രാജ്യത്തെ സ്ഥിതി അതീവഗുരുതരം; പ്രതിദിന കൊവിഡ് രോഗികള്‍ നാല് ലക്ഷത്തിനരികെ, 24 മണിക്കൂറിനിടെ 3,498 മരണം
കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 2,08,330 ആയി ഉയരുകയും ചെയ്തിട്ടുണ്ട്. 2,97,540 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 1,53,84,418 ആയി. നിലവില്‍ 31,70,228 സജീവകേസുകളാണ് രാജ്യത്തുള്ളത്.
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായിക്കൊണ്ടിരിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. പല സംസ്ഥാനങ്ങളിലും സ്ഥിതിഗതികള്‍ അതീവഗുരുതരാവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നതായാണ് റിപോര്‍ട്ടുകള്‍. പുതിയ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം മരണസംഖ്യയും ഉയരുന്നതാണ് ആശങ്കപ്പെടുത്തുന്നത്. ചികില്‍സാ സംവിധാനങ്ങളിലെ അപര്യാപ്തതകളാണ് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയത്. പല സംസ്ഥാനങ്ങളും പ്രാണവായുവിനായി കേഴുകയാണ്.
ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ഗുരുതര രോഗികളെ പ്രവേശിപ്പിക്കാന്‍ പോലും തയ്യാറാവുന്നില്ല. ആശുപത്രികളില്‍ ചികില്‍സയിലുള്ള രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുന്നു. കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നതോടെ മൃതദേഹം അടക്കാന്‍ പോലും കഴിയാതെ കത്തിച്ചുകളയുന്ന കാഴ്ചകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മോര്‍ച്ചറികള്‍ നിറഞ്ഞുകവിഞ്ഞതിനെത്തുടര്‍ന്ന് ആശുപത്രി വരാന്തയിലും റോഡരികിലും മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്.
രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ കുറച്ചുദിവസങ്ങളായി ലോകറെക്കോര്‍ഡിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,86,452 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു. ഈ സമയത്തിനുള്ളില്‍ 3,498 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതുവരെയുള്ളതിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,87,62,976 ആയിട്ടുണ്ട്.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 2,08,330 ആയി ഉയരുകയും ചെയ്തിട്ടുണ്ട്. 2,97,540 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 1,53,84,418 ആയി. നിലവില്‍ 31,70,228 സജീവകേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 15,22,45,179 പേര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു. മഹാരാഷ്ട്ര, കേരളം, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നാണ് പുതിയ കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെടുന്നത്.
മഹാരാഷ്ട്രയില്‍ 66,159 പുതിയ കേസുകളാണ് ഒരുദിവസം മാത്രം സ്ഥിരീകരിച്ചത്. 771 മരണവും റിപോര്‍ട്ട് ചെയ്തു. കേരളത്തിലും കൊവിഡ് വ്യാപനം രൂക്ഷമാവുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കര്‍ണാടകയില്‍ 35,024 പുതിയ രോഗികളും 270 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കൊവിഡ് രണ്ടാം തരംഗത്തില്‍ വകഭേദം സംഭവിച്ച വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ സംസ്ഥാനങ്ങളിലാണ് കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്നത്.
