ഹിമാചലില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 യാത്രക്കാര്‍ മരിച്ചു

അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച കുല്ലുവിലെ ബഞ്ചാറിലാണ് അപകടം നടന്നത്. ബഞ്ചാറില്‍നിന്ന് ഗാഡാഗുഷാനി മേഖലയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

Update: 2019-06-20 14:44 GMT

ചണ്ഡിഗഡ്: ഹിമാചല്‍പ്രദേശിലെ കുല്ലു ജില്ലയില്‍ സ്വകാര്യബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 യാത്രക്കാര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച കുല്ലുവിലെ ബഞ്ചാറിലാണ് അപകടം നടന്നത്. ബഞ്ചാറില്‍നിന്ന് ഗാഡാഗുഷാനി മേഖലയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 500 അടി താഴ്ചയിലേക്കാണ് ബസ് പതിച്ചത്. ബസ്സില്‍ അമ്പതോളം യാത്രക്കാരാണുണ്ടായിരുന്നത്. 15 പേരുടെ മൃതദേഹം ഇതുവരെ പുറത്തെടുക്കാനായിട്ടുണ്ട്.

ബസ്സിനുള്ളില്‍ കയറാന്‍ ഇടമില്ലാത്തതിനെ തുടര്‍ന്ന് നിരവധി പേര്‍ മുകളില്‍ കയറിയാണ് യാത്രചെയ്തിരുന്നത്. ഇതാണ് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിക്കാനിടയാക്കിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ കുല്ലു സിവില്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് കുളു എസ്പി ശാലിനി അഗ്‌നിഹോത്രി അറിയിച്ചു. പോലിസിന്റെയും നാട്ടുകാരുടെയും സഹായത്താലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പോലിസ് സൂചിപ്പിക്കുന്നത്.

Tags:    

Similar News