കശ്മീരില്‍ സ്ഥിതി അത്ര ശാന്തമല്ല; പ്രതിഷേധപ്പെരുമഴ, 2300 പേര്‍ തടവില്‍

നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും കടുത്ത പ്രതിഷേധ സമരങ്ങളാണ് താഴ് വരയില്‍ ഉയരുന്നതെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Update: 2019-08-21 16:59 GMT

ശ്രീനഗര്‍: കശ്മീരിനുള്ള സവിശേഷ പദവി റദ്ദാക്കിയതിനു പിന്നാലെ സംസ്ഥാനത്ത് പ്രതിഷേധങ്ങളുടെ പെരുമഴയെന്ന് വിദേശ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നു. നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും കടുത്ത പ്രതിഷേധ സമരങ്ങളാണ് താഴ് വരയില്‍ ഉയരുന്നതെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങളില്‍ വരുത്തിയ നിയന്ത്രണം കഴിഞ്ഞ ദിവസങ്ങളില്‍ ഒരു പരിധി വരെ അയവ് വരുത്തിയിട്ടുണ്ടെങ്കിലും കാശ്മീര്‍ ഇപ്പോഴും അശാന്തമാണെന്നാണ് അസോസിയേറ്റഡ് പ്രസ്സിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നത്.

ഇതുവരെ രാഷ്ട്രീയ കക്ഷി നേതാക്കളും യുവാക്കളും ഉള്‍പ്പെടെ 2300 പേര്‍ തടവറയിലാണെന്നും റിപോര്‍ട്ടിലുണ്ട്.ജയിലുകളിലും താത്കാലിക ജയിലുകളിലുമാണ് ഇവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ കാശ്മീരില്‍ കാര്യമായ പ്രതിഷേധങ്ങള്‍ ഒന്നും നടന്നില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദമെങ്കിലും ആഗസ്റ്റ് അഞ്ച് മുതല്‍ ഇതുവരെ 300 ഓളം പ്രതിഷേധങ്ങളും ഏറ്റുമുട്ടലുകള്‍ നടന്നതയാണ് ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ്് റിപോര്‍ട്ട് ചെയ്യുന്നത്.

നിരവധി പ്രക്ഷോഭങ്ങള്‍ക്ക് ശ്രീനഗര്‍ സാക്ഷ്യംവഹിച്ചതായും ഇവിടെ കൂട്ട അറസ്റ്റ് നടന്നതായും പോലിസ് വ്യക്തമാക്കി. പൊതുരക്ഷാ നിയമത്തിന്‍ കീഴില്‍ 100 പേരെയാണ് ഇതുവരെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തത്. പൊതുരക്ഷാ നിയമപ്രകാരം വിചാരണയില്ലാതെ 2 വര്‍ഷത്തോളം പ്രതികളെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ പോലിസിന് സാധിക്കും. പ്രതിഷേധങ്ങള്‍ക്കിടെ പ്രദേശവാസികളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കുറഞ്ഞത് 70 ഓളം പ്രദേശവാസികള്‍ക്കും 20 ഓളം പോലിസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ശ്രീനഗറിലെ മൂന്ന് ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ ശ്രീനഗറില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത 22 ഓളം പുരുഷന്‍മാരേയും യുവാക്കളേയും വിട്ടയക്കാന്‍ ആവശ്യപ്പെട്ട് ചൊവ്വാഴ്ച സോറയില്‍ പോലിസ് സ്‌റ്റേഷന് മുന്‍പില്‍ പ്രദേശവാസികള്‍ കുത്തിയിരിപ്പ് സമരം നടത്തി. 50 ഓളം വരുന്ന സ്ത്രീകളും പുരുഷന്‍മാരും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ മോചനത്തിനായി സമരം നടത്തിയത്.

അതിനിടെ സായുധ സേന രാത്രി സമയങ്ങളില്‍ വീടുകളില്‍ കയറി അതിക്രമം കാട്ടുകയാണെന്ന ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവും കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവുമായ ഷെഹ്ല റാഷിദിന്റെ വാദങ്ങള്‍ ആവര്‍ത്തിച്ച് പ്രദേശവാസികളും രംഗത്തെത്തി. ഇത്തരത്തില്‍ നിരവധി പേരാണ് സൈനിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ആരോപണവുമായി മുന്നോട്ട് വരുന്നത്.

Tags: