പോഷകാഹാരക്കുറവ്: ഗുജറാത്തില്‍ ഒരു മാസത്തിനിടെ മരണപ്പെട്ടത് 219 കുട്ടികള്‍

അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ 85 ഉം രാജകോട്ട് സിവില്‍ ആശുപത്രിയില്‍ 111 ഉം കുഞ്ഞുങ്ങള്‍ മരിച്ചുവെന്നാണ് റിപോർട്ട്. മറ്റു ആശുപത്രികളിലും സമാനമായ ശിശുമരണങ്ങള്‍ റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Update: 2020-01-05 10:15 GMT

അഹമ്മദാബാദ്: പോഷകാഹാരക്കുറവിനെ തുടര്‍ന്ന് ഗുജറാത്തില്‍ കൂട്ട ശിശുമരണം. രണ്ട്  ആശുപത്രികളിലായി 219 നവജാത ശിശുക്കളാണ് ഇതിനോടകം മരിച്ചത്. ഗുജറാത്തിലെ രാജ്‌കോട്ടിലെയും അഹമ്മദാബാദിലെയും സർക്കാർ  ആശുപത്രികളിലുമുള്ള കണക്കുകളാണ് പുറത്ത് വന്നത്.

അതേസമയം ഗുജറാത്തിലെ രാജ്‌കോട്ടിലും അഹമ്മദാബാദിലുമായി നടന്ന കൂട്ട ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ വിസമ്മതിച്ച മുഖ്യമന്ത്രി വിജയ് രൂപാനി. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പോഷകാഹാരക്കുറവ്, ജന്മനാലുള്ള അസുഖങ്ങള്‍, മാസം തികയാതെയുള്ള പ്രസവം, മാതാവിന്റെ പോഷകാഹാരക്കുറവ് എന്നിവയാണ് കുട്ടികളുടെ മരണത്തിന് കാരണമെന്നാണ് റിപോർട്ട് വ്യക്തമാക്കുന്നത്.

അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ 85 ഉം രാജകോട്ട് സിവില്‍ ആശുപത്രിയില്‍ 111 ഉം കുഞ്ഞുങ്ങള്‍ മരിച്ചുവെന്നാണ് റിപോർട്ട്. മറ്റു ആശുപത്രികളിലും സമാനമായ ശിശുമരണങ്ങള്‍ റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാര വിതരണം, ഒപ്പം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ നടത്തിപ്പ് പൂര്‍ണ പരാജയമാണെന്ന റിപോർട്ടുകള്‍ പുറത്തു വന്നിരുന്നു. അത് സ്ഥിരീകരിക്കുന്ന കണക്കുകളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

എന്നാല്‍ ഇത് സംബന്ധിച്ച് ഒരു തരത്തിലുള്ള പ്രതികരണവും നൽകാൻ ബിജെപി സര്‍ക്കാര്‍ തയാറായിട്ടില്ല. കോട്ടയിലെ ശിശുമരണങ്ങള്‍ കോണ്‍ഗ്രസിനെതിരേ രാഷ്ട്രീയ ആയുധമാക്കുന്ന സാഹചര്യത്തിലാണ് ബിജെപി തന്നെ ഭരിക്കുന്ന ഗുജറാത്തില്‍ നിന്നും പുതിയ കണക്കുകള്‍ പുറത്തുവരുന്നത്. അതുകൊണ്ടു തന്നെ ഇത് വിവാദമാകാതിരിക്കാന്‍ വിഷയം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിക്കാതിരിക്കാന്‍ നോക്കുകയാണ് ബിജെപി. അതേസമയം ശിശുമരണത്തിന് കാരണമായ സര്‍ക്കാര്‍ ആശുപത്രികളിലെ മെഡിക്കല്‍ സ്റ്റാഫുകളുടെ കുറവും സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ സേവനങ്ങളുടെ തകര്‍ച്ചയും പൂര്‍ണ്ണമായ കാരണങ്ങളില്‍ ഉള്‍പ്പെടുന്നു. 

Similar News