ബാബരി ഭൂമി കേസ്: അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്; പത്തു മുതല്‍ വാദം കേള്‍ക്കും

ചീഫ് ജസ്റ്റിസ് രന്‍ജന്‍ ഗോഗോയുടെ നേതൃത്വം നല്‍കുന്ന ബെഞ്ചില്‍ ജസ്റ്റിസുമാരായ എസ് എ ബോബ്ദെ, എന്‍ വി രമണ, യു യു ലളിത്, ഡി വൈ ചന്ദ്രചൂഢ് എന്നിവരാണുള്ളത്.

Update: 2019-01-08 11:49 GMT

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി കേസില്‍ വാദം കേള്‍ക്കുന്നതിന് സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് രൂപം നല്‍കി. കേസില്‍ ഈ മാസം പത്തു മുതല്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് രന്‍ജന്‍ ഗോഗോയുടെ നേതൃത്വം നല്‍കുന്ന ബെഞ്ചില്‍ ജസ്റ്റിസുമാരായ എസ് എ ബോബ്ദെ, എന്‍ വി രമണ, യു യു ലളിത്, ഡി വൈ ചന്ദ്രചൂഢ് എന്നിവരാണുള്ളത്.

ബാബരി മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ ഭൂമി സുന്നി വഖ്ഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാംരല്ല, എന്നിവയ്ക്ക് നല്‍കി 2010ല്‍ അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരേ സമര്‍പ്പിച്ച ഹരജികളിലാണ് വാദം കേള്‍ക്കുക. കേസ് ഉടന്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള 14 ഹരജികളും സുപ്രിംകോടതി പരിഗണനയിലുണ്ട്.

അയോധ്യയിലെ ഭൂമിയില്‍ ബുദ്ധ ക്ഷേത്രം ആയിരുന്നുവെന്നും ഭൂമി ബുദ്ധ മത വിശ്വാസികളുടേതാണെന്നും അവകാശപ്പെട്ട് വിനീത് കുമാര്‍ മൗര്യ നല്‍കിയ റിട്ട് ഹരജിയും കോടതി പരിഗണനയിലുണ്ട്. രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിക്കാനിരിക്കെയാണ് ബാബരി ഭൂമി കേസ് അടിയന്തിരമായി പരിഗണിക്കുന്നത്.

കേസില്‍ അടിയന്തിരമായി വാദം കേട്ട് ഉടന്‍ തീര്‍പ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരും ഉത്തര്‍ പ്രദേശ് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. രാമക്ഷേത്ര നിര്‍മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്.

Tags: