യുക്രെയ്ന്‍ സൈനിക ക്യാംപില്‍ റഷ്യന്‍ വ്യോമാക്രമണം; 35 പേര്‍ കൊല്ലപ്പെട്ടു, 57 പേര്‍ക്ക് പരിക്ക്

സൈനിക താവളത്തിന് നേരേ 30ലേറെ റോക്കറ്റുകളാണ് റഷ്യ തൊടുത്തുവിട്ടതെന്ന് ലവീവ് മേഖലാ ഗവര്‍ണര്‍ മാക്‌സിം കോസില്‍സ്‌കി പറഞ്ഞു.

Update: 2022-03-13 12:38 GMT

കീവ്: പോളണ്ട് അതിര്‍ത്തിക്കടുത്ത യുക്രെയ്ന്‍ സൈനിക ക്യാംപില്‍ അതിശക്തമായ വ്യോമാക്രമണം നടത്തി റഷ്യ. ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെടുകയും 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ വിദേശ സൈനിക പരിശീലകരുമുണ്ടെന്ന് യുക്രെയ്ന്‍ അറിയിച്ചു. പടിഞ്ഞാറന്‍ യുക്രെയ്ന്‍ നഗരമായ ലവീവിന് പുറത്തുള്ള യവോരിവ് സൈനിക കേന്ദ്രത്തിലാണ് ആക്രമണമുണ്ടായതെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്നുണ്ടായ അഗ്‌നിബാധ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍. സൈനിക താവളത്തിന് നേരേ 30ലേറെ റോക്കറ്റുകളാണ് റഷ്യ തൊടുത്തുവിട്ടതെന്ന് ലവീവ് മേഖലാ ഗവര്‍ണര്‍ മാക്‌സിം കോസില്‍സ്‌കി പറഞ്ഞു.

നാറ്റോ അംഗമായ പോളണ്ടിന്റെ അതിര്‍ത്തിയില്‍ നിന്ന് കേവലം പത്ത് കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ പീസ്‌കീപിംഗ് ആന്റ് സെക്യൂരിറ്റിയില്‍ എട്ട് മിസൈലുകളാണ് പതിച്ചത്. ഇവിടെയുണ്ടായ വിദേശ സൈനിക പരിശീലകര്‍ മരിച്ചതായാണ് യുക്രെയ്ന്‍ പറയുന്നത്. റഷ്യന്‍ ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ വച്ച് യുഎസ് യുക്രെയ്ന്‍ സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു. ന്ത്രപ്രധാനമായ ഒഡെസ തുറമുഖത്തിന് സമീപമുള്ള കരിങ്കടല്‍ നഗരമായ മൈക്കോലൈവില്‍, റഷ്യന്‍ വ്യോമാക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക ഗവര്‍ണര്‍ വിറ്റാലി കിം പറഞ്ഞു.

ഏകദേശം 500,000 ജനസംഖ്യയുള്ള നഗരം ദിവസങ്ങളായി റഷ്യന്‍ സൈനികരുടെ ആക്രമണത്തിനിരയാവുകയാണ്. ഒരു കാന്‍സര്‍ ചികില്‍സാ ആശുപത്രിക്കും അവിടെയുള്ള ഒരു നേത്ര ക്ലിനിക്കിനും ശനിയാഴ്ച തീപ്പിടിത്തമുണ്ടായതായി എഎഫ്പി റിപോര്‍ട്ടര്‍ പറഞ്ഞു. തലസ്ഥാനമായ കീവ് റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. ശനിയാഴ്ച രാത്രി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ പ്രസംഗത്തില്‍ റഷ്യക്കാര്‍ക്ക് യുക്രെയ്ന്‍ പിടിച്ചെടുക്കാനാവില്ലെന്ന് പ്രസിഡന്റ് വ്‌ളാദിമര്‍ സെലെന്‍സ്‌കി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു.

റഷ്യന്‍ ആക്രമണകാരികള്‍ക്ക് ഞങ്ങളെ കീഴടക്കാന്‍ കഴിയില്ല. അവര്‍ക്ക് അത്തരം ശക്തിയില്ല, അവര്‍ക്ക് അത്തരം ആത്മാവില്ല. അവര്‍ അക്രമത്തില്‍ മാത്രം മുറുകെ പിടിക്കുന്നു. ഭീകരതയില്‍ മാത്രം- അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 24ലെ അധിനിവേശത്തെ തുടര്‍ന്നുള്ള ആദ്യ രണ്ടാഴ്ചകളില്‍ റഷ്യയുടെ സൈന്യം യുക്രെയ്‌നിന്റെ കിഴക്കും തെക്കും ഭാഗങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. പ്രത്യേകിച്ചും തന്ത്രപ്രധാനവും കനത്ത ഉപരോധമുള്ളതുമായ മരിയുപോള്‍ തുറമുഖം. അടുത്ത ദിവസങ്ങളില്‍ യൂറോപ്യന്‍ യൂനിയനും നാറ്റോ അംഗവുമായ പോളണ്ടുമായുള്ള അതിര്‍ത്തിയോട് ചേര്‍ന്ന് അവര്‍ ഡിനിപ്രോ നഗരത്തെയും ഇപ്പോള്‍ പടിഞ്ഞാറിനെയും ആക്രമിച്ച് മധ്യഭാഗത്തേക്ക് നീങ്ങി.

അതേസമയം, തന്ത്രപ്രധാനമായ തെക്കന്‍ തുറമുഖ നഗരമായ മരിയുപോളിലേക്ക് സഹായം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇവിടം മാനുഷിക ദുരന്തത്തെ അഭിമുഖീകരിക്കുകയാണെന്ന് ഏജന്‍സികള്‍ പറയുന്നു. രണ്ടാഴ്ചയോളം നീണ്ട ഉപരോധത്തില്‍ 1500ലധികം സാധാരണക്കാര്‍ മരിച്ചതായി യുക്രെയ്ന്‍ പറയുന്നു. ശനിയാഴ്ച യുക്രേനിയന്‍ നഗരങ്ങളില്‍ നിന്ന് 13,000 പേരെ ഒഴിപ്പിച്ചതായി ഉപപ്രധാനമന്ത്രി പറഞ്ഞു.

Tags: