അദാനിക്ക് തിരിച്ചടി; ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ടില്‍ അന്വേഷണത്തിന് സുപ്രിംകോടതി ഉത്തരവ്, അഞ്ചംഗ സമിതിയെ നിയോഗിച്ചു

Update: 2023-03-02 06:06 GMT

ന്യൂഡല്‍ഹി: ഓഹരി ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ അദാനി ഗ്രൂപ്പിന് വന്‍ തിരിച്ചടി. ഓഹരി ക്രമക്കേട് വെളിപ്പെടുത്തിയ ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ടിന്‍മേല്‍ അന്വേഷണം നടത്താന്‍ സുപ്രിംകോടതി ഉത്തരവിട്ടു. അന്വേഷണത്തിന് അഞ്ചംഗ അന്വേഷണ സമിതിയെയും നിയോഗിച്ചു. ഒ പി ഭട്ട്, ജസ്റ്റിസ് ദേവ്ധര്‍, കെ വി കാമത്ത്, നന്ദന്‍ നിലേകനി എന്നിവരടങ്ങിയ സമിതിയെ മുന്‍ ജഡ്ജി അഭയ് മനോഹര്‍ സപ്രെയാണ് നയിക്കുക. സമിതിയില്‍ ഇന്‍ഫോസിസ് മുന്‍ സിഇഒ നന്ദന്‍ നിലേകനിയെ കൂടി സുപ്രിംകോടതി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിയമപരവും നിയന്ത്രണപരവുമായ ചട്ടക്കൂടുകള്‍ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപകരുടെ സംരക്ഷണത്തിനായി നിലവിലുള്ള ചട്ടക്കൂടിനുള്ളില്‍ സുരക്ഷിതമായ സംവിധാനം ഉറപ്പാക്കുന്നതിനുമുള്ള നടപടികളും പാനല്‍ നിര്‍ദ്ദേശിക്കും. ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ടില്‍ വെളിപ്പെടുത്തിയ കാര്യങ്ങളെക്കുറിച്ച് രണ്ടുമാസത്തിനുള്ളില്‍ അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സെക്യൂരിറ്റി ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യോട് കോടതി നിര്‍ദേശിച്ചു. ഈ റിപോര്‍ട്ട് സുപ്രിംകോടതി സമിതിക്ക് കൈമാറുകയും വേണം. ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തിലെ ഹരജികളിലാണ് സുപ്രിംകോടതി വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

നിക്ഷേപകരുടെ പരിരക്ഷയ്ക്ക് സമിതിയെ നിയോഗിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വിദഗ്ധസമിതിയെ നിയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രവും സെബിയും അറിയിച്ചിരുന്നു. എന്നാല്‍, സമിതിയില്‍ ഉള്‍പ്പെടുത്താനായി മുദ്രവച്ച കവറില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ സുപ്രിംകോടതി തള്ളിയിരുന്നു. അഭിഭാഷകരായ എം എല്‍ ശര്‍മ, വിശാല്‍ തിവാരി എന്നിവരാണ് ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. അദാനിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയാ താക്കൂര്‍ നല്‍കിയ ഹരജിയും കോടതിയിലെത്തിയിരുന്നു.

Tags:    

Similar News