ഗൗതം നവ്‌ലാഖയ്‌ക്കെതിരേ പുതിയ കുരുക്ക്; ഹിസ്ബുല്‍ മുജാഹിദീനുമായി ബന്ധമെന്ന് പോലിസ്

2017 ഡിസൈബര്‍ 31നു പൂനെയില്‍ എല്‍ഗാര്‍ പരിഷത്ത് നടത്തിയ ഭീമ കൊറേഗാവ് അനുസ്മരണസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയും സംഘര്‍ഷത്തിനു കാരണമായെന്നുമുള്ള കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നത്. എല്‍ഗാര്‍ പരിഷത്ത് മാവോവാദി പിന്തുണയുള്ള സംഘടനയാണെന്ന വാദം പോലിസ് ഇന്നലെയും കോടതിയില്‍ ആവര്‍ത്തിച്ചു.

Update: 2019-07-25 05:21 GMT

മുംബൈ: നക്‌സല്‍ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പുതിയ കുരുക്കുമായി പോലിസ്. സംഘത്തിന് കശ്മീര്‍ വിഘടനവാദി നേതാക്കളുമായും ഹിസ്ബുല്‍ മുജാഹിദീനുമായും ബന്ധമുണ്ടെന്ന് പൂനെ പോലിസ് ആരോപിച്ചു. ബുധനാഴ്ച മുംബൈ കോടതിയിലെ ജസ്റ്റിസുമാരായ രഞ്ജിത്ത് മോറെ, ഭാരതി ഡാങ്ക്രേ എന്നിവരടങ്ങുന്ന ബെഞ്ചിനു മുമ്പാകെയാണ് പോലിസ് പുതിയ ആരോപണം ഉന്നയിച്ചത്. നക്‌സല്‍ ബന്ധമുണ്ടെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തതിനെതിരേ ഗൗതം നവ്‌ലാഖ കോടതിയെ സമീപിച്ചിരുന്നു. കോടതി വിശദീകരണം തേടിയപ്പോഴാണ് നിരോധിത സംഘടനയായ ഹിസ്ബുല്‍ മുജാഹിദീനുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളും മറ്റും കണ്ടെത്തിയതായി പൂനെ പോലിസ് കോണ്‍സല്‍ അരുണാ പൈ കോടതിയില്‍ അറിയിച്ചത്. ഗൗതം നവ്‌ലാഖയോടൊപ്പം പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള റോണോ വില്‍സണ്‍, സുരേന്ദ്ര ഗാഡ്‌ലിങ് എന്നിവരുടെ ലാപ്‌ടോപ്പുകളില്‍ നിന്നാണ് വിവിധ നക്‌സല്‍ ഗ്രൂപ്പുകളും നവ്‌ലാഖ ഉള്‍പ്പെടെയുള്ളവരും ഹിസ്ബുല്‍ മുജാഹിദീന്‍ നേതാക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമായതെന്നാണ് പോലിസ് ഭാഷ്യം.

    2011ല്‍ നവ്‌ലാഖ നിരോധിത സംഘടനയായ ഹിസ്ബുല്‍ മുജാഹിദീന്റെ നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയെന്നാണ് പോലിസ് ആരോപിക്കുന്നത്. മാത്രമല്ല, 2011ലും 2014ലും നവ്‌ലാഖ കശ്മീരി വിഘടനവാദി സംഘടനാ നേതാക്കളായ സയ്യിദ് അലി ഷാ ഗീലാനി, ഷാക്കില്‍ ഭക്ഷി എന്നിവരുമായും കണ്ടുമുട്ടിയതായി പറയുന്നുണ്ട്. ഗൗതം നവ്‌ലാഖയ്‌ക്കെതിരേ പോലിസ് യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. സംഭവത്തില്‍ ജൂലൈ അഞ്ചിനു ഹൈക്കോടതി ജൂലൈ 23 വരെ അറസ്റ്റ് ചെയ്യരുതെന്നും സംരക്ഷണം നല്‍കണമെന്നും ഉത്തരവിട്ടിരുന്നു. ബുധനാഴ്ച വീണ്ടും കേസ് പരിഗണിച്ചപ്പോള്‍ ഗൗതം നവ്‌ലാഖയുടെ അഭിഭാഷകന്‍ യുഗ് ചൗധരി കുറ്റം നിഷേധിച്ചതിനെ തുടര്‍ന്ന് കോടതി തദ്സ്ഥിതി നീട്ടുകയായിരുന്നു. 2017 ഡിസൈബര്‍ 31നു പൂനെയില്‍ എല്‍ഗാര്‍ പരിഷത്ത് നടത്തിയ ഭീമ കൊറേഗാവ് അനുസ്മരണസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയും സംഘര്‍ഷത്തിനു കാരണമായെന്നുമുള്ള കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നത്. എല്‍ഗാര്‍ പരിഷത്ത് മാവോവാദി പിന്തുണയുള്ള സംഘടനയാണെന്ന വാദം പോലിസ് ഇന്നലെയും കോടതിയില്‍ ആവര്‍ത്തിച്ചു.



Tags:    

Similar News