'ഇന്ത്യൻ താൽപ്പര്യങ്ങൾ' നിറവേറ്റുന്ന 265 വ്യാജ വാർത്താ വെബ്‌സൈറ്റുകൾ ബ്രസ്സൽസ് ആസ്ഥാനമായുള്ള എൻ‌ജി‌ഒ കണ്ടെത്തി

ന്യൂയോർക്ക് മോർണിംഗ് ടെലിഗ്രാഫ്, ഡബ്ലിൻ ഗസറ്റ്, ടൈംസ് ഓഫ് പോർച്ചുഗൽ തുടങ്ങിയ സൈറ്റുകൾ ഇന്ത്യൻ സർക്കാർ താൽപ്പര്യങ്ങൾ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകളിൽ ചിലതാണ്.

Update: 2019-11-15 05:57 GMT

ന്യൂഡൽഹി: ഇന്ത്യൻ താൽപര്യങ്ങൾ പ്രചരിപ്പിക്കുന്ന 265 വ്യാജ പ്രാദേശിക വാർത്താ വെബ്‌സൈറ്റുകൾ കണ്ടെത്തി. ലോകത്തെ 65 ലധികം രാജ്യങ്ങളിലായാണ് ഇവ പ്രവർത്തിക്കുന്നതെന്ന് ബ്രസ്സൽസ് ആസ്ഥാനമായുള്ള എൻ‌ജി‌ഒയുടെ റിപോർട്ടിൽ വ്യക്തമാക്കുന്നു. ഇയു ഡിസിൻഫോ ലാബാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവിട്ടിരിക്കുന്നത്.

യൂറോപ്യൻ യൂനിയനെ ലക്ഷ്യം വച്ചുള്ള വ്യാജ പ്രചാരണങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന എൻജിഒയാണ് ഇയു ഡിസിൻഫോ ലാബ്. ന്യൂയോർക്ക് മോർണിംഗ് ടെലിഗ്രാഫ്, ഡബ്ലിൻ ഗസറ്റ്, ടൈംസ് ഓഫ് പോർച്ചുഗൽ തുടങ്ങിയ സൈറ്റുകൾ ഇന്ത്യൻ സർക്കാർ താൽപ്പര്യങ്ങൾ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകളിൽ ചിലതാണ്. പാകിസ്താനെ ആവർത്തിച്ച് വിമർശിച്ച് യൂറോപ്യൻ യൂനിയനെയും ഐക്യരാഷ്ട്രസഭയെയും സ്വാധീനിക്കാൻ രൂപകൽപ്പന ചെയ്ത ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം റിപോർട്ട് വിശദീകരിക്കുന്നു.

ഒക്ടോബറിൽ യൂറോപ്യൻ യൂനിയൻ പാർലമെന്റിലെ 27 അംഗങ്ങളുടെ കശ്മീർ സന്ദർശനത്തെ തുടർന്നുള്ള റിപോർട്ട് ഇപി ടുഡേ എന്ന വെബ്‌സൈറ്റിൽ പ്രതിപാദിച്ചിട്ടുണ്ട്. യൂറോപ്യൻ യൂനിയൻ പാർലിമെന്റിൻറെ മാഗസിൻ എന്ന് സ്വയംപ്രഖ്യാപിച്ചിട്ടുള്ള വെബ്സൈറ്റ് ആണ് ഇത്. ഇന്ത്യാ താല്പര്യ വാർത്തകളും പാകിസ്താനിലെ ന്യൂനപക്ഷ സമുദായങ്ങളുമായി ബന്ധപ്പെട്ട റിപോർട്ടുകളുമാണ് ഈ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതിൽ ഏറെയും .

ഇപി ടുഡേ കൈകാര്യം ചെയ്യുന്നത് ഇന്ത്യൻ ഓഹരി ഉടമകളാണെന്ന് ഇയു ഡിസിൻ‌ഫോ ലാബ് കണ്ടെത്തി. ശ്രീവാസ്തവ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള കമ്പനികൾക്കും നിരവധി എൻജിഒകൾക്കും ബന്ധമുണ്ട്. ശ്രീവാസ്തവ ഗ്രൂപ്പിൻറെ ഐപി അഡ്രസ്സും ഓൺ‌ലൈൻ മീഡിയയായ ന്യൂഡൽഹി ടൈംസ്, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നോൺ-അലൈൻഡ് സ്റ്റഡീസ് (ഐ‌എൻ‌എസ്) എന്നിവയെല്ലാം ന്യൂഡൽഹിയിലെ ഒരേ വിലാസത്തിലാണ് പ്രവർത്തിക്കുന്നത്. യൂറോപ്യൻ പാർലമെന്റ് അംഗങ്ങളെ കശ്മീർ സന്ദർശിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനും ക്ഷണിച്ച എൻ‌ജി‌ഒയായിരുന്നു ഐ‌എൻ‌എസ്.  

Similar News