17 പേരുടെ ജീവനെടുത്ത് ജാതിമതില്‍: കോയമ്പത്തൂരില്‍ 3000 ദലിതര്‍ ഇസ്‌ലാമിലേക്ക്

നാടുരില്‍ ജാതിമതില്‍ 17 ദലിതരുടെ ജീവനെടുത്തിട്ടും, മതില്‍ സ്ഥാപിച്ച ശിവസുബ്രഹ്മണ്യനെതിരെ ശക്തമായ നടപടിയെടുത്തിരുന്നില്ല.

Update: 2019-12-25 06:21 GMT

കോയമ്പത്തൂര്‍: നാടുരില്‍ ജാതിമതില്‍ 17 ദലിതരുടെ ജീവനെടുത്തിട്ടും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോയമ്പത്തൂരില്‍ മൂവായിരത്തോളം ദലിതര്‍ ഇസ് ലാം മതം സ്വീകരിക്കാന്‍ ഒരുങ്ങുന്നു. കോയമ്പത്തൂരിലെ നാടുര്‍ നിവാസികളും തമിഴ് പുലിഗല്‍ പ്രവര്‍ത്തകരുമാണ് ഇസ്‌ലാം മതം സ്വീകരിക്കാനൊരുങ്ങുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി അഞ്ചിനാണ് ഇവര്‍ ഔദ്യോഗികമായി മതംമാറുക. തമിഴ് പുലിഗല്‍ മേട്ടുപ്പാളയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

ആദ്യ ഘട്ടമെന്ന നിലയില്‍ ജനുവരി അഞ്ചിന് മേട്ടുപ്പാളയത്ത് 100 പേര്‍ ഇസ്‌ലാം മതം സ്വീകരിക്കും. ഘട്ടംഘട്ടമായി മാറ്റുള്ളവരും മതംമാറുമെന്ന് തമിഴ് പുലിഗല്‍ജനറല്‍ സെക്രട്ടറി ഇളവേനില്‍ അറിയിച്ചു.

നാടുരില്‍ ജാതിമതില്‍ 17 ദലിതരുടെ ജീവനെടുത്തിട്ടും, മതില്‍ സ്ഥാപിച്ച ശിവസുബ്രഹ്മണ്യനെതിരെ നടപടിയെടുത്തിരുന്നില്ല. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നും എസ്‌സി, എസ്ടി വകുപ്പുകള്‍ ചുമത്തി കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് തമിഴ് പുലിഗള്‍ സമര രംഗത്തുണ്ട്.

ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്‌നാട് സര്‍ക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് പുലിഗല്‍ ജനറല്‍ സെക്രട്ടറി ഇളവേനില്‍ പറഞ്ഞു. മാത്രമല്ല ദുരന്തത്തിന് കാരണക്കാരനായ ശിവസുബ്രഹ്മണ്യന് അറസ്റ്റിലായി 20 ദിവസത്തിനുള്ളില്‍ ജാമ്യം ലഭിച്ചു. എന്നാല്‍ ഈ സംഭവത്തില്‍ നീതി തേടി ജനാധിപത്യപരമായി പ്രതിഷേധിച്ചവര്‍ക്കെതിരെ പോലിസ് അതിക്രമം ഉണ്ടായി. സമരം നയിച്ച തിരുവള്ളുവനെ കോയമ്പത്തൂര്‍ ജയിലിലടച്ചു. തിരുവള്ളുവന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ഹിന്ദു മതത്തിലെ ജാതിവിവേചനത്തിന്റെ സൂചനയാണ് ഇതെന്ന് ഇളവേനില്‍ വിമര്‍ശിച്ചു.

ഡിസംബര്‍ 2നാണ് മേട്ടുപ്പാളയത്ത് കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് 17 പേര്‍ മരിച്ചത്. പുലര്‍ച്ചെ എടി കോളനിയിലെ ദലിതരുടെ വീടുകള്‍ക്ക് മുകളില്‍ 20 അടി ഉയരവും 2 അടി വീതിയും 80 അടി നീളവുമുള്ള കല്ല് മതില്‍ തകര്‍ന്ന് വീഴുകയായിരുന്നു.

11 സ്ത്രീകളും 3 കുട്ടികളും ഉള്‍പ്പെട്ട പതിനേഴ് പേര്‍ കൊല്ലപ്പെട്ടു. സവര്‍ണ വിഭാഗത്തില്‍പ്പെട്ട് പ്രാദേശിക ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ഉടമയാണ് മതില്‍ പണിതതെന്ന് റിപ്പോര്‍ട്ട്. തന്റെ ഭൂമിയില്‍ നിന്ന് ദലിത് കോളനിയെ ഒറ്റപ്പെടുത്തുന്നതിനാണ് മതില്‍ നിര്‍മ്മിച്ചതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. പ്രത്യക്ഷത്തില്‍ തന്നെ ജാതിവിവേചനമുണ്ടായിട്ടും എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയുന്ന വകുപ്പുകള്‍ ചുമത്തിയില്ലെന്നാണ് പരാതി.

Tags:    

Similar News