മണിക്കൂറുകള്‍ക്കുള്ളില്‍ നടന്ന രണ്ട് അപകടങ്ങളിലായി കാന്‍പൂരില്‍ മരിച്ചത് 31 പേര്‍; 30 പേര്‍ക്ക് പരിക്ക്

Update: 2022-10-02 06:17 GMT

കാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ഇന്നലെ രാത്രിയുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ 31 പേര്‍ മരിക്കുകയും 30 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അന്‍പതോളം തീര്‍ഥാടകരുമായി പോവുകയായിരുന്ന ട്രാക്ടര്‍ ട്രോളി ഘതംപൂര്‍ പ്രദേശത്തിനടുത്തുള്ള കുളത്തിലേക്ക് മറിഞ്ഞാണ് ആദ്യ അപകടമുണ്ടായത്. കുറഞ്ഞത് 26 തീര്‍ത്ഥാടകര്‍ മരിച്ചു. അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 20 ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതര്‍ പറഞ്ഞു. ഉന്നാവോയിലെ ചന്ദ്രികാ ദേവി ക്ഷേത്രത്തില്‍ നിന്ന് മടങ്ങുന്നവരാണ് അപകടത്തില്‍ പെട്ടത്.

പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. അശ്രദ്ധയുടെ പേരില്‍ സാര്‍ പോലിസ് സ്‌റ്റേഷന്റെ സ്‌റ്റേഷന്‍ ഇന്‍ചാര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തു. അപകടസ്ഥലത്ത് പോലിസ് സേനയെ എത്തിക്കാന്‍ വൈകിയതിനാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി നഗരത്തിലുണ്ടായ രണ്ടാമത്തെ വാഹനാപകടത്തില്‍ അഹിര്‍വാന്‍ മേല്‍പ്പാലത്തിന് സമീപം അമിതവേഗതയില്‍ വന്ന ട്രക്ക് ലോഡര്‍ ടെമ്പോയില്‍ ഇടിച്ച് അഞ്ച് പേര്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലിസ് അറിയിച്ചു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ട്രക്ക് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും ജോയിന്റ് പോലിസ് കമ്മീഷണര്‍ ആനന്ദ് പ്രകാശ് തിവാരി പറഞ്ഞു.

26 തീര്‍ഥാടകരുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തുകയും അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം ധനസഹായം നല്‍കും.

മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചനം രേഖപ്പെടുത്തി. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മുതിര്‍ന്ന മന്ത്രിമാരായ രാകേഷ് സച്ചനെയും അജിത് പാലിനെയും സംഭവസ്ഥലത്തേക്ക് അയച്ചു.

കാര്‍ഷിക ജോലികള്‍ക്കും സാധനങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനുമല്ലാതെ ഗതാഗതത്തിന് ട്രാക്ടര്‍ ട്രോളി ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Tags: