യുഎപിഎ: നാലുവര്‍ഷത്തിനിടെ ശിക്ഷിക്കപ്പെട്ടത് 2.2 ശതമാനം കേസുകളില്‍ മാത്രം

Update: 2021-02-11 08:54 GMT

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം യുഎപിഎ ഉള്‍പ്പെടെയുള്ള രാജ്യദ്രോഹക്കേസുകള്‍ ചുമത്ത് വ്യാപകമാണെങ്കിലും ശിക്ഷിക്കപ്പെടുന്നത് വിരലിലെണ്ണാവുന്ന കേസുകളില്‍ മാത്രമെന്ന് രേഖകള്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ അവതരിപ്പിച്ച കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്. ഇതുപ്രകാരം 2016-2019 കാലയളവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 2.2 ശതമാനം മാത്രമാണ് കോടതി ശിക്ഷിച്ചതെന്ന് നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ(എന്‍സിആര്‍ബി) സമാഹരിച്ച 2019ലെ ക്രൈം ഇന്‍ ഇന്ത്യ റിപോര്‍ട്ടില്‍ പറയുന്നു. 2019 ല്‍ മാത്രം യുഎപിഎ പ്രകാരം അറസ്റ്റിലായവരുടെ എണ്ണം 1,948 ആണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി രാജ്യസഭയെ അറിയിച്ചു.

    രാജ്യത്ത് യുഎപിഎ പ്രകാരം 2016 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ അറസ്റ്റ് ചെയ്തത് 5,922 പേരെയാണെന്നും കണക്കുകള്‍ പറയുന്നു. എന്നാല്‍ മതം, വംശം, ജാതിയുടെ അടിസ്ഥാനത്തില്‍ എന്‍സിആര്‍ബി രേഖകള്‍ സൂക്ഷിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. മറ്റൊരു മറുപടിയില്‍, ഐപിസി സെക്ഷന്‍ 194(എ) പ്രകാരം 2019 ല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി 96 പേരെ അറസ്റ്റ് ചെയ്‌തെങ്കിലും വെറും രണ്ടുപേര്‍ മാത്രമാണ് ശിക്ഷിപ്പക്കെട്ടത്. 29 പേരെ കുറ്റവിമുക്തരാക്കി. 93 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 40 കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സാമൂഹിക പ്രവര്‍ത്തകര്‍ക്കും ഭരണകൂട വിമര്‍ശകര്‍ക്കുമെതിരേ അന്യായമായി യുഎപിഎ ചുമത്തുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കോടതി ശിക്ഷിക്കപ്പെടുന്നത് തുച്ഛമായ കേസുകളില്‍ മാത്രമാണെന്ന വിവരം കേന്ദ്രസര്‍ക്കാര്‍ തന്നെ പുറത്തുവിട്ടത്.

Tags: