ദിലീപിനു തിരിച്ചടി; കുറ്റങ്ങള്‍ നിലനില്‍ക്കും, തുടരന്വേഷണ റിപോര്‍ട്ടിന് എതിരായ ഹരജി തള്ളി

തുടരന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധികമായി ചുമത്തിയ കുറ്റം റദ്ദാക്കാനാണ് ദീലീപ് കോടതിയെ സമീപിച്ചത്.

Update: 2022-10-28 10:44 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിലെ കണ്ടെത്തലുകള്‍ക്കെതിരേ പ്രതികളായ ദിലീപും ശരത്തും നല്‍കിയ ഹരജി കോടതി തള്ളി. തുടരന്വേഷണ റിപോര്‍ട്ട് അംഗീകരിച്ച എറണാകുളം സെഷന്‍സ് കോടതി ഇരുവര്‍ക്കുമെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് വ്യക്തമാക്കി. പ്രതികള്‍ ഈ മാസം 31ന് കോടതിയില്‍ ഹാജരാവണം.

തുടരന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധികമായി ചുമത്തിയ കുറ്റം റദ്ദാക്കാനാണ് ദീലീപ് കോടതിയെ സമീപിച്ചത്. കോടതിയില്‍ തെളിവായി നല്‍കിയ ഫോണുകളില്‍നിന്നു വിവരങ്ങള്‍ മായ്ചുകളഞ്ഞെന്നാണ് ദിലീപിനെതിരായ കുറ്റം. തുടരന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ പ്രതി ചേര്‍ത്ത നടപടി ചോദ്യം ചെയ്താണ് ശരത് ഹരജി നല്‍കിയത്.

തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് അന്വേഷണ റിപോര്‍ട്ട് തള്ളാന്‍ സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്.

പ്രതിയായ ദിലീപിന് അന്വേഷണത്തിലോ, തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാന്‍ കഴിയില്ലെന്ന് കേസില്‍ കക്ഷി ചേര്‍ന്ന നടി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.