രാജ്യത്തെ സജീവ കൊവിഡ് രോഗികളില്‍ 62 ശതമാനവും 5 സംസ്ഥാനങ്ങളില്‍; ഒന്നാം സ്ഥാനത്ത് കേരളം

Update: 2021-01-02 06:30 GMT

ന്യൂഡല്‍ഹി: രാജ്യത്തെ 62 ശതമാനം സജീവ കൊവിഡ് രോഗികളും അഞ്ച് സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ്. കേരളം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ 62 ശതമാനം വരുന്ന 1,57,106 രോഗികളും ഉള്ളത്. രാജ്യത്തെ ആകെ സജീവ രോഗികളുടെ എണ്ണം 2,54,254 ആണ്.

സജീവ രോഗികളുടെ എണ്ണത്തില്‍ കേരളമാണ് ഒന്നാം സ്ഥാനത്ത്, 65,381 രോഗികള്‍. അടുത്ത സ്ഥാനത്ത് മഹാരാഷ്ട്രയാണ്, 54,045 പേര്‍. ഉത്തര്‍പ്രേദശ് 14,260. ബംഗാള്‍ 11,985, ഛത്തിസ്ഗഢ് 11,435 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കൊവിഡ് സജീവ രോഗികളുടെ എണ്ണം.

ഇതില്‍ തന്നെ രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് 10,000ത്തില്‍ കൂടുതല്‍ സജീവ രോഗികളുള്ളത്, കേരളത്തിലും മഹാരാഷ്ട്രയിലും. ഈ രണ്ട് സംസ്ഥാനങ്ങളിലും 50,000 ത്തിനു മുകൡലാണ് സജീവ രോഗികള്‍. മറ്റ് നാല് സംസ്ഥാനങ്ങളില്‍ 15,000ത്തില്‍ താഴെയാണ് രോഗികളുടെ എണ്ണം.

60,000ത്തില്‍ കൂടുതല്‍ സജീവ രോഗികളുളള ഏക സംസ്ഥാനമാണ് കേരളം. ഇതുവരെ കേരളത്തില്‍ 7,60,933 പേര്‍ക്ക് കൊവിഡ് ബാധിച്ചു. സജീവരോഗികളില്‍ 8.6ശതമാനവും കേരളത്തിന്റെ സംഭാവനയാണ്. കേരളത്തില്‍ ഇതുവരെ 3000ത്തോളം പേര്‍ മരിച്ചു. കൊവിഡ് ബാധയുടെ കാര്യത്തില്‍ അഞ്ചാമതാണ് കേരളത്തിന്റെ സ്ഥാനം.

മഹാരാഷ്ട്രയില്‍ ഇതുവരെ 2 ദശലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. സജീവ രോഗികള്‍ 54,045, ആകെ സജീവരോഗികളുടെ 2.08 ശതമാനവും മഹാരാഷ്ട്രയിലാണ്.

രാജ്യത്തെ സജീവ രോഗികളുടെ 2.34 ശതമാനം ഉത്തര്‍പ്രദേശിലും 2.17 ശതമാനം പശ്ചിമ ബംഗാളിലും 4.09 ശതമാനം ഛത്തിസ്ഗഢിലുമാണ്.

Tags: