ലോക്‌സഭയിലെ പ്രതിഷേധം: ഏഴ് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2020-03-05 11:04 GMT

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിഷേധിച്ചതിനു കേരളത്തില്‍ നിന്നുള്ള നാല് എംപിമാര്‍ ഉള്‍പ്പെടെ ഏഴ് കോണ്‍ഗ്രസ് എംപിമാരെ സ്പീക്കര്‍ സസ്‌പെന്റ് ചെയ്തു. ടിഎന്‍ പ്രതാപന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ്, ബെന്നി ബെഹനാന്‍ എന്നിവരെയാണ് ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ളയുടെ അനുമതിയോടെ സസ്‌പെന്റ് ചെയ്തത്. ലോക്‌സഭയില്‍ ബഹളം വച്ച് പെരുമാറിയെന്നാരോപിച്ചാണ് ഈ സമ്മേളന കാലത്തേക്ക് മുഴവന്‍ സസ്‌പെന്റ് ചെയ്തത്. ഡല്‍ഹി കലാപത്തെ കുറിച്ച് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നാലു ദിവസമായി പാര്‍ലമെന്റിന്റെ ഇരു സഭകളിലും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം തുടരുകയാണ്. ഇതേത്തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും ബഹളമയമാവുകയും ചെയ്തിരുന്നു. ഇതിനിടെ പൊടുന്നനെ അംഗങ്ങളെ സസ്‌പെന്റ് ചെയ്തത്. മലയാളി എംപിമാര്‍ക്കു പുറമെ മണിക്കം ടാഗൂര്‍, ഗൗരവ് ഗൊഗോയി, ഗുര്‍ജിത് സിങ് ഓജ്‌ല എന്നിവര്‍ക്കെതിരേയും നടപടിയെടുത്തിട്ടുണ്ട്.

    അതേസമയം, ജനാധിപത്യ അവകാശങ്ങളുടെ ലംഘനങ്ങള്‍ക്കെതിരെയാണ് പ്രതിഷേധിച്ചതെന്നും നടപടി കാര്യമാക്കുന്നില്ലെന്നും കോണ്‍ഗ്രസ് എംപിമാര്‍ പറഞ്ഞു. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമമെങ്കില്‍ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും നടപടിക്കിരയായവര്‍ പറഞ്ഞു. ഡല്‍ഹി കലാപത്തില്‍ നിന്ന് ജനങ്ങശ്രദ്ധ തിരിച്ചുവിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ പോലും അവഹേളിക്കുന്ന വിധത്തിലാണ് ഭരണപക്ഷ പ്രതികരണങ്ങളെന്നും വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്നും ബെന്നി ബെഹനാന്‍ എംപി പറഞ്ഞു.



Tags: