ്യമന്ത്രിയുടെ ആര്‍എസ്എസ് ബന്ധം ഇപ്പോള്‍ കുറച്ചുകൂടി മറനീക്കുക മാത്രമാണുണ്ടായതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Tags: